മാഞ്ചസ്റ്റർ: കൈരളി യുകെ മാഞ്ചസ്റ്റർ യൂണിറ്റിന്റെ നേതൃത്വത്തിൽ വിഥിൻ ഷോ സെന്റ് മാർട്ടിൻ ഹോളിൽ വർത്തമാന ഭാരതത്തിലെ ഭാഷാ രാഷ്ട്രീയം എന്ന വിഷയത്തിൽ സംവാദം നടത്തുകയുണ്ടായി. പ്രമുഖ ഭാഷ പണ്ഡിതനും രാഷ്ട്രീയ നിരീക്ഷകനുമായ പ്രൊഫ. എം എൻ കാരാശ്ശേരി മുഖ്യപ്രഭാഷണം നടത്തിയ സംവാദത്തിൽ ഏഷ്യൻ ലൈറ്റ്‌ ദിനപത്രത്തിന്റെ എഡിറ്റർ ശ്രീ അൻസുദ്ദീൻ അസിസ് മോഡറേറ്റു ചെയ്തു.

വർഗ്ഗീയത സമൂഹത്തിൽ സൃഷ്ടിക്കുന്ന നാശത്തേക്കാൾ ഭയാനകം ആയിരിക്കും ഭാഷ അടിച്ചേൽപ്പിക്കൽ എന്ന് കാരാശ്ശേരി മാഷ് നിരീക്ഷിക്കുക ഉണ്ടായി. ശ്രീലങ്കയിലെ സിംഹള രാഷ്ട്രീയവും ബംഗ്ലാദേശ് എന്ന രാഷ്ട്ര പിറവിക്കു പിന്നിൽ ഉണ്ടായിരുന്ന ഭാഷാ വംശീയതയും ഒക്കെ നമുക്ക് പാഠമാവേണ്ടതാണ്. സർക്കാർ ജോലിക്ക് ഹിന്ദി നിർബന്ധം ആക്കുന്ന കേന്ദ്ര സർക്കാർ നയം അപലപനീയമാണെന്ന് ചർച്ചയിൽ പങ്കെടുത്ത എല്ലാവരും അഭിപ്രായപ്പെടുകയുണ്ടായി. സ്വതന്ത്ര ഇന്ത്യയിലെ 22 ഭാഷകൾക്ക് നല്കപ്പെട്ട പ്രാമുഖ്യം ഇന്ത്യയുടെ ഭരണഘടനയെ ഉദ്ധരിച്ചു കൊണ്ട് കാരാശ്ശേരി മാഷ് ചൂണ്ടികാണിക്കുകയുണ്ടായി. ഹിന്ദി അടിച്ചേൽപിക്കൽ നമ്മുടെ മാതൃഭാഷയോടുള്ള വെല്ലുവിളിയാണെന്നും അപരഭാഷ വിദ്വേഷം വയ്ക്കാതെ നമ്മുടെ മാതൃഭാഷ പരിപോഷിപ്പിക്കേണ്ടത് ഓരോ മലയാളിയുടേയും കടമയാണെന്നും കാരശ്ശേരി മാഷ് ഓർമ്മിപ്പിച്ചു.

രണ്ട് മണിക്കൂറോളം നീണ്ട നിന്ന ചർച്ചകൾക്ക് മുന്നോടിയായി കൈരളി യുകെയുടെ മാഞ്ചസ്റ്റർ യുണിറ്റിന്റെ പ്രവർത്തനങ്ങളെ സംഗ്രഹിച്ചു കൊണ്ട് പ്രസിഡന്റ് ശ്രീ ബിജു ആന്റണി സെക്രട്ടറി ശ്രീ ഹരീഷ് നായർ എന്നിവർ സംസാരിച്ചു. പരിപാടിയിലേക്ക് ഏവരേയും സ്വഗതം ചെയ്ത് കൊണ്ട് ട്രഷറർ ശ്രീമതി ശ്രീദേവി സാം, പങ്കെടുത്ത എല്ലാവർക്കും നന്ദി അറിയിച്ച് ജോയിന്റ്‌ സെക്രട്ടറി ശ്രീ നവീൻ പോൾ എന്നിവർ സംസാരിക്കുകയുണ്ടായി.