പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ ഷാഫി അന്തരിച്ചു. 56 വയസായിരുന്നു. കരള്‍ രോഗത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. ഇന്ന് രാവിലെ 9:30 മുതല്‍ ഒരുമണി വരെ മണപ്പാട്ടിപ്പറമ്പ് കൊച്ചിന്‍ സര്‍വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. വൈകുന്നേരം നാലിന് കറുകപ്പിള്ളി ജുമാമസ്ജിദില്‍ കബറടക്കും.

ആന്തരിക രക്തസ്രാവത്തെത്തുടര്‍ന്ന് ഈ മാസം 16 നാണ് ഷാഫിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ദിവസങ്ങളോളം കഠിനമായ തലവേദനയും ഉറക്കമില്ലായ്മയും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ഷാഫി ചികിത്സ തേടിയത്. വിദഗ്ധ പരിശോധനയില്‍ തലച്ചോറിലെ രക്തസ്രാവം കണ്ടെത്തി. ശസ്ത്രക്രിയ നടത്തിയെങ്കിലും ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് വെന്റിലേറ്റര്‍ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തിയിരുന്നത്.

ഭാര്യ: ഷാമില. മക്കള്‍: അലീമ, സല്‍മ. സംവിധായകനും തിരക്കഥാകൃത്തുമായ റാഫി സഹോദരനാണ്. മൃതദേഹം കറുകപ്പിള്ളിയിലെ വീട്ടിലെത്തിച്ചു. എളമക്കര മൂത്തോട്ടത്ത് എം.പി. ഹംസയുടെയും നബീസയുടെയും മകനായ ഷാഫിയുടെ യഥാര്‍ഥ പേര് എം.എച്ച് റഷീദ് എന്നാണ്. ബന്ധുവായ സംവിധായകന്‍ സിദ്ദീഖിന്റെയും സഹോദരന്‍ റാഫിയുടെയും പാതയിലൂടെയാണ് സിനിമയിലേക്ക് കടന്നുവന്നത്. സംവിധാനം ചെയ്ത 17 സിനിമകളില്‍ ഏറെയും വമ്പന്‍ ഹിറ്റുകളായിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഹാസ്യത്തിന് നവീന ഭാവം നല്‍കിയ സംവിധായകനായിരുന്നു ഷാഫി. സംവിധായകരായ രാജസേനന്റെയും റാഫി-മെക്കാര്‍ട്ടിന്റേയും സഹായിയായാണ് സിനിമാ രംഗത്തേക്കുള്ള പ്രവേശനം. 2001 ല്‍ പുറത്തിറങ്ങിയ വണ്‍മാന്‍ഷോ എന്ന ചിത്രത്തിലൂടെയാണ് ഷാഫി സ്വതന്ത്ര സംവിധായകനായത്. തുടര്‍ന്ന് നിരവധി സൂപ്പര്‍ഹിറ്റ് ചിത്രങ്ങളൊരുക്കി.

കല്യാണരാമന്‍, പുലിവാല്‍ കല്യാണം, തൊമ്മനും മക്കളും, മായാവി, ചട്ടമ്പിനാട്, ചോക്ലേറ്റ്, മേരിക്കുണ്ടൊരു കുഞ്ഞാട്, മേക്കപ്പ്മാന്‍, ടു കണ്‍ട്രീസ്, ഷെര്‍ലക്ക് ടോംസ് തുടങ്ങി 18 ചിത്രങ്ങള്‍ സംവിധാനം ചെയ്തു. ഇതില്‍ മജ എന്ന തമിഴ് ചിത്രവും ഉള്‍പ്പെടും. തൊമ്മനും മക്കളും എന്ന ചിത്രത്തിന്റെ റീമേക്ക് ആയിരുന്നു ഇത്. 2022 ല്‍ പുറത്തിറങ്ങിയ ആനന്ദം പരമാനന്ദം ആയിരുന്നു അവസാനമൊരുക്കിയ ചിത്രം.