നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ പൾസർ സുനി ദിലീപിന് കൈമാറിയെന്നു പോലീസ്. ദിലീപിന്റെ ജാമ്യാപേക്ഷയെ എതിർത്തുകൊണ്ട് പോലീസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ഇതുസംബന്ധിച്ചു പരാമർശമുള്ളത്.
കേസുമായി ബന്ധപ്പെട്ട് പ്രമുഖ വ്യക്തികളെ ചോദ്യം ചെയ്യാൻ അവശേഷിക്കുകയാണെന്നും ദിലീപിന് ജാമ്യം നൽകിയാൽ ഇത് കേസിനെ പ്രതികൂലമായി ബാധിക്കുമെന്നും പോലീസ് വ്യക്തമാക്കി. ശനിയാഴ്ചയാണ് ദിലീപിന്റെ ജാമ്യാപേക്ഷ കോടതി പരിഗണിക്കുന്നത്.
ക്വട്ടേഷൻ നൽകിയതു പ്രകാരം പൾസർ സുനി നടിയെ ആക്രമിച്ച ദൃശ്യങ്ങൾ ദിലീപിന് കൈമാറി. ക്വട്ടേഷൻ തുക നൽകാത്തതിനെ തുടർന്ന് സുനിയും കൂട്ടാളികളും ദിലീപിനെ ഭീഷണിപ്പെടുത്തി. കേസിലെ സുപ്രധാന തെളിവായ നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ ഇതേവരെ കണ്ടെത്താൻ പോലീസിന് കഴിഞ്ഞിട്ടില്ല. ഈ സമയം ദിലീപിന് ജാമ്യം നൽകിയാൽ അത് കേസിനെ ദോഷകരമായി ബാധിക്കുമെന്നും പോലീസ് റിപ്പോർട്ടിൽ പറയുന്നു.
ദിലീപ് സിനിമാ നടനും സ്വാധീനമുള്ളയാളുമായതിനാൽ ജാമ്യം നൽകുന്നത് കേസിനെ പ്രതികൂലമായി ബാധിക്കും. പ്രതിയായ പൾസർ സുനി, നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ അടങ്ങിയ മൊബൈൽ ഫോണ് കൈമാറിയെന്നു പറഞ്ഞിട്ടുള്ള, അഭിഭാഷകനായ പ്രതീഷ് ചാക്കോടെ ഇതേവരെ ചോദ്യം ചെയ്യാൻ കഴിഞ്ഞില്ല. ഇത്തരം സാഹചര്യത്തിൽ ദിലീപിന് ജാമ്യം നൽകുന്നത് തെറ്റായ സന്ദേശം നൽകുമെന്ന് പോലീസ് റിപ്പോർട്ടിൽ പറയുന്നു.
Leave a Reply