ഭാര്യ ഗതാഗതക്കുരുക്കില്‍ അകപ്പെട്ടതിന് ട്രാഫിക് ചുമതലയുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ ശാസന. ട്രാഫിക്കിലെ രണ്ട് അസിസ്റ്റന്റ് കമ്മിഷണര്‍മാര്‍ ഉള്‍പ്പെടെ നാല് ഉദ്യോഗസ്ഥരെ പൊലീസ് ആസ്ഥാനത്തേക്കു വിളിച്ചു വരുത്തിയ ഡിജിപി, രാത്രി വൈകുംവരെ എല്ലാവരെയും ഓഫിസിനു മുന്നില്‍ നിര്‍ത്തി ശിക്ഷിച്ചു. ഓഫിസില്‍നിന്നു ഡിജിപി പോയതിനുശേഷവും ഇവര്‍ക്കു തിരികെ പോകാന്‍ അനുമതി ലഭിച്ചില്ല. ഒടുവില്‍ അസോസിയേഷന്‍ നേതാക്കള്‍ ഇടപെട്ടാണ് ഉദ്യോഗസ്ഥരെ രക്ഷിച്ചത്.

കഴക്കൂട്ടം- കാരോട് ബൈപ്പാസ് നിര്‍മാണം നടക്കുന്നതിനാല്‍ ചാക്ക ഭാഗത്ത് ഗതാഗതക്കുരുക്ക് രൂക്ഷമാണ്. ഇവിടെയാണ് ഡിജിപിയുടെ ഭാര്യ ഗതാഗത കുരുക്കില്‍പ്പെട്ടതെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു. ഗവര്‍ണര്‍ക്കു വിമാനത്താവളത്തിലേക്കു പോകാനായി ഇവിടെ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ഗവര്‍ണറുടെ വാഹനം കടന്നു പോകാനായി വാഹനങ്ങള്‍ തടഞ്ഞിട്ടതിനിടയിലാണു ഡിജിപിയുടെ ഭാര്യയുടെ വാഹനവും കുടുങ്ങിയതെന്നാണ് പൊലീസില്‍നിന്ന് ലഭിക്കുന്ന വിവരം.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഇതിനു പിന്നാലെ രണ്ട് ട്രാഫിക് അസി. കമ്മിഷണര്‍മാരെയും രണ്ട് സിഐമാരെയും ഡിജിപി പൊലീസ് ആസ്ഥാനത്തേക്ക് അടിയന്തരമായി വിളിപ്പിച്ചു. കാര്യമെന്തെന്നറിയാതെ എത്തിയ നാലുപേരെയും ശാസിച്ച ഡിജിപി ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ കഴിയില്ലെങ്കില്‍ ജോലിയില്‍ തുടരേണ്ടതില്ലെന്നും വ്യക്തമാക്കി. പിന്നീട് നാലുപേരെയും മുറിക്ക് പുറത്തുനിര്‍ത്തി. ഓഫിസില്‍നിന്ന് ഡിജിപി മടങ്ങിയിട്ടും ഇവരെ പോകാന്‍ അനുവദിച്ചില്ല.

രാത്രിവൈകി, അസോസിയേഷന്‍ നേതാക്കള്‍ ഇടപെട്ടശേഷമാണ് ഇവരെ പോകാന്‍ അനുവദിച്ചത്. സംഭവത്തെക്കുറിച്ച് പ്രതികരിക്കാന്‍ ട്രാഫിക് വിഭാഗത്തിലെ ഉദ്യോഗസ്ഥര്‍ തയാറായില്ല. ഗതാഗതം നിയന്ത്രിക്കുന്നതില്‍ വീഴ്ച വരുത്തിയതിനാണു ഡിജിപി ഉദ്യോഗസ്ഥരെ ശാസിച്ചതെന്നാണ് പൊലീസ് ആസ്ഥാനത്തുനിന്നു ലഭിച്ച മറുപടി.