സംവിധായകനും ഛായാഗ്രഹകനുമായ സംഗീത് ശിവൻ(65) അന്തരിച്ചു. മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെയായിരുന്നു അന്ത്യം. യോദ്ധ,വ്യൂഹം,ഗാന്ധർവം,നിർണയം തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനാണ്. മലയാളം, ഹിന്ദി ഭാഷകളിലായി ഇരുപതോളം ചിത്രങ്ങൾ സംവിധാനം ചെയ്തു.

1997ൽ സണ്ണി ഡിയോൾ നായകനായ ‘സോർ’ എന്ന സിനിമയിലൂടെ ബോളിവുഡിൽ തുടക്കം. സന്ധ്യ, ചുരാലിയാ ഹേ തുംനേ, ക്യാ കൂൾ ഹേ തും, അപ്ന സപ്ന മണി മണി, ഏക്–ദ് പവർ ഓഫ് വൺ, ക്ലിക്ക്, യാംല പഗ്‌ല ദീവാന 2 എന്നീ ഹിന്ദി ചിത്രങ്ങൾ സംവിധാനം ചെയ്തു. മലയാളത്തിൽ ഇഡിയറ്റ്സ്, ഇ എന്ന ചിത്രങ്ങളിൽ നിർമാതാവുമായി.

പ്രശസ്ത ഫൊട്ടോഗ്രാഫറും ഛായാഗ്രഹകനുമായ ശിവന്റെ മകനാണ് സംഗീത്. പ്രശസ്ത ഛായാഗ്രഹകൻ സന്തോഷ് ശിവൻ, സംവിധായകൻ സഞ്ജീവ് ശിവൻ എന്നിവർ സഹോദരങ്ങളാണ്.