ദക്ഷിണ കൊറിയയില്‍ സാംസങ് ഇലക്ട്രോണിക്‌സിലെ കംപ്യൂട്ടര്‍ എന്‍ജിനിയര്‍ ജോലി ഉപേക്ഷിച്ച് നാട്ടിലെത്തുമ്പോള്‍ ദിലീപിന് ഒറ്റ ലക്ഷ്യമേ ഉണ്ടായിരുന്നുള്ളൂ, ഐഎഎസ് എന്ന മൂന്നക്ഷരം പേരിനൊപ്പം ചേര്‍ക്കണം. കഴിഞ്ഞദിവസം സിവില്‍ സര്‍വീസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചപ്പോള്‍ ദിലീപിന്റെ തീരുമാനം അക്ഷരാര്‍ഥത്തില്‍ ശരിയായിരുന്നു.

ദേശീയതലത്തില്‍ 21ാം റാങ്കും കേരളത്തില്‍ ഒന്നാം റാങ്കും കരസ്ഥമാക്കിയാണ് ദിലീപ് ലക്ഷ്യം പൂര്‍ത്തിയാക്കിയത്. ചങ്ങനാശ്ശേരി തൃക്കൊടിത്താനം സ്വദേശിയാണ് ദിലീപ് കെ കൈനിക്കര. മൂന്നാം ശ്രമത്തിലാണ് ദിലീപിന്റെ സ്വപ്നനേട്ടം.

കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് പരീക്ഷയില്‍ 18ാം റാങ്ക് നേടിയ ദിലീപ് ജോലിയില്‍ പ്രവേശിച്ചെങ്കിലും ഐഎഎസ് സ്വപ്നം ഉപേക്ഷിച്ചില്ല. അവധിയെടുത്ത് പരിശീലനം തുടര്‍ന്നു. തിരുവനന്തപുരം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഐലേണ്‍ ഐഎഎസ് അക്കാദമിയിലായിരുന്നു പഠനം. ഇവരെ കൂടാതെ ഐലേണില്‍ നിന്നു പരിശീലനം നേടിയ 15 പേര്‍ കൂടി 2021ലെ സിവില്‍ സര്‍വീസസ് റാങ്ക് പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്.

മദ്രാസ് ഐഐടിയില്‍ നിന്ന് കംപ്യൂട്ടര്‍ എന്‍ജിനിയറിങ്ങില്‍ ബിരുദം നേടിയായിരുന്നു 2018ല്‍ ദിലീപ് സാംസങ്ങിലെത്തിയത്. ആരും കൊതിക്കുന്ന നഗരവും ജോലിയും ഉയര്‍ന്ന ശമ്പളവും ഒരു വര്‍ഷം കൊണ്ട് മടുത്തു. 2019ല്‍ നാട്ടിലെത്തി പരിശീലനം ആരംഭിച്ചു. ആദ്യം ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് പരീക്ഷ വിജയിച്ച് പ്രൊബേഷനറി ഓഫീസറായി.

മുന്‍പ് കേരള എന്‍ജിനീയറിങ് എന്‍ട്രന്‍സില്‍ ഒന്നാം റാങ്ക് ജേതാവാണ് ദിലീപ്.
മുന്‍പ് കേരള എന്‍ട്രന്‍സില്‍ ഒന്നാം റാങ്കും അഖിലേന്ത്യ എന്‍ജിനീയറിങ് പ്രവേശന പരീക്ഷയില്‍ 13ാം റാങ്കും നേടിയിട്ടുള്ള ദിലീപ് ഐഐടി പ്രവേശന പരീക്ഷയില്‍ 111ാം റാങ്ക് കരസ്ഥമാക്കിയിരുന്നു. ചങ്ങനാശേരി പ്ലാസിഡ് വിദ്യാനഗറിലായിരുന്നു പ്ലസ് ടു വരെ പഠനം. പിന്നെ ഐഐടി മദ്രാസില്‍. ഐഐടി മദ്രാസിലെ പഠനത്തിനു പിന്നാലെ ദിലീപ് സാംസങ്ങിന്റെ ദക്ഷിണ കൊറിയയിലെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ലാബില്‍ ജോലി നോക്കി.

‘ഇത് എനിക്ക് സ്വപ്ന സാക്ഷാല്‍ക്കാരമാണ്. നൂറിനുള്ളില്‍ റാങ്ക് പ്രതീക്ഷിച്ചിരുന്നെങ്കിലും 21 അപ്രതീക്ഷിതം. കേരള കേഡര്‍ ലഭിക്കണമെന്നാണ് ആഗ്രഹമെങ്കിലും രാജ്യത്ത് എവിടെയും ജോലിക്ക് സന്നദ്ധനാണ്. ഐടി വകുപ്പിനോടാണ് വ്യക്തിപരമായ താല്‍പ്പര്യം’-തിരുവനന്തപുരം പട്ടത്തെ ഫ്‌ലാറ്റിലിരുന്ന് ദിലീപ് പറയുന്നു.

കേരളത്തിലുണ്ടാകുന്ന പ്രളയങ്ങള്‍ക്ക് കാരണമെന്തെന്നും സര്‍വീസില്‍ കയറിയാല്‍ എങ്ങനെ നേരിടുമെന്നും അഭിമുഖത്തില്‍ ചോദ്യങ്ങളുണ്ടായെന്ന് ദിലീപ് പറഞ്ഞു. പ്രളയം ഉണ്ടായാല്‍ കലക്ടര്‍ പദവിയിലിരുന്ന് എങ്ങനെ നേരിടും എന്നായിരുന്നു. പെട്ടെന്നുള്ള നടപടിയെന്ന നിലയ്ക്ക് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കാണ് പ്രാധാന്യം നല്‍കുകയെന്നും ഏറെ ദുരിതം അനുഭവിക്കുന്നവരെ കണ്ടെത്തി ക്യാംപുകളിലേക്ക് മാറ്റുമെന്നും ദിലീപ് മറുപടി നല്‍കി. ദീര്‍ഘകാല അടിസ്ഥാനത്തിലാണെങ്കില്‍ സാങ്കേതിക വിദ്യകളുടെ സഹായത്തോടെ പ്രളയം ഉണ്ടാകാതിരിക്കാനും നേരത്തേ അറിയാനുമായുള്ള ശ്രമങ്ങള്‍ നടത്തുമെന്നും ദിലീപ് പറഞ്ഞു. ആത്മവിശ്വാസം നിറഞ്ഞ ആ മറുപടിയ്‌ക്കൊപ്പം കേരളത്തിലേക്ക് ഒന്നാം റാങ്കും പോന്നു.

സര്‍വീസ് പരിശീലനത്തിനെത്തിയ സുഹൃത്തുക്കള്‍ക്കൊപ്പം മൂന്നുവര്‍ഷമായി തിരുവനന്തപുരത്താണ് താമസം. റിട്ട. എസ്ഐ കെ എസ് കുര്യാക്കോസിന്റെയും ചങ്ങനാശ്ശേരി സെന്റ് ജെയിംസ് എല്‍പിഎസ് ഹെഡ്മിസ്ട്രസ് ജോളിമ്മയുടെയും മകനാണ്. പിജി വിദ്യാര്‍ഥിയായ അമലു സഹോദരിയാണ്.