നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസുമായി ബന്ധപ്പെട്ട് മൊബൈല്‍ ഫോണുകള്‍ ഹാജരാക്കണമെന്ന ക്രൈംബ്രാഞ്ച് ആവശ്യം തള്ളി പ്രതി ദിലീപ്. അന്വേഷണ സംഘം ആവശ്യപ്പെട്ടത് പോലെ ഫോണ്‍ ഹാജരാക്കാന്‍ സാധിക്കില്ല. തന്റെ ഫോണ്‍ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. വധഗൂഢാലോചനയുമായി ബന്ധപ്പെട്ട തെളിവുകളൊന്നും ഈ ഫോണില്‍ ഇല്ലെന്നും ദിലീപ് ക്രൈംബ്രാഞ്ചിന് നല്‍കി മറുപടിയില്‍ പറഞ്ഞു.
ഹാജരാക്കണമെന്ന ആവശ്യപ്പെട്ട ഒരു മൊബൈല്‍ ഫോണ്‍ ബാങ്കിംഗ് ആവശ്യത്തിന് ഉപയോഗിക്കുന്നതാണ്. മറ്റൊരു ഫോണില്‍ ബാലചന്ദ്രകുമാറിനെതിരായ തെളിവുകളുണ്ട്. ഇത് ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. ഇതിന്റെ ഫലം ഒരാഴ്ച്ചക്കുള്ളില്‍ ലഭിക്കും. ഫലം കോടതിക്ക് കൈമാറാം. അല്ലാതെ പൊലീസിന് നല്‍കില്ല. അവര്‍ തനിക്കെതിരെ കള്ളക്കഥയുണ്ടാക്കുമെന്നാണ് ദിലീപ് പറയുന്നത്. അന്വേഷണ ഉദ്യോഗസ്ഥന്റെ ഫോണ്‍ പരിശോധിക്കണമെന്ന ആവശ്യവും ദിലീപ് ഉന്നയിച്ചു.
ഇത് പരിശോധിച്ചാല്‍ തനിക്കെതിരായ ഗൂഝാലോചനയുടെ തെളിവുകള്‍ ലഭിക്കുമെന്നാണ് ദിലീപ് അവകാശപ്പെടുന്നത്.അന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ ദിലീപും കൂട്ടുപ്രതികളും അഞ്ച് മൊബൈല്‍ ഫോണുകള്‍ ഒളിപ്പിക്കുകയായിരുന്നെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തല്‍. ദിലീപിന്റെയും അനൂപിന്റെയും രണ്ട് വീതവും സുരാജിന്റെ ഒരു ഫോണുമാണ് ഒളിപ്പിച്ചത്. കേസിലെ നിര്‍ണായക തെളിവായ ഈ മൊബൈലുകള്‍ ഉടന്‍ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികള്‍ക്ക് ഇന്നലെ ക്രൈം ബ്രാഞ്ച് നോട്ടീസ് നല്‍കിയിരുന്നു.
ഇതിന് മറുപടിയായാണ് ഫോണുകള്‍ ഹാജരാക്കാന്‍ സാധിക്കില്ലെന്ന് ദിലീപ് രേഖാമൂലം അറിയിച്ചിരിക്കുന്നത്.ദൃശ്യങ്ങള്‍ക്കായി അന്വേഷണം ദിലീപിന്റെ പ്രവാസി സുഹൃത്തുക്കളിലേക്ക്നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ ദൃശ്യങ്ങള്‍ കണ്ടെത്താനായി അന്വേഷണം ദിലീപിന്റെ പ്രവാസി സുഹൃത്തുക്കളിലേക്ക്. നടി ആക്രമിക്കപ്പെടുന്ന ദൃശ്യങ്ങള്‍ വിദേശത്തേക്ക് കടത്തിയെന്ന വിവരത്തെ തുടര്‍ന്നാണ് നടപടി. വിദേശത്തുനിന്നും സംവിധായകന്‍ ബാലചന്ദ്രകുമാറിന് ലഭിച്ച ഫോണ്‍ കോളുകളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം.
അന്വേഷണത്തിന്റെ ഭാഗമായി യുകെയിലെ ദിലീപിന്റെ സുഹൃത്തുക്കളുമായി ആശയവിനിമയം നടത്തിയതായി ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ദൃശ്യങ്ങള്‍ എങ്ങനെ ലഭിച്ചു, പിന്നില്‍ സാമ്പത്തിക ഇടപാടുകള്‍ നടന്നോ തുടങ്ങിയ കാര്യങ്ങളാണ് അന്വേഷണ പരിധിയില്‍ വരുന്നത്. പീഡനദൃശ്യങ്ങള്‍ കൈവശമുണ്ടെന്ന് അവകാശപ്പെട്ട് യു.കെ, സ്വിറ്റ്‌സര്‍ലാന്റ് എന്നിവിടങ്ങളില്‍ നിന്നാണ് ബാലചന്ദ്രകുമാറിന് ഫോണ്‍ കോളുകള്‍ വന്നത്. ഇക്കാര്യവും റിപ്പോര്‍ട്ടര്‍ ടിവിയിലൂടെയാണ് അദ്ദേഹം വെളിപ്പെടുത്തിയത്.
സ്വിറ്റ്‌സര്‍ലാന്റില്‍ വ്യവസായിയായ മട്ടഞ്ചേരി സ്വദേശിയുടെ കൈവശമാണ് ദൃശ്യമുള്ളതെന്നാണ് വെളിപ്പെടുത്തല്‍. ദിലീപിന്റെ അടുത്ത സുഹൃത്തായിരുന്ന ഇയാള്‍ ഇപ്പോള്‍ അദ്ദേഹവുമായി അകല്‍ച്ചയിലാണ്. ഇയാള്‍ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കാന്‍ സാധ്യതയുണ്ടെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍.
Leave a Reply