നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെതിരേ സിനിമാരംഗത്ത് നിന്നുള്ളവര്‍ ഉള്‍പ്പെടെ നിര്‍ണ്ണായകമായേക്കാവുന്ന അഞ്ചു സാക്ഷിമൊഴികള്‍ ഉള്ളതായി റിപ്പോര്‍ട്ട്. കേസില്‍ ദിലീപിന്റെ പങ്ക് വ്യക്തമായി തെളിയിക്കുന്ന സാക്ഷിമൊഴികളാണ് ഇതെന്നും അന്വേഷണത്തിന്റെ പുരോഗതി അനുസരിച്ച് കാവ്യാമാധവനേയും ചോദ്യം ചെയ്‌തേക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കേസിലെ പ്രധാന തെളിവായ മൊബൈല്‍ ഫോണ്‍ ഇല്ലാതെ തന്നെ കുറ്റപത്രം സമര്‍പ്പിക്കാന്‍ അന്വേഷണസംഘത്തിന് ആത്മവിശ്വാസമാകുന്നത് ഈ മൊഴിയാണ്.

ആക്രമിക്കപ്പെട്ട നടിയും ദിലീപും തമ്മിലുള്ള വ്യക്തിവിരോധം പലരും ചോദ്യം ചെയ്യലില്‍ തുറന്നു പറഞ്ഞെങ്കിലും കോടതിയില്‍ എത്തുമ്പോള്‍ ഇതു മാറ്റിപ്പറയാന്‍ സാധ്യതയുണ്ടെന്ന് പോലീസ് ആശങ്കപ്പെടുന്നു. അതുകൊണ്ടു തന്നെയാണ് മുന്‍കരുതലുകളോടെ പ്രോസിക്യൂഷന്‍ സാക്ഷികളെ നിശ്ചയിക്കാന്‍ നീക്കം നടക്കുന്നത്. സാക്ഷി പറയാന്‍ മഞ്ജുവില്‍ സമ്മര്‍ദം ചെലുത്തും. അനൂപ് ചന്ദ്രനും രമ്യാ നമ്പീശനും സാക്ഷിപ്പട്ടികയിലുണ്ട്.

സംവിധായകന്‍ ലാലും കോടതിയില്‍ മൊഴി നല്‍കേണ്ടി വരും. എന്നാല്‍ പ്രതികള്‍ക്ക് അനുകൂലമായി മൊഴി നല്‍കിയവരെ സാക്ഷിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കാനാണ് തീരുമാനം. ഫോണ്‍വിളികള്‍ തന്നെയായിരിക്കും പോലീസിന്റെ തുറുപ്പുചീട്ട്. രമ്യാനമ്പീശന്റെ വീട്ടിലെ ലാന്‍ഡ് ഫോണിലേക്ക് ദിലീപ് വിളിച്ചത് നിര്‍ണ്ണായകമാണ്. അതു കൊണ്ടാണ് രമ്യയെ സാക്ഷിപ്പട്ടികയില്‍ ഉള്‍പ്പെടുത്തുന്നത്. മിമിക്രിക്കാരെ വിമര്‍ശിച്ചതിന് തന്നെ സിനിമയില്‍ നിന്ന് ദിലീപ് ഒഴിവാക്കിയെന്നത് അനൂപ് ചന്ദ്രന്‍ പറഞ്ഞിരുന്നു. സിനിമാ മേഖലയില്‍ പലരോടും ദിലീപ് വൈരാഗ്യം തീര്‍ത്തിന് തെളിവായി ഇതിനേയും ചൂണ്ടിക്കാട്ടും.

അഡ്വ. പ്രതീക്ഷ് ചാക്കോ അഡ്വ. രാജു ജോസഫ് എന്നിവരില്‍ ഒരാളെ മാപ്പു സാക്ഷിയാക്കുന്നത് പോലീസ് പരിഗണിക്കും. എന്നാല്‍ അന്വേഷണ സംഘത്തിന് മാപ്പു സാക്ഷികളെ കിട്ടാതിരിക്കാനുള്ള തന്ത്രങ്ങള്‍ മറുഭാഗവും പയറ്റുന്നുണ്ട്. ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി,പോലീസുകാരന്‍ എന്നിവരെയും മാപ്പുസാക്ഷിയാക്കാന്‍ പരിഗണിച്ചിരുന്നു. എന്നാല്‍ വക്കീലന്മാരില്‍ ഒരാളെ മാപ്പുസാക്ഷിയാക്കുന്നതാണ് നല്ലതെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന ഉപദേശം. നിര്‍ണായക തൊണ്ടിമുതലായ മൊബൈല്‍ ഫോണ്‍ ഒഴിവാക്കി കുറ്റപത്രം സമര്‍പ്പിക്കാനും പോലീസ് നിയമോപദേശം തേടുന്നുണ്ട്. കാവ്യയുടെ സ്ഥാപനമായ ലക്ഷ്യയില്‍ നിന്ന് പീഡനത്തിന്റെ രണ്ടര മിനിറ്റ് ദൃശ്യങ്ങള്‍ പൊലീസ് പിടിച്ചെടുത്തതായി സൂചനയുണ്ട്. അതിനാല്‍ പീഡനം നടന്നില്ലെന്ന് ആര്‍ക്കും പറയാനാകില്ല. അതുകൊണ്ട് തന്നെ പ്രധാന തൊണ്ടി മുതല്‍ കിട്ടിയില്ലെങ്കിലും കേസ് ദുര്‍ബ്ബലമാകില്ലെന്നാണ് സൂചന.

ഫോണ്‍ ഒളിപ്പിച്ചതുമായി ബന്ധപ്പെട്ട് അറിവുള്ളതായി പൊലീസ് സംശയിക്കുന്ന ദിലീപിന്റെ ഭാര്യ കാവ്യാ മാധവന്‍, അടുത്ത സുഹൃത്തും സംവിധായകനുമായ നാദിര്‍ഷാ എന്നിവരും ഒന്നുമിണ്ടിയില്ല. ഇതു കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ പ്രോസിക്യൂഷന്‍ കേസ് ദുര്‍ബലമാവും. അതിന് വേണ്ടിയാണ് തൊണ്ടി മുതല്‍ ഒളിപ്പിച്ചതെന്നാണ് പൊലീസിന്റെ വിലയിരുത്തി.കുറ്റപത്രം സമര്‍പ്പിച്ച കേസുകളില്‍ പിന്നീട് ആയുധങ്ങളും തൊണ്ടികളും കണ്ടെത്തിയ സംഭവങ്ങളുണ്ട്. ഇത്തരം സന്ദര്‍ഭങ്ങളില്‍ കുറ്റപത്രം പുതുക്കാനും അനുബന്ധ കുറ്റപത്രം സമര്‍പ്പിക്കാനും ക്രിമിനല്‍ നടപടി ചട്ടത്തില്‍ വകുപ്പുണ്ട്. ദിലീപ് ജയിലില്‍ 90 ദിവസം പൂര്‍ത്തിയാക്കുന്ന സാഹചര്യത്തില്‍ കുറ്റപത്രം സമര്‍പ്പിക്കേണ്ടതുണ്ട്. ഇതിനാലാണ് പോലീസിന്റെ തിടുക്കത്തിലുള്ള നടപടി.

കാവ്യയും നാദിര്‍ഷായും അടക്കം 15 പേര്‍ പ്രതികളാകാനാണ് സാധ്യത. മാപ്പുസാക്ഷികളുണ്ടെങ്കില്‍ അതനുസരിച്ച് പ്രതികളുടെ എണ്ണം കുറയും. റിമാന്‍ഡില്‍ കഴിയുന്ന ദിലീപ് സമര്‍പ്പിച്ച ജാമ്യാപേക്ഷ സെപ്റ്റംബര്‍ 26ന് പരിഗണിക്കാന്‍ ഹൈക്കോടതി മാറ്റിയിട്ടുണ്ട്. നേരത്തെ ജാമ്യാപേക്ഷ പരിഗണിച്ച അതേ ബെഞ്ചില്‍ തന്നെയാണ് ഇത്തവണയുമെത്തിയത്. രണ്ടു തവണ ജാമ്യാപേക്ഷ നിരസിച്ച സാഹചര്യത്തില്‍ നിന്ന് മാറ്റമുണ്ടാകാത്തതിനാല്‍ വീണ്ടും എന്തിനാണ് അപേക്ഷ നല്‍കിയതെന്ന് കോടതി ദിലീപിനോട് ആരാഞ്ഞു. അറസ്റ്റിലായതിനു ശേഷം ജാമ്യം കിട്ടാനുള്ള ദിലീപിന്റെ അഞ്ചാമത്തെ ശ്രമമാണിത്.