ദിലീപിന്റെ മുന്‍കൂര്‍ ജാമ്യപേക്ഷയെ എതിര്‍ത്ത് , അന്വേഷണ സംഘത്തിന്റെ കണ്ടെത്തലുകള്‍ ഒന്നൊന്നായി പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ വിശദീകരിച്ചു. നടിയുടെ വിവാഹം മുടക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു മാനഭംഗമെന്ന് പോലീസ് കോടതിയെ അറിയിച്ചു. മാനഭംഗം ചെയ്യാന്‍ ക്വട്ടേഷന്‍ നല്‍കിയ കേരള ചരിത്രത്തിലെ ആദ്യ സംഭവം എന്നാണ് പ്രോസിക്യൂഷന്‍ വിശേഷിപ്പിച്ചത്. ക്വട്ടേഷന്‍ നല്‍കിയത് ദിലീപായിരുന്നു. മുഖ്യ ആസൂത്രകനും ദിലീപ് തന്നെ. നടിയെ ക്രൂരമായി പീഡിപ്പിച്ച് ദൃശ്യങ്ങള്‍ ചിത്രീകരിച്ച ശേഷം സുനി അവയുടെ പകര്‍പ്പ് എടുത്ത് ക്വട്ടേഷന്‍ നല്‍കിയവര്‍ക്ക് കൈമാറി. എല്ലാ പ്രതികളുടെയും മൊഴികള്‍ വിരല്‍ ചൂണ്ടുന്നത് ദിലീപിലേക്കാണ്. പള്‍സര്‍ സുനിയും ദിലീപും തമ്മില്‍ കണ്ടതിന്നും ഗൂഢാലോചന നടത്തിയതിനും തെളിവുണ്ട്.
സുനിലും ദിലീപും തമ്മില്‍ അടുത്ത ബന്ധം ഉണ്ട്. ഗൂഡാലോചന നടന്ന നാലിടത്തും ഇരുവരുടേയും സാന്നിധ്യത്തിന് തെളിവുണ്ടെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. ഇരുവരും ഒരേ മൊബൈല്‍ ടവറിന് കീഴില്‍ ഉണ്ടായിരുന്നതിന് തെളിവുണ്ട്.

സുനില്‍ ജയിലില്‍ നിന്ന് എഴുതിയ കത്തിനെക്കുറിച്ച് ദിലീപിന് അറിവുണ്ടായിരുന്നു. സുനി തയ്യാറാക്കിയ കത്ത് വിഷ്ണു വാട്‌സാപ്പില്‍ ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിക്ക് അയച്ചു. കത്ത് വാട്‌സാപ്പില്‍ ലഭിച്ച് നാലു ദിവസം കഴിഞ്ഞാണ് ദിലീപ് ഭീഷണി ഉണ്ടെന്ന് ചൂണ്ടിക്കാട്ടി  പരാതി നല്‍കിയത്. ഇങ്ങനെ ദിലീപിന് എതിരായ തെളിവുകളുടെ ഒരു പട്ടിക തന്നെ പ്രോസിക്യൂഷന്‍ വാദത്തിനിടെ നിരത്തി. ദിലീപിന് പള്‍സര്‍ സുനി അയച്ച കത്ത് ഉള്‍പ്പെടെ ചില രേഖകളും പോലീസ് കോടതിക്ക് കൈമാറിയിട്ടുണ്ട്.