മോഹന്‍ലാല്‍ കാര്‍ റേസറായി അഭിനയിച്ച നടക്കാതെ പോയ സിനിമയെ കുറിച്ച് സംവിധായകന്‍ രാജീവ് അഞ്ചല്‍. സ്‌പോര്‍ട്‌സ് ഡ്രാമയായി ഒരുക്കിയ ചിത്രത്തിന്റെ പേര് ‘ഓസ്‌ട്രേലിയ’ എന്നായിരുന്നു. അക്കാലത്ത് പ്രധാനമായും കാര്‍ റേസ് നടക്കുന്ന ശ്രീ പെരുമ്പത്തൂരാണ് ഓസ്‌ട്രേലിയയുടെ ചിത്രീകരണം നടത്തിയത്.

റിസ്‌കി ഷോട്ടുകള്‍ ചിത്രീകരിക്കാന്‍ താല്‍പര്യമുള്ള ജെ വില്യംസ് ആയിരുന്നു ഛായാഗ്രാഹകന്‍. വേറിട്ട ലുക്കിലായിരുന്നു മോഹന്‍ലാല്‍ ആ രംഗങ്ങളില്‍ അഭിനയിച്ചത്. കാര്‍ റേസില്‍ ഭ്രാന്ത് പിടിച്ച നായകനായി മോഹന്‍ലാല്‍ എത്തിയപ്പോള്‍ റേസിംഗില്‍ നിന്നും പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്ന കാമുകിയാണ് നായികയായി എത്തിയത്.

കാമുകിയുടെ ഭയം മാറാന്‍ നായകന്‍ കാര്‍ വേഗത്തില്‍ ഓടിക്കുകയും അപകടം ഉണ്ടാവുകയും ചെയ്യുന്നുണ്ട് എന്നാണ് സംവിധായകന്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു. ഓസ്‌ട്രേലിയ നടന്നില്ലെങ്കിലും അതിലെ രംഗങ്ങള്‍ ബട്ടര്‍ഫ്‌ളൈസ് എന്ന ചിത്രത്തിന് ഉപയോഗിച്ചെന്നും സംവിധായകന്‍ വ്യക്തമാക്കി.

ഓസ്‌ട്രേലിയയ്ക്ക് വേണ്ടി ഒരു കാര്‍ ഒക്കെ ഡിസൈന്‍ ചെയ്തിരുന്നു. നായകന്റെ വര്‍ക്ക്‌ഷോപ്പും ഉണ്ടായിരുന്നു. ആ രംഗങ്ങളും ചിത്രീകരിച്ചു. എന്നാല്‍ സിനിമ ഉപേക്ഷിക്കുകയായിരുന്നു. ചിത്രീകരിച്ച രംഗങ്ങളൊക്കെ ബട്ടര്‍ഫ്‌ളൈസിന് വേണ്ടി ഉപയോഗിച്ചു.

ബട്ടര്‍ഫ്‌ളൈസിലെ നായകന്‍ കാര്‍ റേസിന് പോകുന്ന ആളാണ് എന്ന് സൂചിപ്പിച്ചു. ബട്ടര്‍ഫ്‌ളൈസിന്റെ ടൈറ്റില്‍ സോംഗിനാണ് ശ്രീ പെരുമ്പത്തൂരില്‍ ചിത്രീകരിച്ച രംഗങ്ങള്‍ ഉപയോഗിച്ചത്. അക്കാലത്ത് ആ സിനിമ ഹിറ്റായി എന്നും രാജീവ് അഞ്ചല്‍ വ്യക്തമാക്കി.