ദിലീപിനെ പൂട്ടാന്‍ പോലീസിനു നിര്‍ണ്ണായകമായത് മഞ്ജുവിന്റെ പ്രസംഗം. ആക്രമണമുണ്ടായതിനു തൊട്ടുപിന്നാലെ കൊച്ചിയില്‍ താരങ്ങള്‍ അണിനിരന്ന ആ കൂട്ടയിമയില്‍ ആദ്യമായി ഈ സംഭവത്തിനു പിന്നില്‍ ക്രിമിനല്‍ ഗൂഡാലോചന ഉണ്ടെന്നു പറഞ്ഞത് മഞ്ജുവായിരുന്നു.

ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്നും മഞ്ജു ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഈ ഗൂഢാലോചനാരോപണം അമ്മയിലെ മറ്റു അംഗങ്ങളാരും മുഖവിലയ്‌ക്കെടുത്തിരുന്നില്ല. പക്ഷേ കേസില്‍ ദിലീപ് അറസ്റ്റിലായതോടെ പോലീസിന് ഇത് നിര്‍ണായക തെളിവുകളിലൊന്നായിത്തീര്‍ന്നു. മഞ്ജു മൊഴിനല്‍കാന്‍ സഹകരിച്ചില്ലെങ്കിലും അന്നത്തെ പ്രസംഗത്തിന്റെ ദൃശ്യങ്ങള്‍ കോടതിയില്‍ സമര്‍പ്പിക്കാനാണ് അന്വേഷണസംഘത്തിന്റെ നീക്കം.

നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് ദിലീപിനെതിരെ തുടക്കത്തില്‍തന്നെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ആക്രമണത്തിനിരയായ നടിയുമായുള്ള ദിലീപിന്റെ ശത്രുത സിനിമാലോകത്തും പാട്ടായിരുന്നു. മലയാളസിനിമയെ കൈപ്പിടിയിലൊതുക്കിയ ദിലീപിനെതിരെ ആരും പ്രതികരിക്കാനും കൂട്ടാക്കിയില്ല. പോലീസ് 13 മണിക്കൂര്‍ ചോദ്യംചെയ്തു വിട്ടയച്ച ദിലീപിന് പിറ്റേദിവസം നടന്ന അമ്മയുടെ യോഗത്തില്‍ പിന്തുണയാണ് ലഭിച്ചത്. എന്നാല്‍ നടിയുമായും ദിലീപുമായും അടുത്തബന്ധമുണ്ടായിരുന്ന മഞ്ജുവാര!്യരുടെ പരസ്യമായ ഗൂഢാലോചനാരോപണം ശരിയാണെന്ന് തെളിയിക്കുന്ന രീതിയിലാണ് ഈ കേസന്വേഷണം ഇപ്പോള്‍ പുരോഗമിക്കുന്നത്. പ്രസംഗത്തിന്റെ പൂര്‍ണരൂപം കേട്ടശേഷം മഞ്ജുവില്‍നിന്നും വിശദമായ മൊഴിയെടുക്കാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. അന്നത്തെ യോഗത്തില്‍ പങ്കെടുത്ത ദിലീപിന്റെ ഭാവപ്രകടനങ്ങള്‍ ദൃശ്യങ്ങളില്‍നിന്നും കൂടുതല്‍ തിരിച്ചറിയാന്‍ കഴിയുമെന്ന വിശ്വാസത്തിലാണ് പോലീസ്.അക്രമം നടന്ന ദിവസം തന്നെ ഇതിനെകുറിച്ച് മഞ്ജുവിന് വ്യക്തമായ വിവരം ലഭിച്ചിരുന്നു. ഈ വിവരം അവര്‍ തുറന്ന് പറഞ്ഞെങ്കിലും ഏറ്റുപിടിക്കാന്‍ ആരും ഉണ്ടായില്ല. സംഭവത്തില്‍ ഗൂഢാലോചന ഉണ്ടെന്ന് തന്നെയായയിരുന്നു മഞ്ജുവിന്റെ നിലപാട്. ഇക്കാര്യം റിമകല്ലിങ്കലുമായി പങ്കുവച്ചശേഷമാണ് പുതിയ സംഘടന എന്ന തീരുമാനം എടുത്തത്. അക്രമത്തിന് ഇരയായ നടിക്ക് എല്ലാവിധ പിന്തുണ നല്‍കാനും മഞ്ജുവും ഈ സംഘടനയും എപ്പോഴും ശ്രമിച്ചിരുന്നു.