അകാലത്തിൽ വിടവാങ്ങിയ ബോളിവുഡ് താരം സുശാന്ത് സിങ് രാജ്പുത്തിന് ഗാനാഞ്ജലിയുമായി ഏ.ആർ.റഹ്മാനും ബോളിവുഡ് ഗായകരും. സുശാന്തിന്റെ അവസാന ചിത്രമായ ദിൽ ബേച്ചരായുടെ ട്രാക്കാണ് ആദര സൂചകമായി പാടിയിരിക്കുന്നത്. അവരവരുടെ വീടുകളിലിരുന്ന് ചിത്രീകരിച്ച വിഡിയോയുടെ സമന്വയമാണ് ടീം പങ്കുവച്ചത്. ചിത്രത്തിലെ ഗാനങ്ങളൊരുക്കിയത് റഹ്മാൻ ആയിരുന്നു. റഹീമയ്ക്കും മകൻ അമീനും ഹിരാലിനും ഒപ്പമായിരുന്നു ടൈറ്റിൽ ട്രാക്ക് റഹ്മാൻ അവതരിപ്പിച്ചത്.

ദിൽ ബേച്ചരായുടെ സംഗീതം ഞങ്ങൾക്കേറെ പ്രിയപ്പെട്ടതായി നിൽക്കും. ചിത്രത്തിനായി തയ്യാറാക്കിയ ഒൻപതു ട്രാക്കുകൾക്കും ഇന്ന് പുതിയൊരു അർഥമുണ്ട്. സംവിധായകൻ മുകേഷ് ഛബ്രയ്ക്കും എല്ലാവർക്കും ആശംസകൾ. ഈ ദുർഘട സമയത്തെ അതിജീവിക്കാൻ നമുക്കെല്ലാം കരുത്തുണ്ടാവട്ടെയെന്നും സുശാന്തിന്റെ ഓർമ്മയ്ക്ക് മുന്നിൽ ഗാനങ്ങൾ സമർപ്പിക്കുന്നുവെന്നും വിഡിയോയുടെ തുടക്കത്തിൽ റഹ്മാൻ പറയുന്നു.

WhatsApp Image 2024-12-09 at 10.15.48 PM

സുനീതി ചൗഹാൻ, ഹൃദയ് ഗട്ടാനി, മോഹിത് ചൗഹാൻ, ശ്രേയ ഘോഷാൽ, അർജീത് സിങ്, സാഷ ത്രിപാഠി,ജോണിത ഗാന്ധി തുടങ്ങിയവർ ഗാനാർച്ചയിൽ പങ്കുചേർന്നിട്ടുണ്ട്. ഹോട്ട്സ്റ്റാറിൽ ജൂലൈ 24 നാണ് ചിത്രം റിലീസ് ചെയ്യുക.