ലാലിന്റെ ചവിട്ടിൽ അയാൾ ട്രെയിനിൽ നിന്നും തെറിച്ചു പോയി, ട്രെയിൻ നിർത്തി അരകിലോമീറ്ററോളം ലാൽ ഓടി; മോഹന്‍ലാല്‍ എന്ന നടനിലെ മനുഷ്യത്വം തിരിച്ചറിഞ്ഞ നിമിഷം, അനുഭവം പങ്കുവെച്ച് ജോഷി

ലാലിന്റെ ചവിട്ടിൽ അയാൾ ട്രെയിനിൽ നിന്നും തെറിച്ചു പോയി, ട്രെയിൻ നിർത്തി അരകിലോമീറ്ററോളം ലാൽ ഓടി; മോഹന്‍ലാല്‍ എന്ന നടനിലെ മനുഷ്യത്വം തിരിച്ചറിഞ്ഞ നിമിഷം, അനുഭവം പങ്കുവെച്ച് ജോഷി
October 04 09:01 2020 Print This Article

മലയാളത്തില്‍ നിരവധി ശ്രദ്ധേയ സിനിമകള്‍ പ്രേക്ഷകര്‍ക്ക് സമ്മാനിച്ച കൂട്ടുകെട്ടാണ് മോഹന്‍ലാല്‍-ജോഷി ടീം. ഈ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ മിക്ക സിനിമകളും പ്രേക്ഷക മനസുകളില്‍ നിന്നും മായാതെ നില്‍ക്കുന്നവയാണ്. മാസ് എന്റര്‍ടെയ്‌നറുകളും സീരിയസ് സിനിമകളും അടക്കം ഈ കൂട്ടുകെട്ടില്‍ മലയാളത്തില്‍ പുറത്തിറങ്ങിയിരുന്നു. 1990ലാണ് മോഹന്‍ലാല്‍ ജോഷി കൂട്ടുകെട്ടില്‍ നമ്പര്‍ 20 മദ്രാസ് മെയില്‍ റിലീസ് ചെയ്തത്. മോഹന്‍ലാല്‍ ടോണി കുരിശ്ശിങ്കല്‍ എന്ന കഥാപാത്രമായി അഭിനയിച്ച ചിത്രത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് തിയ്യേറ്ററുകളില്‍ ലഭിച്ചത്.

മോഹന്‍ലാലിനൊപ്പം ജഗദീഷ്, മണിയന്‍പിളള രാജു, എംജി സോമന്‍, അശോകന്‍, ജയഭാരതി തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ അഭിനയിച്ചിരുന്നു. മമ്മൂട്ടിയും അതിഥി വേഷത്തില്‍ എത്തിയ സിനിമ ആരാധകര്‍ ഒന്നടങ്കം ഏറ്റെടുത്തിരുന്നു. റിലീസ് ചെയ്ത് വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും ഇന്നും ടെലിവിഷന്‍ ചാനലുകളില്‍ വന്നാല്‍ മികച്ച സ്വീകാര്യതയാണ് നമ്പര്‍ 20 മദ്രാസ് മെയിലിന് ലഭിക്കാറുളളത്.

ഭൂരിഭാഗം രംഗങ്ങളും ട്രെയിനില്‍ വെച്ച് ചിത്രീകരിച്ച സിനിമ കൂടിയായിരുന്നു ഇത്. മോഹന്‍ലാലിന്റെ കരിയറിലും വലിയ വഴിത്തിരിവായി മാറിയ സിനിമയായിരുന്നു നമ്പര്‍ 20 മദ്രാസ് മെയില്‍. ഡെന്നീസ് ജോസഫിന്റെ തിരക്കഥയിലാണ് ജോഷി ഈ ചിത്രം അണിയിച്ചൊരുക്കിയത്. ഔസേപ്പച്ചന്‍ ഒരുക്കിയ സിനിമയിലെ പാട്ടുകളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

അതേസമയം നമ്പര്‍ 20 മദ്രാസ് മെയില്‍ സമയത്തെ ഒരു ലൊക്കേഷന്‍ അനുഭവം സംവിധായകന്‍ ജോഷി പങ്കുവെച്ചിരുന്നു. തന്റെ ജീവിതത്തില്‍ ഇത്രയും കഷ്ടപ്പെട്ട് മറ്റൊരു സിനിമ താന്‍ ഷൂട്ട് ചെയ്തിട്ടില്ലെന്ന് ജോഷി പറയുന്നു. ട്രെയിനില്‍ ഒരു ദിവസം സിനിമ ചിത്രീകരിക്കാന്‍ 25000രൂപയായിരുന്നു വാടക. അഞ്ച് ലക്ഷം രൂപയാണ് ട്രെയിനില്‍ ചിത്രീകരിക്കാന്‍ വേണ്ടി റെയില്‍വേസ്‌റ്റേഷനില്‍ കെട്ടിവെയ്‌ക്കേണ്ട തുക.

25 ലക്ഷം പൂപയുടെ ബജറ്റില്‍ സൂപ്പര്‍സ്റ്റാര്‍ സിനിമ പുറത്തിറങ്ങുന്ന കാലമായിരുന്നു. എന്നിട്ടും ഒറിജിനല്‍ ട്രെയിനില്‍ ചിത്രീകരിക്കാന്‍ നിര്‍മ്മാതാവ് തയ്യാറായെന്ന് ജോഷി പറയുന്നു. നമ്പര്‍ 20 മദ്രാസ് മെയിലിന്റെ ക്ലൈമാക്‌സ് ചിത്രീകരണത്തിനിടെ നടന്ന ഒരു സംഭവമായിരുന്നു വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ജോഷി പങ്കുവെച്ചിരുന്നത്. ചാറ്റല്‍ മഴ പെയ്ത ദിവസമാണ് ക്ലൈമാക്‌സിലെ ഫൈറ്റ് സീന്‍ ചിത്രീകരിക്കുന്നത്.

ട്രെയിന്‍ കംപാര്‍ട്ട്‌മെന്റിലാണ് ഫൈറ്റ് നടക്കുന്നത്. ബാഷയാണ് സ്റ്റണ്ട് മാസ്റ്റര്‍. അദ്ദേഹത്തിന്റെ ടീമിലെ ഒരംഗത്തെ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന്റെ വാതിലില്‍ നിന്ന് മോഹന്‍ലാല്‍ ചവിട്ടി താഴെയിടുന്ന രംഗമാണ് ചിത്രീകരിക്കുന്നത്. ഒന്നുരണ്ടുവട്ടം റിഹേഴ്‌സല്‍ നടന്നു. മോഹന്‍ലാല്‍ ചെറുതായി ചവിട്ടുമ്പോള്‍ കമ്പിയില്‍ പിടിച്ചു കുനിയണം. അതായിരുന്നു സീന്‍. ടേക്കില്‍ മോഹന്‍ലാലിന്റെ ചവിട്ടു കൊണ്ട് അയാള്‍ക്ക് വാതില്‍പ്പടിയില്‍ പിടികിട്ടിയില്ല.

ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്നയാള്‍ തെറിച്ചു വീണു. ട്രെയിന്‍ ഓടിക്കൊണ്ടിരിക്കുകയാണ്. എല്ലാവരും പരിഭ്രാന്തരായി. ‘ട്രെയിനിനടിയിലേക്ക് അയാള്‍ വീണിട്ടുണ്ടാകാം. എന്തും സംഭവിക്കാം’ ഷൂട്ടിങ് സ്ഥലത്തുണ്ടായിരുന്ന റെയില്‍വേ ഉദ്യോഗസ്ഥന്‍ പറഞ്ഞു. അയാളെ ജീവനോടെ തിരിച്ചു കിട്ടണേ എന്ന പ്രാര്‍ഥനയായിരുന്നു എല്ലാവര്‍ക്കും. മോഹന്‍ലാല്‍ എന്ന നടനിലെ മനുഷ്യത്വം മറ്റുള്ളവര്‍ തിരിച്ചറിഞ്ഞ സന്ദര്‍ഭം കൂടിയായിരുന്നു അത്.

ചങ്ങല വലിച്ച് നിര്‍ത്തി. അപ്പോഴേക്കും അപകടസ്ഥലത്തു നിന്ന് ഒന്നര കിലോമീറ്റര്‍ പിന്നിട്ടിരുന്നു ട്രെയിന്‍. മഴ നന്നായി കനത്തിരുന്നു. കൂരിരുട്ട്. ചെളി നിറഞ്ഞ വഴി. ഇഴജന്തുക്കളുടെ ശല്യവുമുണ്ട്. എന്നിട്ടും അപകട സ്ഥലത്തേക്ക് ആദ്യം ഓടിയെത്തിയത് മോഹന്‍ലാലാണ്. ട്രാക്കിനരികില്‍ ഒരു കുറ്റിക്കാട്ടില്‍ കിടന്നിരുന്ന അയാളെ വാരിയെടുത്ത് മോഹന്‍ലാല്‍ ആശുപത്രിയിലേക്ക് ഓടി.

ഭാഗ്യം കൊണ്ട് ജീവന്‍ തിരിച്ചുകിട്ടി. കയ്യും കാലും ഒടിഞ്ഞിരുന്നു. നട്ടെല്ലിനും പരിക്കേറ്റു. ഒരു മാസത്തെ ചികിത്സ വേണ്ടിവന്നു ആശുപത്രി വിടാന്‍. സാമ്പത്തികമായും മോഹന്‍ലാല്‍ സഹായിച്ചു. പക്ഷേ, വിധി അയാളെ പിന്തുടര്‍ന്നു. നാലഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷം ഒരു തമിഴ് സിനിമയുടെ സെറ്റില്‍ വച്ച് ഇതുപോെല മറ്റൊരു അപകടത്തില്‍ പെട്ട് അയാള്‍ക്കു ജീവന്‍ നഷ്ടമായി. ബാഷ തന്നെയാണ് ഈ വിവരം എന്നെ അറിയിച്ചത്.” ജോഷി പറഞ്ഞു

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles