നടിയെ ആക്രമിച്ച കേസില്‍ തന്‍റെ മൊഴിയെടുത്തിട്ടില്ലെന്ന് നടനും മിമിക്രി കലാകാരനുമായ അബി. ദിലീപിന്‍റെ ആദ്യ വിവാഹത്തെക്കുറിച്ച് കേട്ടുകേള്‍വി മാത്രമാണുള്ളത്. കേസുമായി ബന്ധപ്പെട്ടോ അല്ലാതെയോ കൂടുതല്‍ വിവരങ്ങള്‍ അറിയില്ലെന്നും അബി പൊലീസിനോട് പറഞ്ഞതതായാണ് മീഡിയാ വൺ റിപ്പോർട്ടു ചെയ്യുന്നത്.

മഞ്ജുവാര്യരെ വിവാഹം ചെയ്യുന്നതിന് മുമ്പ് ദിലീപ് ബന്ധുവിന്റെ മകളെ വിവാഹം ചെയ്തിരുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ ദിലീപിന്‍റെ ആദ്യകാല സുഹൃത്തുക്കളിലൊരാളെന്ന നിലയില്‍ തന്നെ ചോദ്യം ചെയ്തെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും ഇത്തരമൊരു വിവാഹത്തില്‍ താന്‍ പങ്കെടുത്തിട്ടില്ലെന്നും അബി വ്യക്തമാക്കി.

ആദ്യ വിവാഹത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ കേവലം കേട്ടുകേള്‍വി മാത്രമാണെന്നും അന്നും ഇന്നും ദിലീപിന്‍റെ വ്യക്തിപരമായ കാര്യങ്ങളില്‍ താന്‍ ഇടപെട്ടിട്ടില്ലെന്നും നടന്‍ വിശദമാക്കി.

 

സിനിമാതാരമായി മാറുന്നതിന് മുമ്പ് മിമിക്രി അവതരിപ്പിച്ച് നടക്കുന്ന സാഹചര്യത്തില്‍ ബന്ധുവുമായി പ്രണയത്തിലാകുകയും സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം വിവാഹം ചെയ്‌തെന്നുമാണ് റിപ്പോർട്ടുകൾ. പോലീസ് ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇക്കാര്യം അന്വേഷിക്കാനായി പ്രത്യേക ടീമിനെ തന്നെ നിയോഗിച്ചിരിക്കുയാണെന്നുമാണ് വാര്‍ത്തകള്‍.