ന്യൂസ് ഡെസ്ക് മലയാളം യുകെ
തിരുവനന്തപുരം : ആരോഗ്യ വകുപ്പിൽ നേഴ്സിങ് വിഭാഗത്തിൽ നിന്ന് പിഎച്ച്ഡി നേടുന്ന ആദ്യ വ്യക്തിയായി പൂഞ്ഞാർ പെരിങ്ങുളം സ്വദേശിനി ഡിനു എം ജോയി. എം ജി സർവകലാശാലയിൽ നിന്ന് ഡവലപ്മെന്റ് സ്റ്റഡീസിലാണ് (നഴ്സിങ് ) ഡോക്ടറേറ്റ് കരസ്ഥമാക്കിയത്. മികച്ച നേഴ്സിനുള്ള പ്രഥമ സംസ്ഥാന അവാർഡ് (സിസ്റ്റർ ലിനി പുതുശ്ശേരി അവാർഡ്) ജേതാവ് കൂടിയാണ് ഡിനു. തിരുവനന്തപുരം നാഷനൽ ഹെൽത്ത് മിഷനിൽ കൗമാര ആരോഗ്യ വിഭാഗത്തിൽ ജൂനിയർ കൺസൽറ്റന്റായി ഇപ്പോൾ ജോലി ചെയ്യുന്നു.
പൂഞ്ഞാർ പെരിങ്ങുളം വരിക്കപ്ലാക്കൽ ജോബി ജോസഫിന്റെ ഭാര്യയും ഉരുളികുന്നം മടുക്കാവിൽ പരേതനായ എം.വി.തോമസിന്റെയും മേരി തോമസിന്റെയും മകളുമാണ്. ഡിജൽ, ഡിയോൺ എന്നിവരാണ് മക്കൾ. കാഞ്ഞിരപ്പള്ളി മേരി ക്വീൻസ് ആശുപത്രി നഴ്സിംഗ് സ്കൂളിൽ ജനറൽ നഴ്‌സിങ് 1998 ൽ പാസ്സായ ഡിനു പിന്നീട് ബി എസ് സി നഴ്‌സിങ്, എം എസ് സി നഴ്‌സിങ് എന്നിവ മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയിൽ നിന്നും നേടുകയുണ്ടായി.
എം ജി യൂണിവേഴ്സിറ്റിയിലെ സ്കൂൾ ഓഫ് ഗാന്ധിയൻ തോട്ട് ആൻഡ് ഡെവലപ്പ്മെന്റ് സ്റ്റഡീസ് (SGTDS) മുൻ ഡയറക്ടർ ആയ ഡോ.റോയ് സി മാത്യുവിന് കീഴിലാണ് ഗവേഷണം പൂർത്തിയാക്കിയത്. ലൈംഗികാതിക്രമം തടയുന്നതിനായി കേരളത്തിലെ ഹൈസ്‌കൂൾ വിദ്യാർത്ഥിനികളെ ബോധവൽക്കരിക്കുന്നതിനുള്ള മാർഗങ്ങൾ വിശകലനം ചെയ്യുന്ന ഗവേഷണപഠനം വലിയ ശ്രദ്ധയാകർഷിച്ചു. കൗമാരക്കാരായ പെൺകുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമം ഏറി വരുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു പഠനം നടക്കുന്നത്. കേരളത്തിലെ മിക്ക ഹൈസ്കൂളുകളും കൗമാര ആരോഗ്യത്തിനും ലൈംഗികാതിക്രമത്തിനെതിരെയുള്ള ബോധവൽക്കരണത്തിനും വേണ്ടത്ര മുൻഗണന നൽകുന്നില്ലെന്നും ഇതൊരു ഗുരുതര പ്രതിസന്ധിയാണെന്നും ഡിനു മലയാളംയുകെയോട് പറഞ്ഞു.
പ്രൊഫഷണൽ കോഴ്സിന് ഇതുവരെ ആരും പോയിട്ടില്ലാത്ത സാധാരണ കുടുംബത്തിൽ നിന്ന് രണ്ടു വയസ്സുള്ള കുട്ടിയെ വീട്ടിലാക്കി 50 കിലോമീറ്ററോളം യാത്ര ചെയ്താണ് ഡിനു എം ജോയ് എം എസ് സി നേഴ്സിങ് പഠനം പൂർത്തിയാക്കിയത്. ദിവസവും ഇത്രയും കിലോമീറ്റർ സഞ്ചരിച്ചുള്ള പഠനം ദുഷ്ക്കരമായി. രാവിലെ എട്ടുമണിക്ക് ആരംഭിക്കുന്ന ക്ലാസുകൾ. ഒരു കുട്ടിയും ഇന്ന് വരെ വീട്ടിൽ നിന്നും വന്ന് പഠിച്ചു പാസ്സായിട്ടില്ല എന്ന് ട്യൂട്ടർമാരുടെ കമെന്റ്… ഹോസ്റ്റൽ സൗകര്യം ഉപയോഗിച്ചാൽ രണ്ട് വയസ്സുകാരൻ കുഞ്ഞിനെ വിട്ടിരിക്കാൻ സാധ്യമല്ലാത്ത മനസികാവസ്ഥ… മാനസികമായി തളരുന്ന സാഹചര്യം. ഒരുപാട് കഷ്ടപ്പെടുന്ന ഭർത്താവ്… വീട്ടിലെ കാര്യം നടക്കുന്നില്ല… ഇത്രയും വിഷമിച്ചു പഠിക്കാനോ എന്ന് ബന്ധുക്കൾ… എങ്കിലും പൂർണ്ണമായ മനസ്സോടെ ഡിനു പറഞ്ഞു.. ഈ റിസൾട്ട് എന്റെ ഭർത്താവായ ജോബിക്കുള്ളത്.. ജോബി സഹായിച്ചതുകൊണ്ടാണ് ഇന്ന് ഞാൻ ഡോക്ടറേറ്റ് നേടാൻ വഴിയൊരുങ്ങിയത്… എല്ലാവരും പറയും ഏതൊരു പുരുഷന്റെയും വിജയത്തിന് പിന്നിൽ ഒരു സ്ത്രീ എന്ന്.. എന്റെ കാര്യത്തിൽ ഇത് തിരിച്ചാണ് എന്ന് മാത്രം… എന്റെ മാത്രം കഴിവ് കൊണ്ടല്ല മറിച്ച് ഭർത്താവായ ജോബി തന്ന സപ്പോർട്ട് ആണ് എന്റെ വിജയങ്ങളുടെ അടിത്തറ…
കൂടെയുള്ള കൂട്ടുകാരികൾ യുകെയിലെ സ്റ്റോക്ക് ഓൺ ട്രെന്റിലും ഓസ്‌ട്രേലിയിലെ പെർത്തിലും, അയർലണ്ട്, അമേരിക്ക എന്നിവടങ്ങളിൽ എല്ലാം പോയി ജോലി ചെയ്യുന്നു. പുറത്തുപോയാൽ മാത്രമല്ല നഴ്സിങ്ങിൽ വിജയിക്കുക എന്ന് കൂടി ഡിനു നമുക്ക് കാണിച്ചു തരുന്നു. എത്രയധികം പഠിച്ചിട്ടും അവസരങ്ങൾ ലഭിക്കുന്നില്ല എന്ന പരാതിക്കാരോട് ഡിനുവിന് പറയാനുള്ളത് ആയിരിക്കുന്ന ഇടങ്ങളിൽ തന്നെ ഉൾവലിഞ്ഞു നിന്നാൽ വളരാൻ സാധിക്കില്ല എന്നാണ്.
പാലായ്ക്ക് അടുത്തുള്ള ഉരുളികുളം എന്ന കൊച്ചു ഗ്രാമത്തിലാണ് ഡിനു ജനിച്ചത്. സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത് വീടിനടുത്തുള്ള ഗവൺമെന്റ് എയ്ഡഡ് സ്കൂളിൽ ആണ്. ഉന്നതവിദ്യാഭ്യാസം എന്തുവേണമെന്നറിയാതെ നിന്നപ്പോൾ അമ്മയുടെ സഹോദരിയായ സിസ്റ്റർ എൽസി ആണ് ഈ വഴി തിരഞ്ഞെടുക്കാൻ പ്രേരിപ്പിച്ചത്. അങ്ങനെ പ്രീ ഡിഗ്രി സെക്കൻഡ് ഗ്രൂപ്പ് തെരഞ്ഞെടുക്കുകയും ഉന്നത മാർക്കോടെ നേഴ്സിങ്ങിന് പ്രവേശിക്കുകയും ചെയ്തു.
രോഗികളെ എങ്ങനെ പരിചരിക്കാം എന്നതിനെപ്പറ്റിയും, രോഗങ്ങളുടെ വിശദാംശങ്ങളെ പറ്റിയും കൂടുതൽ പഠിക്കാനുള്ള താല്പര്യം ഉണ്ടായിരുന്നു. ഉയർന്ന മാർക്കോടെ നേഴ്സിങ് പാസായി. ശേഷം വിവാഹം. പെരിങ്ങോലത്തെ ജോബി ജോസഫ് ആണ് ഭർത്താവ്. രണ്ട് കുട്ടികളുണ്ട്. കൂടുതൽ പഠിക്കണമെന്ന് താൽപര്യമുണ്ടായിരുന്നു. പക്ഷേ ഒരു നഴ്സിംഗ് ട്യൂട്ടറായി ജോലിയിൽ പ്രവേശിച്ചു. പിഎസ് സ്സിയുടെ നോട്ടിഫിക്കേഷൻ വന്നപ്പോൾ കൂടുതൽ സാദ്ധ്യതകൾ തിരിച്ചറിഞ്ഞു പരീക്ഷ എഴുതി. റാങ്ക് ലിസ്റ്റിൽ വന്നിട്ടും ടീച്ചറായി നിൽക്കണോ അതോ ജോലിയിൽ പ്രവേശിക്കണോ എന്നതിൽ സംശയം ഉണ്ടായിരുന്നു. ആദ്യം ബുദ്ധിമുട്ടുണ്ടായിരുന്നു എങ്കിലും, പിന്നീട് അതിൽ സന്തോഷം കണ്ടെത്തി.
സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ ആർദ്രം മിഷൻ പോലെയുള്ള പദ്ധതിയിൽ അവരെ ട്രെയിൻ നേഴ്സ്മാരായി എടുത്തു. പിന്നീട് പല ജില്ലകളിലായി പല ക്ലാസ്സുകളിലും ട്രെയിനർ ആയി പോകാൻ സാധിച്ചിട്ടുണ്ട്. പിന്നീട് പി എസ് ടു ആൻഡ് എഴുതുകയും അഡോളസൻസ് ഹെൽത് എന്ന വിഷയത്തിൽ റിസർച്ച് ആരംഭിക്കുകയും ചെയ്തു. അങ്ങനെ സ്കൂളുകളിലും ക്ലാസെടുക്കാൻ അവസരങ്ങൾ ലഭിച്ചു തുടങ്ങി. ആരോഗ്യസംബന്ധമായ എന്ത് വിഷയത്തിലും എവിടെയും ക്ലാസ്സ് എടുത്തു കൊടുക്കുന്ന മികവിലേക്ക് എത്തിച്ചേർന്നു. ധാരാളം വർഷങ്ങൾ പഠനത്തിനായി ചെലവിട്ട്, ഒടുവിൽ ആശുപത്രിയിൽ തന്നെ ഒതുങ്ങി പോകാതെ കൂടുതൽ സമൂഹത്തിലേക്ക് ഇറങ്ങണം എന്ന് സന്ദേശമാണ് ഡിനു എം ജോയ് നേഴ്‌സിങ് മേഖലയിലുള്ളവർക്ക് നൽകുന്നത്.
അഭിനന്ദനങ്ങൾ ഡിനു…
🙏🙏🙏😘