കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ദിലീപിന് ജയിലില്‍ പ്രത്യേക പരിഗണന ലഭിക്കുന്നതായി പരാതി. ആലുവ സ്വദേശി ടി.ജെ ഗിരീഷ് എന്നയാളാണ് ജയില്‍ ഡിജിപിക്ക് പരാതി നല്‍കിയത്. അവധി ദിവസങ്ങളില്‍ സന്ദര്‍ശകരെ അനുവദിക്കില്ലെന്നാണ് ചട്ടമെങ്കിലും കഴിഞ്ഞ ദിവസങ്ങളില്‍ ദിലീപിനെ കാണാന്‍ നിരവധി സന്ദര്‍ശകരെത്തിയിരുന്നു.

മറ്റ് പ്രതികള്‍ക്ക് ലഭിക്കാത്ത ഇത്തരം പരിഗണനകള്‍ പീഡനക്കേസിലെ പ്രതിയായ നടന് എങ്ങനെ ലഭിച്ചുവെന്ന് അന്വേഷിക്കണമെന്നും കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കണമെന്നും പരാതിയില്‍ പറയുന്നു. ജയിലില്‍ ദിലീപിനെ കാണാന്‍ എത്തിയവരില്‍ പലരും കേസുമായി നേരിട്ട് ബന്ധമുളളവരും പ്രതികളെ സഹായിക്കുന്ന നിലപാട് സ്വീകരിച്ചവരുമാണെന്ന് പരാതിക്കാരന്‍ ആരോപിക്കുന്നു.

ദിലീപും മുഖ്യപ്രതി പള്‍സര്‍ സുനിയും ഒരേ ലൊക്കേഷനില്‍ ഉണ്ടായിരുന്നതായി പൊലീസ് പറയുന്ന സിനിമയുടെ നിര്‍മ്മാതാക്കള്‍ക്കും സന്ദര്‍ശാനാനുമതി നല്‍കിയിരുന്നു. അതേസമയം ആരോപണങ്ങളെല്ലാം തെറ്റാണെന്ന് ജയില്‍ സൂപ്രണ്ട് പ്രതികരിച്ചു. തടവുകാരെ കാണാന്‍ ഒരു ദിവസം രണ്ടോ മൂന്നോ പേരില്‍ കൂടുതല്‍ ആളെ അനുവദിക്കാറില്ല. എന്നാല്‍ ദിലീപിന്റെ പ്രത്യേക സാഹചര്യവും സന്ദര്‍ശകരുടെ പ്രാധാന്യവും കണക്കിലെടുത്താണ് കൂടുതല്‍ പേര്‍ക്ക് അനുമതി നല്‍കിയതെന്നാണ് വിശദീകരണം.