കൊച്ചി: നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ മെമ്മറി കാര്‍ഡിലേക്ക് മാറ്റിയത് ആലപ്പുഴയില്‍വെച്ചാണെന്ന് കുറ്റപത്രം. ഒന്നാം പ്രതി പള്‍സര്‍ സുനിയും മറ്റ് രണ്ട് പേരും ചേര്‍ന്നാണ് ഇത് ചെയ്തത്. ആലപ്പുഴയിലെ കടപ്പുറത്ത് വെച്ചായിരുന്നു ഇത്. അടുത്ത ദിവസം വാര്‍ത്തയും പള്‍സര്‍ സുനിയുടെ ഫോട്ടോയും ടിവിയിലും മറ്റും വന്നതോടെ സംഘം ഇവിടെ നിന്ന് രക്ഷപ്പെടുകയായിരുന്നു.

ആക്രമണത്തിനു ശേഷം തമ്മനത്ത് വന്ന ശേഷമാണ് പ്രതികള്‍ പല വഴിക്ക് പിരിഞ്ഞത്. സുനിയും രണ്ട് പേരും ആലപ്പുഴ ഭാഗത്തേക്ക് പോയി. കേസില്‍ സാക്ഷിയായ ഒരാളുടെ വീട്ടില്‍വെച്ച് ദൃശ്യങ്ങള്‍ പുറത്തെടുക്കുകയും ഇവിടെ വെച്ചും കടപ്പുറത്ത് വെച്ചും ദൃശ്യങ്ങള്‍ മെമ്മറി കാര്‍ഡിലേക്ക് മാറ്റുകയുമായിരുന്നു.

വാര്‍ത്തകള്‍ പ്രത്യക്ഷപ്പെട്ടതോടെ ചെങ്ങന്നൂരിലേക്ക് ഇവര്‍ രക്ഷപ്പെട്ടു. സഞ്ചരിച്ച വാഹനം മുളക്കുഴക്കടുത്ത് ഉപേക്ഷിച്ചു. വേറൊരു വാഹനം വാടകകയ്‌ക്കെടുത്താണ് ഇവിടെനിന്ന് യാത്ര തുടര്‍ന്നത്. അതിനിടെ കളമശേരിയില്‍ നിന്ന് ഒരു ഫോണ്‍ വാങ്ങി ഉപയോഗിച്ചെന്നും രണ്ട് സാക്ഷികളുടെ വീട്ടിലെത്തി മുന്‍കൂര്‍ ജാമ്യത്തിനുള്ള വക്കാലത്തില്‍ ഒപ്പിട്ടെന്നും കുറ്റപത്രം പറയുന്നു.

ഇതിനു ശേഷം കോയമ്പത്തൂരിലേക്ക് പോയ പ്രതികള്‍ പീളമേട് ടൗണിലെത്തി ദൃശ്യങ്ങള്‍ ഏഴാം പ്രതിയെ കാണിച്ചു കൊടുത്തു. എട്ടാം പ്രതിയുടെ നിര്‍ദേശമനുസരിച്ചാണ് ഇത് ചെയ്തതെന്ന് ഏഴാം പ്രതിയോട് പള്‍സര്‍ സുനി പറഞ്ഞതായും കുറ്റപത്രത്തില്‍ പരാമര്‍ശമുണ്ട്.