ശബരിമലയിലെ തിരക്ക് മുന്നാരുക്കങ്ങളുടെ അപര്യാപ്ത മൂലമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ. തിരക്ക് നിയന്ത്രിക്കുമെന്നും നിലവിലെ സ്ഥിതി ഭയാനകമാണെന്നും അദ്ദേഹം പറഞ്ഞു. പമ്പയിലേക്കുള്ള അയ്യപ്പ ഭക്തരുടെ വരവ് നിയന്ത്രിക്കാൻ പൊലീസ് ചീഫ് ഓഫീസർക്ക് കത്ത് നൽകിയിട്ടുണ്ട്. സ്പോട് ബുക്കിങ്ങിന് പമ്പയിലേത് കൂടാതെ നിലയ്ക്കലിൽ ഏഴ് കൗണ്ടറുകൾ കൂടി സ്ഥാപിക്കും. മരക്കൂട്ടത്തെയും ശരംകുത്തിയിലെയും ക്യൂ കോംപ്ലക്സുകൾ ഫലപ്രദമായി ഉപയോഗിക്കാൻ ശ്രമിക്കുമെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് വ്യക്തമാക്കി. അതേസമയം, ശബരിമലയിൽ ദർശന സമയം നീട്ടിയതായി അറിയിച്ചു. ഇന്ന് 2വരെ ദർശനം അനുവദിക്കുന്നതായിരിക്കും. സന്നിധാനത്ത് വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. പൊലീസിന്റെ നിയന്ത്രണം പാളിയതോടെ പതിനെട്ടാം പടിക്ക് മുൻപിൽ സ്ഥാപിച്ചിരിക്കുന്ന ബാരിക്കേഡും തീർത്ഥാടകർ മറികടന്നിരിക്കുന്ന സ്ഥിതി​ഗതിയിലേക്ക് എത്തിയിരിക്കുകയാണ്.

അതേസമയം, സന്നിധാനത്ത് ദർശനം ലഭിക്കാതെ തീർത്ഥാടകർ മടങ്ങിപ്പോകുന്നുണ്ട്. ഈ തീർത്ഥാടകർ പന്തളം വലിയകോയിക്കൽ ക്ഷേത്രത്തിൽ എത്തി നെയ്യഭിഷേകം നടത്തുകയും മാല ഊരി നാട്ടിലേക്ക് തിരിച്ചു പോകുകയും ചെയ്തു. ബെം​ഗളൂരു, സേലം എന്നിവിടങ്ങളിൽ നിന്നുള്ള ഭക്തരാണ് മണിക്കൂറുകളോളം പമ്പയിൽ ക്യൂ നിന്നിട്ട് മടങ്ങിയത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സന്നിധാനത്തേക്കുള്ള കെഎസ്ആർടിസി ബസുകളിൽ കയറാൻ കഴിയാതെ തീർത്ഥാടകർ തിക്കും തിരക്കും കൂട്ടുന്ന സ്ഥിതിയാണ്. മുൻ വർഷങ്ങളിൽ നിലവിലുണ്ടായിരുന്ന, ബാരിക്കേഡ് വെച്ചുള്ള നിയന്ത്രണ സംവിധാനം ഇത്തവണ നിലയ്ക്കലിൽ ഏർപ്പെടുത്തിയിട്ടില്ല. അതാണ് തീർത്ഥാടകരുടെ തിക്കിനും തിരക്കിനും പ്രധാന കാരണം. സുരക്ഷാ ക്രമീകരണങ്ങൾക്കായി നിയോഗിച്ചിട്ടുള്ള പോലീസുകാരുടെ എണ്ണത്തിലും കാര്യമായ കുറവുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്. സന്നിധാനത്തും പമ്പയിലും തിരക്ക് നിയന്ത്രിക്കാൻ സാധാരണയായി ഉണ്ടാകാറുള്ള എൻഡിആർഎഫ്, ആർഎഎഫ് തുടങ്ങിയ കേന്ദ്ര സേനകളുടെ അഭാവമാണ് സ്ഥിതി കൂടുതൽ വഷളാക്കുന്നത്.