തന്റെ അരങ്ങേറ്റ ചിത്രത്തിലൂടെ തന്നെ മലയാളത്തിലെ എണ്ണം പറഞ്ഞ വിജയങ്ങളിൽ ഒന്ന് സ്വന്തമാക്കിയ സംവിധായകൻ ആണ്‌ ലാൽ ജൂനിയർ. ആദ്യ സിനിമ ‘ഹണിബീ’ക്കും മുന്നേ ‘ഡെബ്റ്റ് ‘എന്ന ഹ്രസ്വ ചിത്രത്തിലൂടെ സ്റ്റേറ്റ് അവാർഡ് സ്വന്തമാക്കിയ അദ്ദേഹം പക്ഷേ തന്റെ രണ്ടാമത്തെ ചിത്രത്തിലൂടെ പ്രേക്ഷകരെ അമ്പരിപ്പിക്കുകയായിരുന്നു . ‘ഹൈ, ഐ ആം ടോണി ‘എന്ന ഡാർക്ക് മൂഡിലുള്ള ത്രില്ലർ സിനിമ നിരൂപകരും സിനിമ പ്രേമികളും ഒരുപാട് പുകഴ്ത്തിയെങ്കിലും , ഒരു വിഭാഗം പ്രേക്ഷകർ ആ സിനിമയെ ആക്രമിക്കുകയും പരാജയപ്പെടുത്തുകയും ചെയ്തു. ‘ഹണിബീ- 2’ വിലൂടെ വീണ്ടും മടങ്ങി വന്നെങ്കിലും ഹണിബീയുടെ പ്രേക്ഷകരെ പഴയ പോലെ തൃപ്തിപ്പെടുത്താൻ സാധിക്കാതെ പോയത് ആ സിനിമയെയും മറ്റൊരു പരാജയത്തിലേക്ക് നയിച്ചു. പക്ഷേ തോൽവികളിൽ തളരാതെ അയാൾ പിന്നെയും തിരിച്ചു വന്നു, ക്യാമറയുടെ മുന്നിലേക്ക്. ഈ വർഷം ഇറങ്ങിയ അണ്ടർവേൾഡ് എന്ന സിനിമയിലെ പ്രതിനായകനായി ലാൽ ജൂനിയർ പ്രേക്ഷകരുടെ കയ്യടി നേടി , വീണ്ടും സംവിധായക മേലങ്കി അണിയാൻ തീരുമാനിച്ചപ്പോൾ ലാൽ ജൂനിയറിനോടൊപ്പം കൈ കോർക്കാൻ മലയാളത്തിന്റെ പ്രിയപ്പെട്ട നടനും നിർമ്മാതാവും സംവിധായകനുമായ പൃഥ്വിരാജ് സുകുമാരനും മലയാള സിനിമയുടെ ഏറ്റവും വിലപിടിപ്പുള്ള എഴുത്തുകാരൻ സച്ചിയും തയാറായതോടെ ആണ് ‘ഡ്രൈവിംഗ് ലൈസൻസ് ‘എന്ന സിനിമ പിറവി കൊണ്ടത് .

മലയാള സിനിമയിലെ ഏറ്റവും മികച്ച കൂട്ടുകെട്ടുകളില്‍ ഒന്നാണ് സിദ്ദിഖ് ലാലിന്റെത്. സിദ്ദിഖ് ലാല്‍ ലേബലില്‍ വന്ന പല സിനിമകളും വിലിയ ഹിറ്റുകളാണ് സമ്മാനിച്ചിട്ടുള്ളത്. എന്നാല്‍ ഇടയ്ക്ക് വച്ച് ഈ കൂട്ടുകെട്ട് ഇല്ലാതായി. അതിന്റെ കാരണങ്ങള്‍ ഇന്നും പ്രേക്ഷകര്‍ക്ക് വ്യക്തമല്ല. സിനിമകള്‍ ഒന്നിച്ച് ചെയ്യാറില്ലെങ്കിലും വ്യക്തിപരമായി ഇവര്‍ തമ്മില്‍ ഇന്നും വലിയ സൗഹൃദം തന്നെയാണ്.

തന്റെ എല്ലാ സിനിമകളെക്കുറിച്ചും സിദ്ദിഖ് അങ്കിള്‍ അഭിപ്രായം പറയാറുണ്ടെന്നും ടോണിയാണ് അങ്കിളിനിഷ്ടപ്പെട്ട സിനിമയെന്നുമാണ് അഴിമുഖത്തിനു നല്‍കിയ അഭിമുഖത്തില്‍ ലാല്‍ ജൂനിയര്‍ പറഞ്ഞു. സിദ്ദിഖ് സാര്‍ ലാല്‍ ജൂനിയറിന്റെ സിനിമകള്‍ കണ്ട് അഭിപ്രായം പറയാറുണ്ടോ എന്ന ചോദ്യത്തിനായിരുന്നു മറുപടി.

“എന്റെ സിനിമകളില്‍ സിദ്ദിഖ് അങ്കിളിന് ഏറ്റവും ഇഷ്ടം ടോണി ആണ്. ആ സിനിമ കണ്ടിട്ട് സിദ്ദിഖ് അങ്കിള്‍ എന്നോട് പറഞ്ഞത് നീ ചെയ്യേണ്ടത് ഇങ്ങനത്തെ സിനിമകള്‍ ആണ്, ബാക്കി സിനിമകള്‍ ഒക്കെ ചെയ്യാന്‍ പിന്നെയും ആളുകളുണ്ട്, പക്ഷേ ടോണി പോലുള്ള സിനിമകള്‍ എല്ലാവര്‍ക്കും ചെയ്യാന്‍ പറ്റുന്നതല്ല എന്നാണ്. അതൊരു വലിയ അവാര്‍ഡ് ആയിരുന്നു.” ലാല്‍ ജൂനിയര്‍ പറഞ്ഞു.

അഭിമുഖത്തിന്റെ പൂര്‍ണ്ണ രൂപം വായിക്കാം

 എന്താണ് ഡ്രൈവിംഗ് ലൈസൻസ്‌?

ഡ്രൈവിംഗ് ലൈസൻസ്‌ സത്യത്തിൽ ഒരു “പൊളിറ്റിക്കൽ ഡ്രാമ “ആണ്‌ .അധികാരം ഉള്ള ഒരാൾ അധികാരം ഇല്ലാത്ത മറ്റൊരാളെ എങ്ങനൊക്കെ ഉപദ്രവിക്കാം, അതുപോലെ മനുഷ്യന്റെ മനസ്സിലുള്ള ഈഗോ വർക്ഔട്ട് ആവുമ്പോൾ രണ്ടു പേർ തമ്മിൽ എങ്ങനൊക്കെ പ്രശ്നങ്ങൾ ഉണ്ടാവാം എന്നൊക്കെ സംസാരിക്കുന്ന ഒരു സിനിമ ആണ്‌. പിന്നെ ഇന്ത്യയിലെ ആളുകളെ ഏറ്റവും കൂടുതൽ സ്വാധീനിക്കുന്ന രണ്ട്‌ കാര്യങ്ങളാണ് സിനിമയും ക്രിക്കറ്റും, അത്രത്തോളം ആരാധകർ ഉള്ള രണ്ട് മേഖലകൾ ആണത്. അത്തരത്തിൽ ഒരു ആരാധകന്റെയും അയാളിഷ്ടപ്പെടുന്ന ഒരു സൂപ്പർ താരത്തിന്റെയും കഥ പറയുന്ന സിനിമ കൂടി ആണ്‌ ഡ്രൈവിംഗ് ലൈസൻസ്‌.

എങ്ങനെയാണ് ഡ്രൈവിംഗ് ലൈസൻസിലേക്ക്‌ എത്തുന്നത്?

ആദ്യ സിനിമ ഹണിബീക്ക് ശേഷം എന്ത് പ്രൊജക്റ്റ് എന്ന്‌ ആലോചിക്കുന്ന സമയത്താണ് ഒരു സൂപ്പർസ്റ്റാർ പടം ചെയ്യാം എന്നൊരു തോട്ട് ഉണ്ടാവുന്നത് .സച്ചിയേട്ടൻ ശരിക്കും മറ്റൊരു സംവിധായകന് വേണ്ടി എഴുതിയ കഥയായിരുന്നു ഇത്‌. സച്ചിയേട്ടനിൽ നിന്ന് ഈ കഥ കേട്ടപ്പോ തന്നെ എനിക്ക് ഭയങ്കര ഇഷ്ടമായി, അങ്ങനെ ഞാൻ പുള്ളീടെ പുറകെ നടന്ന് ചോദിച്ച് ഒടുവിൽ പപ്പയെ കൊണ്ട്‌ വിളിപ്പിച്ച് ആ കഥ വാങ്ങുകയായിരുന്നു. അന്നത് മമ്മൂക്കയെ വച്ച് ചെയ്യാം എന്ന പ്ലാനിലായിരുന്നു, പക്ഷേ പല കാരണങ്ങൾ കൊണ്ട്‌ മമ്മൂക്ക മാറിയപ്പോൾ, പിന്നെ അത് മുൻപോട്ട് കൊണ്ടുപോകാൻ കെൽപ്പുള്ള ഒരു സ്റ്റാറിനെ കിട്ടാതെ വരികയും അങ്ങനെ ആ തിരക്കഥ നമ്മൾ ഹോൾഡ് ചെയ്ത് വയ്ക്കുകയും ചെയ്തു. അങ്ങനെ ആണ്‌ ടോണിയും, കിംഗ് ലയറും, ഹണി ബീ 2വും സംഭവിച്ചത്. അങ്ങനെ ഇരിക്കെ സച്ചിയേട്ടനിൽ നിന്ന്‌ പൃഥ്വിരാജ് ഈ കഥ കേട്ടു. പുള്ളിക്ക് അത് ഭയങ്കരമായി ഇഷ്ടപ്പെട്ടു. അങ്ങനെ ആണ്‌ ഡ്രൈവിംഗ് ലൈസൻസ്‌ സംഭവിക്കുന്നത്.

മമ്മൂക്കയ്ക്ക് ശേഷം പൃഥ്വിരാജ് എന്ന തീരുമാനം?

പൃഥ്വിരാജിനെ നമ്മൾ തീരുമാനിച്ചതല്ല, പുള്ളി ഈ കഥ ഇഷ്ടപ്പെട്ട് അത് ചെയ്യാം എന്ന്‌ തീരുമാനിക്കുകയായിരുന്നു. എന്തുകൊണ്ടോ അതൊരു ശരിയായ തീരുമാനം ആയിരുന്നു. ഞാൻ ഈ കഥയുമായി എനിക്ക് ചെല്ലാൻ കഴിയുന്ന അഭിനേതാക്കളുടെ അടുത്തൊക്കെ പോയതാണ്, അവർക്കെല്ലാവർക്കും തന്നെ ഈ കഥ വളരെ ഇഷ്ടപ്പെടുകയും ചെയ്തതാണ്. പക്ഷേ അവർക്കാർക്കും ഈ കഥാപാത്രത്തെ പുൾ ഓഫ് ചെയ്യാനുള്ള ഒരു കോൺഫിഡൻസ് ഉണ്ടായിരുന്നില്ല. ഒരു സൂപ്പർസ്റ്റാർ എന്ന റോൾ ചെയ്യണമെങ്കിൽ ഒന്നുകിൽ അത് ഒരു റിയൽ സൂപ്പർസ്റ്റാർ ആയിരിക്കണം, അല്ലെങ്കിൽ അത് നിലനിൽക്കില്ല. മമ്മൂട്ടി, മോഹൻലാൽ എന്നിവർക്ക് ശേഷം മലയാള സിനിമയിൽ അത്‌ പുൾ ഓഫ് ചെയ്യാൻ ഇപ്പോൾ പൃഥ്വിരാജിനേ കഴിയൂ .ഞാൻ ആയിട്ട് തീരുമാനിച്ചതല്ല, എനിക്ക്‌ ഭാഗ്യം പോലെ വന്ന്‌ സെറ്റ് ആയതാണ്.

സുരാജ്‌ വെഞ്ഞാറമൂടിനെ ഈ കഥയിലേക്ക് എത്തിച്ചത് എങ്ങനെയാണ്?

അത്‌ ശരിക്കും പൃഥ്വിരാജ്ന്റെ സജഷൻ ആയിരുന്നു. നമ്മൾ ഇങ്ങനെ ഒരുപാട്‌ പേരെ ആലോചിക്കുകയും ഫിക്സ് ആവാതിരിക്കുകയും ചെയ്യുന്ന സമയത്ത് രാജുവേട്ടനാണ് സുരാജ് ചെയ്താ നന്നാവില്ലേ എന്ന്‌ എന്നോട് ചോദിച്ചത്. കേട്ടപ്പോൾ നല്ല ഓപ്ഷൻ ആണെന്ന് തോന്നുകയും അങ്ങനെ സുരാജേട്ടനിലേക്ക്‌ എത്തുകയും ആയിരുന്നു.

സൂപ്പർസ്റ്റാറിന്റെ ആരാധകനായി സുരാജ്‌ എത്തിയപ്പോൾ?

ഒരു സൂപ്പർസ്റ്റാറും ഒരു സാധാരണക്കാരനായ ആരാധകനും. അവരാണ് ഈ കഥയിലെ നായകന്മാർ. സുരാജേട്ടന് അങ്ങനെ ഒരു സാധാരണക്കാരന്റെ ഇമേജ് നമുക്കെല്ലാവർക്കും ഇടയിലുണ്ട്. ആളുകൾ സ്വന്തം വീട്ടിലെ ഒരു അംഗം എന്നത് പോലെ അംഗീകരിച്ചിട്ടുള്ള ഒരു ആക്ടർ ആണ്‌ സുരാജേട്ടൻ. അതുകൊണ്ട്‌ തന്നെ പുള്ളിക്ക് ഇത്‌ ചെയ്യാൻ കഴിയുമോ എന്നൊരു സംശയം ഒന്നും നമുക്കില്ലായിരുന്നു. ഞാൻ ഈ കഥ പറഞ്ഞ എല്ലാ താരങ്ങളും പറഞ്ഞത് സുരാജേട്ടന്റെ റോൾ ചെയ്തോളാം എന്നാണ്‌, അതത്രയ്ക്ക് മനോഹരമായ ഒരു ക്യാരക്ടർ ആണ്‌. സുരാജേട്ടൻ അത്‌ ഗംഭീരമാക്കിയിട്ടുണ്ട്.

ആദ്യമായിട്ടാണ് മറ്റൊരാളുടെ തിരക്കഥ സംവിധാനം ചെയ്യുന്നത്‌, എങ്ങനെയുണ്ടായിരുന്നു?

അത്‌ ഗംഭീര അനുഭവം ആയിരുന്നു. ഞാനൊന്നും സത്യത്തിൽ ഒരു നല്ല എഴുത്തുകാരനല്ല എന്ന്‌ തിരിച്ചറിയുകയായിരുന്നു. ശരിക്കും ഇഷ്ടപ്പെട്ടു ആ പ്രോസസ്സ്. കാരണം ഞാൻ ഇത്തവണ സംവിധായകൻ എന്ന നിലയിൽ എന്റെ വർക്കിൽ മാത്രമായിരുന്നു ശ്രദ്ധിച്ചത്. പിന്നെ അത് വളരെ സോളിഡ് ആയ ഒരു തിരക്കഥ ആയിരുന്നു. അതിനെ എത്ര അടിപൊളി ആയി എടുക്കാം എന്നത് ഒരു വെല്ലുവിളി ആയിരുന്നു. എനിക്ക്‌ അറിയാവുന്ന മേഖലയിൽ ഇത്തവണ എനിക്ക്‌ ഒരുപാട്‌ എക്‌സ്‌പ്ലോർ ചെയ്യാൻ പറ്റി. അത്‌ ഈ സിനിമയ്ക്കും എനിക്കും ഒരുപാട്‌ ഗുണം ചെയ്തിട്ടുണ്ട്.

മൂന്ന്‌ സിനിമകൾ ചെയ്തതിൽ രണ്ടും പരാജയങ്ങൾ ആയിരുന്നു, പരാജയങ്ങളിൽ വിഷമം തോന്നിയിട്ടുണ്ടോ?

തീർച്ചയായിട്ടും, വിഷമം തോന്നിയിട്ടില്ലെന്ന്‌ പറഞ്ഞാൽ അത്‌ വലിയ നുണയായിപ്പോകും. നമ്മൾ എല്ലാ സിനിമകൾ ചെയ്യുന്നതും സൂപ്പർഹിറ്റ് ആവാൻ വേണ്ടി തന്നെയാണ്. നമുക്ക് നിലനിൽപ്പുള്ളതും സിനിമകൾ ഓടുമ്പോൾ തന്നെയാണ്‌. ടോണി ഞാൻ ഏറ്റവും എൻജോയ് ചെയ്ത് വർക്ക് ചെയ്ത ഒരു സിനിമയാണ്. എന്റെ വളരെ അടുത്ത സുഹൃത്തുക്കളായ അഭിനേതാക്കൾ, എന്ത് ചോദിച്ചാലും തരുന്ന ഒരു പ്രൊഡ്യൂസർ. ശരിക്കും ടോണി ഒരു ടെക്നിക്കൽ സിനിമ ആയിരുന്നു. ഒരു ടെക്‌നിഷ്യൻ എന്ന നിലയിൽ ഞാൻ ഒരുപാട് എക്‌സ്‌പ്ലോർ ചെയ്ത സിനിമയാണ്. അതുകൊണ്ട് എനിക്ക്‌ അത്ര നിരാശ തോന്നിയില്ല. പക്ഷേ ഹണിബീ 2 ശരിക്കും വിഷമിപ്പിച്ചു. അത്‌ ശരിക്കും കാശ് ഉണ്ടാക്കാൻ വേണ്ടി ചെയ്ത ഒരു കൊമേർഷ്യൽ സിനിമ ആയിരുന്നു. അല്ലാതെ ഒരു ആർട്ട് എലമെന്റ് ഒന്നും അതിനുണ്ടായിരുന്നില്ല. ആ സിനിമയുടെ പരാജയം എന്നെ പഠിപ്പിച്ചത് എനിക്ക്‌ പറ്റുന്ന തരത്തിലുള്ള സിനിമ ചെയ്താ മതി എന്നാണ്. അങ്ങനെ നോക്കുമ്പോള്‍ പരാജയങ്ങൾ നേട്ടവുമാണ്.

ഹണി ബി 2 ചെയ്യേണ്ടിയില്ലായിരുന്നു എന്ന്‌ തോന്നിയിരുന്നോ?

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ശരിക്കും അത്‌ മറ്റൊരു നടനെ വച്ച് ചെയ്യാൻ വേണ്ടി ആലോചിച്ച വേറൊരു കഥയായിരുന്നു. അത്‌ ഹണി ബീയുടെ പ്ലോട്ടിലേക്ക് ഇടുകയായിരുന്നു, പക്ഷേ ആ കഥ അങ്ങനെ അല്ലായിരുന്നു പറയേണ്ടിയിരുന്നത്. ഹണി ബീ 2 സംഭവിക്കുമായിരുന്നു, പക്ഷേ അതിങ്ങനെ ആവില്ലായിരുന്നു.

ടോണി ഈ കാലഘട്ടത്തിൽ ചെയ്തിരുന്നേൽ സ്വീകരിക്കപ്പെടുമായിരുന്നു എന്ന്‌ വിശ്വസിക്കുന്നുണ്ടോ?

പരീക്ഷണം എന്നത്‌ എന്നെങ്കിലും സ്വീകരിക്കപ്പെടും, എന്നാൽ അതിൽ മിക്കതും ഇറങ്ങിയ കാലത്ത് പരാജയം ആയിരിക്കും. ടോണി ഒരു പരാജയപ്പെട്ട പരീക്ഷണം ആയിരുന്നു, അതിന്ന് ചെയ്‌താൽ വിജയിക്കുമോ എന്നൊന്നും എനിക്കറിയില്ല. പക്ഷേ ഞാൻ മനസിലാക്കിയ ഒരു കാര്യം പറയാം, നമ്മൾ പരീക്ഷണം നടത്തുമ്പോൾ കഴിവതും നമ്മുടെ പൈസയ്ക്ക് തന്നെ ചെയ്യാൻ ശ്രമിക്കണം, അല്ലേൽ അത്‌ വല്ലാത്ത ഒരു ഭാരം ആയിരിക്കും. ഇപ്പോൾ ഞാൻ ഒരു സിനിമ ആലോചിക്കുന്നുണ്ട് ” ഫ്ലവർ പവർ ” ,അത് പൂർണ്ണമായും ഒരു പരീക്ഷണമാണ്‌,വളരെ അധികം സെൻസേഷണൽ ആയ വിഷയം പറയുന്ന ഒരു ഫീമെയിൽ ഓറിയന്റഡ് സിനിമ ആണ്‌. അത്‌ ഞാൻ എന്റെ സ്വന്തം പ്രൊഡക്ഷൻ ബാനറിൽ ചെയ്യാനാണ് ഉദ്ദേശിക്കുന്നത്, അതിന്റെ ഒരുക്കത്തിലാണ്.

നടനായി ഇനിയും പ്രതീക്ഷിക്കാമോ?

എനിക്കറിയില്ല, ശരിക്കും നമുക്ക് ആക്ടിങ് കരിയർ പ്ലാൻ ചെയ്യാൻ പറ്റില്ല. മറ്റുള്ളവരാണ് നമ്മുടെ ഭാവി അതിൽ തീരുമാനിക്കുന്നത്. ഞാനായിട്ട് കഥ എഴുതി സംവിധാനം ചെയ്യുന്ന ഒരു സിനിമയിൽ ഞാൻ ഒരിക്കലും അഭിനയിക്കില്ല, എനിക്ക്‌ ചെയ്യാൻ പറ്റുന്ന നല്ല വേഷങ്ങൾ വന്നാൽ തീർച്ചയായിട്ടും അഭിനയിക്കും.

ടീസറിലും ട്രെയ്ലറിലും ഒക്കെ കണ്ട ഫാൻ എന്ന സിനിമയുമായി ഉള്ള സാമ്യം?

സാമ്യം ഉണ്ടാവാം, കാരണം ഫാൻ ഒരു ആരാധകന്റെ കഥ ആയിരുന്നു പറഞ്ഞത്‌. ഇതിലും ഒരു ആരാധകന്റെ കഥ പറയുന്നുണ്ട്. രണ്ടിലും പറയുന്ന ഇമോഷൻ ഒന്നാണ്, പക്ഷേ അത്‌ പറയുന്ന വിഷയങ്ങൾ വേറെയാണ്.

ഡ്രൈവിംഗ് ലൈസൻസിലെ മറ്റ്‌ അഭിനേതാക്കൾ ആരൊക്കെയാണ്?

പൃഥ്വിരാജ് , സുരാജ് എന്നിവർ കഴിഞ്ഞാൽ മിയ, ദീപ്തി സതി, മാസ്റ്റർ ആദിഷ്, നന്ദു, ലാലു അലക്സ്, സുരേഷ് കൃഷ്ണ, സൈജുകുറുപ്പ്, മേജർ രവി, വിജയരാഘവൻ, ഇടവേള ബാബു, അരുൺ, നന്ദു പൊതുവാൾ, ശിവജി ഗുരുവായൂർ, സുനിൽ ബാബു, വിജയകുമാർ, അനീഷ് ജി മേനോൻ, മൃദുൽ നായർ, സോഹൻ സീനുലാൽ, കലാഭവൻ നവാസ്, കലാഭവൻ ഹനീഫ് അങ്ങനെ ഒരുപാട് വലിയ ആർട്ടിസ്റ്റുകൾ ഈ സിനിമയുടെ ഭാഗം ആണ്‌.

മലയാള സിനിമയിൽ ഈ അടുത്തൊന്നും ഇത്രയും വലിയ ആർട്ടിസ്റ്റുകൾ ഉള്ള ഒരു സിനിമ വന്നിട്ടില്ല, എങ്ങനെയായിരുന്നു ഈ കാസ്റ്റിംഗ്?

ഈ പടത്തിൽ കാസ്റ്റിംഗ് വളരെ പ്രധാനം ആയിരുന്നു. ഇവരെല്ലാവരും തന്നെ ഡിമാൻഡിങ് ആയിരുന്നു ഈ കഥയിൽ. ഇതിലെ കഥാപാത്രങ്ങൾ എല്ലാവരും പറയുന്ന കാര്യങ്ങൾ പ്രാധാന്യം ഉള്ളതും ആളുകളിലേക്ക്‌ എത്തേണ്ടതും ആണ്‌. അപ്പോ ഒരു പുതിയ ആളെ കൊണ്ട്‌ വന്ന്‌ ആളുകൾക്ക് പരിചയപ്പെടുത്താനുള്ള സമയം തിരക്കഥയിൽ ഇല്ല. അതുകൊണ്ട്‌ പ്രേക്ഷകർക്ക് കാണുമ്പോൾ തന്നെ ആ കഥാപാത്രത്തെ റിലേറ്റ് ചെയ്യാൻ പറ്റുന്ന ഒരു ആർട്ടിസ്റ്റിനെ ചൂസ് ചെയ്യുകയായിരുന്നു. അത്‌ വളരെ നന്നായി വന്നിട്ടുമുണ്ട്.

സ്ഥിരം ടീമിൽ നിന്ന്‌ ചെറിയ മാറ്റങ്ങൾ വരുത്തിയാണ് ഇത്തവണ വരുന്നത്, അതിന്റെ കാരണം?

ശരിക്കും ഈ പടം ആദ്യം പ്ലാൻ ചെയ്യുമ്പോൾ എന്റെ സ്‌ഥിരം ടീം തന്നെയായിരുന്നു. പിന്നെ ഞാൻ അണ്ടർവേൾഡിൽ അഭിനയിക്കുമ്പോഴാണ് അലക്സിനെയും യാക്സ്നെയും നേഹയെയും ഒക്കെ പരിചയപ്പെടുന്നത്. പിന്നേ ഈ സിനിമ തുടങ്ങേണ്ട സമയം എന്റെ കൂടെ ഉണ്ടായിരുന്നവർ അവരുടെ മറ്റ്‌ പ്രോജക്ടുകളുടെ തിരക്കിലായിരുന്നു. പിന്നെ മാറ്റം നല്ലതാണ്, കാരണം ഞാൻ പഠിക്കുന്നത് എന്റെ ഒപ്പം വർക്ക് ചെയ്യുന്നവരിൽ നിന്നാണ്. പുതിയ ആളുകൾ വരുമ്പോൾ നമ്മുടെ അറിവും കൂടും എന്നാണ്‌ ഞാൻ വിശ്വസിക്കുന്നത്.

സിദ്ദിഖ് സാർ ലാൽ ജൂനിയറിന്റെ സിനിമകൾ കണ്ട്‌ അഭിപ്രായം പറയാറുണ്ടോ?

തീർച്ചയായിട്ടും. എന്റെ സിനിമകളിൽ സിദ്ദിഖ് അങ്കിളിന്‌ ഏറ്റവും ഇഷ്ടം ടോണി ആണ്‌. ആ സിനിമ കണ്ടിട്ട് സിദ്ദിഖ്‌ അങ്കിൾ എന്നോട് പറഞ്ഞത് നീ ചെയ്യേണ്ടത് ഇങ്ങനത്തെ സിനിമകൾ ആണ്‌, ബാക്കി സിനിമകൾ ഒക്കെ ചെയ്യാൻ പിന്നെയും ആളുകളുണ്ട്, പക്ഷേ ടോണി പോലുള്ള സിനിമകൾ എല്ലാവർക്കും ചെയ്യാൻ പറ്റുന്നതല്ല എന്നാണ്‌. അതൊരു വലിയ അവാർഡ്‌ ആയിരുന്നു.

വീട്ടുകാരുടെ ഇടപെടൽ ഉണ്ടോ സിനിമകളിൽ? അവരുടെ ഒരു പിന്തുണയെ പറ്റി?

എന്റെ സപ്പോർട്ട് എന്നും അവര് തന്നെയാണ്. ഒരു കഥ വന്ന്‌ കഴിഞ്ഞാൽ എന്റെ ആദ്യ ഘട്ട ചർച്ചകൾ ഒക്കെ വീട്ടിൽ തന്നെയാണ്‌, അവരെല്ലാം എന്റെ സിനിമകളിൽ ഇൻവോൾവ്ഡ് ആണ്‌. ഫാസിൽ സാർ വീട്ടുകാരെ റിലീസിന് മുന്നേ സിനിമ കാണിക്കുന്ന ആളായിരുന്നു, പപ്പയും പണ്ട് മുതലേ റിലീസിന് മുന്നെ എല്ലാരേയും സിനിമ കാണിക്കുവായിരുന്നു. ഞാനും ആ രീതി തന്നെ ആണ്‌ ഫോളോ ചെയ്യാറ്. അവരെ എല്ലാം ഞാൻ സിനിമ കാണിക്കാറുണ്ട് റിലീസിന് മുന്നെ, അവരുടെ അഭിപ്രായങ്ങൾ എനിക്ക്‌ വളരെ പ്രധാനം ആണ്‌.

അടുത്ത സിനിമ?

അടുത്തത് പപ്പ തിരക്കഥ എഴുതി ഞാൻ സംവിധാനം ചെയ്യുന്ന സിനിമയാണ്‌. “സുനാമി” എന്നാണ് പേരിട്ടിരിക്കുന്നത്. ആസിഫ്‌ ആണ്‌ നായകൻ, ഒപ്പം ബാലു വർഗ്ഗീസും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. പിന്നെ അഭിനയിക്കാൻ ഓഫർ വന്നിട്ടുള്ള രണ്ട് പ്രൊജക്ടുകൾ ഉണ്ട്. അതിന് ശേഷമാണ്‌ “ഫ്ലവർ പവർ” ചെയ്യുന്നത്. അതെന്റെ ഒരു ഡ്രീം സിനിമ ആണ്.