ആടുജീവിതം ഒമാനിൽ ചിത്രീകരിക്കാതിരിക്കാനും പ്രദർശിപ്പിക്കാതിരിക്കാനും ശ്രമം നടന്നിരുന്നുവെന്ന് സംവിധായകൻ ബ്ലെസി. സിനിമ ഒമാനിൽ ഷൂട്ട്​ ചെയ്യാൻ കഴിയാതിരുന്നത് മലയാളികളായ ചില ആളുകളുടെ നിക്ഷിപ്ത താൽപര്യം കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. ഒമാൻ ഫിലിം സൊസൈറ്റിയിൽ വാർത്താ സമ്മേളനം നടത്തുകയായിരുന്നു അദ്ദേഹം.

ആടുജീവിതത്തിന്റെ ചിത്രീകരണത്തിന് ഒരുപാട് ലൊക്കേഷനുകൾ നിശ്ചയിച്ചിരുന്നതാണെന്ന് ബ്ലെസി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഷൂട്ടിങ്ങിന് അനുമതി തേടുകയും അത് ലഭിക്കുന്നതിനായി കാത്തിരിക്കുകയും ചെയ്തു. എന്നാൽ ആടുജീവിതം പുസ്തകം നിരോധിച്ചതാണെന്ന തരത്തിലുള്ള മലയാളികളായ ചിലരുടെ അനാവശ്യമായ പ്രചരണമാണ് ചിത്രീകരണം നടക്കാതിരുന്നതിന് കാരണമെന്നാണ് താൻ മനസിലാക്കുന്നതെന്നും ബ്ലെസി കൂട്ടിച്ചേർത്തു.

ചിത്രത്തിലെ വില്ലനും ഒമാനി താരവുമായ താലിബ് അൽ ബലൂഷിയും വാർത്താസമ്മേളനത്തിൽ പങ്കെടുത്തിരുന്നു. മലയാളത്തിന് തിലകൻ എങ്ങനെയാണോ അതുപോലെയാണ് ബലൂഷിയെന്നാണ് ബ്ലെസി അദ്ദേഹത്തെ വിശേഷിപ്പിച്ചത്. ചിത്രത്തിന് ഓസ്കർ ലഭിക്കുമോ എന്ന ചോദ്യത്തിന് അത് കോടികൾ ചിലവുള്ള ഏർപ്പാടാണെന്നാണ് ബ്ലെസിയും ബലൂഷിയും പ്രതികരിച്ചത്. സൗദിയിലും കുവൈത്തിലും ചിത്രത്തിന്റെ പ്രദർശനത്തിനുള്ള ശ്രമം തുടരുകയാണെന്നും ഇവർ വ്യക്തമാക്കി.

ആടുജീവിതത്തിൽ ഹക്കീം എന്ന വേഷത്തിലെത്തിയ കെ.ആർ. ​ഗോകുൽ, പെരിയോനേ എന്ന ​ഗാനമാലപിച്ച ജിതിൻ രാജ്, ഒമാനി ​ഗായകൻ ജാ​ഹദ് അൽ അറൈസി, ഒമാനി നടനും സംവിധായകനുമായ മുനീർ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.