നടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച കേസില്‍ പ്രതിപക്ഷത്തെ ഒരു പ്രമുഖ നേതാവിനു കൂടി പങ്കെന്നു സൂചന. ഐ.ജി: ദിനേന്ദ്ര കശ്യപ് ഇതു സംബന്ധിച്ച് അന്വേഷണമാരംഭിച്ചു. കേസിലെ സാമ്പത്തിക ഇടപാടുകള്‍ പരിശോധിച്ചപ്പോഴാണ് ഈ വിവരം പോലീസിനു ലഭിച്ചത്. ഇതു സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ കേസിന്റെ പ്രാധാന്യം കണക്കിലെടുത്ത് വെളിപ്പെടുത്താനാവില്ലെന്ന നിലപാടിലാണ് അന്വേഷണസംഘം.
രാജ്യത്തെ മികച്ച കുറ്റാന്വേഷണവിദഗ്‌ധനായ ഡി.ജി.പി: ലോക്‌നാഥ് ബെഹ്‌റയുടെ ഇടപെടലിനെത്തുടര്‍ന്നാണ്, രണ്ടു ദിവസം മുമ്പുവരെ അന്വേഷണം അവസാനിപ്പിക്കാന്‍ തീരുമാനിച്ചിരുന്ന കേസിനു തുമ്പുണ്ടായത്. എങ്ങനെ മുന്നോട്ടുപോകണമെന്നറിയാതെ ഇരുട്ടില്‍ തപ്പിനിന്ന അന്വേഷണസംഘത്തിന് നടന്‍ ദിലീപിന്റെ സഹോദരന്‍ അനൂപ് നല്‍കിയ മൊഴിയും ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി നല്‍കിയ മൊഴിയും നിര്‍ണായകമായി. ഈ മൊഴികള്‍ ശ്രദ്ധയില്‍പ്പെട്ടയുടന്‍ ലോക്‌നാഥ് ബെഹ്‌റ ഇതിന്റെ ചുവടുപിടിച്ച് അന്വേഷണം മുന്നോട്ടുകൊണ്ടുപോകാന്‍ സംഘത്തലവന്‍ ഐ.ജി: ദിനേന്ദ്രകശ്യപിനു നിര്‍ദേശം നല്‍കുകയായിരുന്നു. അതുവരെ ദിലീപിനെ അറസ്‌റ്റ് ചെയ്യാനുള്ള ഒരു തെളിവും പോലീസിന്റെ പക്കലുണ്ടായിരുന്നില്ല.
ഞായറാഴ്‌ച പോലീസ് ആസ്‌ഥാനത്തുനിന്നു മാറി വിജിലന്‍സ് ആസ്‌ഥാനത്തിരുന്നുകൊണ്ട് ബെഹ്‌റ അതീവരഹസ്യമായി അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുകയായിരുന്നു. 900 പേജ് വരുന്ന മൊഴികള്‍ അദ്ദേഹം സവിസ്‌തരം പരിശോധിച്ചു. എന്നാല്‍, ഒരു മൊഴിയില്‍മാത്രം ബെഹ്‌റയുടെ കണ്ണുടക്കി. അതോടെ സ്‌ഥിതിഗതികള്‍ മാറിമറിഞ്ഞു. അതിനുശേഷം ഐ.ജി: ദിനേന്ദ്രകശ്യപിനെ വിജിലന്‍സ് ആസ്‌ഥാനത്ത് വിളിച്ചുവരുത്തിയ ബെഹ്‌റ, ദിലീപിന്റെ സഹോദരന്‍ അനൂപിന്റെ മൊഴിയും അപ്പുണ്ണിയുടെ മൊഴിയും ചേര്‍ത്തുവായിക്കാന്‍ പറഞ്ഞു. തുടര്‍ന്ന്, ദിലീപിനു തീര്‍ത്താല്‍ തീരാത്ത വൈരാഗ്യം നടിയോടുണ്ടെന്ന നിഗമനത്തില്‍ അവരെത്തുകയായിരുന്നു. വിവരം കൈയോടെ മുഖ്യമന്ത്രി പിണറായി വിജയനെ അറിയിച്ചു. പിന്നീട് അറസ്‌റ്റിലേക്കു കാര്യങ്ങള്‍ പോകുകയായിരുന്നു.
അപ്പുണ്ണി നല്‍കിയ ഒരു മൊബൈല്‍ ഫോണ്‍ നമ്പരാണ് അതുവരെ ഉണ്ടായിരുന്ന കണക്കുകൂട്ടലുകള്‍ തെറ്റിച്ചത്. അപ്പുണ്ണിയുടെ ഈ മൊബൈല്‍ ഫോണില്‍നിന്ന് പള്‍സര്‍ സുനിയെ ദിലീപ് ബന്ധപ്പെട്ടിരുന്നതായി ഡി.ജി.പിക്കു മനസിലായി. അതാകട്ടെ ഞായറാഴ്‌ച രാത്രി 11 മണിക്കും.
ഇന്നലെ രാവിലെ ദിലീപിനെ അന്വേഷണസംഘത്തിനു മുമ്പാകെ ഹാജരാകാന്‍ നിര്‍ദേശം നല്‍കി. ദിലീപുമായി വീഡിയോ കോണ്‍ഫറന്‍സിങ് മുഖേന സംസാരിച്ചപ്പോള്‍തന്നെ ബെഹ്‌റയ്‌ക്കു കാര്യങ്ങള്‍ ഏകദേശം പിടികിട്ടി. തുടര്‍ന്നു നടന്ന ചോദ്യംചെയ്യലില്‍ പിടിച്ചുനില്‍ക്കാനാവാതെ ദിലീപ് കുറ്റംസമ്മതിക്കുകയായിരുന്നു. രണ്ടു ലക്ഷം രൂപ ഇതിനായി നല്‍കിയിട്ടുണ്ടെന്നു ദിലീപ് അറിയിച്ചതോടെ അറസ്‌റ്റ് വൈകിക്കേണ്ടെന്ന നിലപാടില്‍ ഡി.ജി.പി. എത്തിച്ചേരുകയും ചെയ്‌തു.
Leave a Reply