ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
യു കെ :- വർദ്ധിച്ചു വരുന്ന എനർജി ബില്ലുകളിൽ ജനങ്ങൾക്ക് ആശ്വാസമായി പുതിയ ഗവൺമെന്റ് തീരുമാനം. ഇംഗ്ലണ്ട്, വെയിൽസ്, സ്കോട്ട്ലൻഡ് എന്നിവിടങ്ങളിൽ എല്ലാ കുടുംബങ്ങൾക്കും എനർജി ബില്ലുകളിൽ 400 പൗണ്ട് ഡിസ്‌കൗണ്ട് നൽകുവാൻ തീരുമാനമായിരിക്കുകയാണ്. എനർജി ബിൽ സപ്പോർട്ട് സ്കീമിന്റെ ഭാഗമായി ലഭിക്കുന്ന ഈ തുക ആറ് ഇൻസ്റ്റാൾമെന്റുകളായാണ് കുടുംബങ്ങൾക്ക് ലഭിക്കുക. ഒക്ടോബർ, നവംബർ മാസങ്ങളിൽ 66 പൗണ്ട് വീതം ഡിസ്കൗണ്ടും, ഡിസംബർ മുതൽ മാർച്ച് വരെയുള്ള മാസങ്ങളിൽ 67 പൗണ്ട് വീതം ഡിസ്കൗണ്ടും ജനങ്ങൾക്ക് ലഭിക്കും. ഡൊമസ്റ്റിക് ഇലക്ട്രിസിറ്റി മീറ്റർ പോയിന്റുള്ള, മാസം തോറുമോ, മൂന്നുമാസങ്ങൾ തോറുമോ ബില്ലുകൾ പണമായോ, കാർഡുകൾ ഉപയോഗിച്ചോ അടയ്ക്കുന്ന എല്ലാവർക്കും ബില്ലുകളിൽ ഓട്ടോമാറ്റിക് റിഡക്ഷൻ ലഭിക്കും.
സ്മാർട്ട് പ്രിപേയ്‌മെന്റ് ഡിവൈസുകൾ ഉള്ളവർക്ക് ഓരോ മാസവും തങ്ങളുടെ അക്കൗണ്ടുകളിലേക്ക് ഈ തുക ലഭിക്കും. എന്നാൽ നോൺ സ്മാർട്ട് പ്രീ പെയ്മെന്റ് ഡിവൈസുകൾ ഉള്ളവർക്ക് ഈ തുക നേരിട്ട് ലഭിക്കില്ല. പകരം ഓരോ മാസവും ഡിസ്കൗണ്ട് വൗച്ചറുകളായി ഇമെയിലിലോ, പോസ്റ്റിലോ ലഭിക്കും. ഈ വൗച്ചറുകൾ ലോക്കൽ പോസ്റ്റ് ഓഫീസികളിലൂടെയും മറ്റും ജനങ്ങൾക്ക് ലഭിക്കും. ആഗോള വിലകൾ നിയന്ത്രിക്കുവാൻ ഗവൺമെന്റിന് സാധിക്കില്ലെങ്കിലും, ഇപ്പോൾ നൽകുന്ന 400 പൗണ്ട് കുടുംബങ്ങൾക്ക് ആശ്വാസം നൽകുന്നതാണെന്ന് ബിസിനസ് സെക്രട്ടറി ക്വാസി ക്വാർടെങ് അറിയിച്ചു. ഈ സ്കീം നോർത്തേൺ അയർലണ്ടിലെ കുടുംബങ്ങൾക്കും ലഭ്യമാക്കുവാൻ ചർച്ചകൾ നടക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി.
Leave a Reply