കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ റിമാനന്റില്‍ കഴിയുന്ന ദിലീപിന്റെ സാമ്പത്തിക ഇടപാടുകളും പോലീസ് അന്വേഷിക്കും. ദിലീപ് നിര്‍മിച്ച സിനിമകള്‍, റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍, തിയേറ്ററുകള്‍, മറ്റ് ബിസിനസ് ബന്ധങ്ങള്‍ തുടങ്ങിയവയുടെ സാമ്പത്തിക സ്രോതസ് സംബന്ധിച്ച് എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷണം നടത്തിയേക്കും. അന്വേഷണത്തിന്റെ ഭാഗമായി ദിലീപിന്റെ ബാങ്ക് അക്കൗണ്ടുകളും മരവിപ്പിക്കും.
നടിയെ ആക്രമിച്ച കേസിന്റെ ഗൂഢാലോചന സംബന്ധിച്ച് ചോദ്യം ചെയ്യുന്ന വേളയില്‍ ദിലീപിന്റെ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ചും നിര്‍ണായക വിവരങ്ങള്‍ ലഭിച്ചിരുന്നു.
ദുബായ് കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന കള്ളപ്പണ റാക്കറ്റുമായി ദിലീപിന് ബന്ധമുണ്ടായിരുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. ദിലീപിന്റെ നേതൃത്വത്തില്‍ നടന്ന വിദേശ സ്റ്റേജ് ഷോകള്‍, റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ തുടങ്ങിയവയിലും അന്വേഷണം ഉണ്ടായേക്കും. എന്നാല്‍ ഗൂഢാലോചന കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കിയശേഷമായിരിക്കും സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം ദിലീപിനെ ചോദ്യം ചെയ്യുക.
നടിയുമായി ദിലീപിന് റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ ഉണ്ടെന്നും ഇതിന്റെ പേരിലാണ് അക്രമണം ഉണ്ടായതെന്നും നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. വ്യക്തിവിരോധം തീര്‍ക്കാനാണ് ക്വട്ടേഷന്‍ നല്‍കിയതെന്ന ദിലീപിന്റെ മൊഴിയും പോലീസ് പൂര്‍ണമായി വിശ്വസിക്കുന്നില്ല. അതിനാല്‍ തന്നെ സാമ്പത്തിക ഇടപാട് സംബന്ധിച്ച് കൂടുതല്‍ അന്വേഷണങ്ങള്‍ ഉണ്ടായേക്കും.
നേരത്തെ രണ്ടുവര്‍ഷം മുമ്പ് ആദായ നികുതി ഇന്റലിജന്‍സ് വിഭാഗം മലയാള സിനിമ രംഗത്തെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ സംബന്ധിച്ച് പഠിച്ച് റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ചിരുന്നു. ഇതിന്റെ ഭാഗമായി ദിലീപ് അടക്കമുള്ള നടന്മാരുടെ സ്വത്തുവിവരങ്ങള്‍ സംബന്ധിച്ച് അന്വേഷണം നടന്നെങ്കിലും ഇത് എങ്ങും എത്തിയിരുന്നില്ല.
Leave a Reply