ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : ബ്രിട്ടനിലെ സമരപരമ്പരകൾ പൊതുജനങ്ങൾക്ക് കനത്ത പ്രഹരമാകുന്നു. ശമ്പളത്തിന്റെ പേരിൽ ഏഴ് ട്രെയിൻ ഓപ്പറേറ്റർമാർ സമരത്തിലേക്ക് കടന്നത് യാത്രാ തടസ്സത്തിന് കാരണമായി. അസ്ലെഫ് യൂണിയൻ അംഗങ്ങളുടെ 24 മണിക്കൂർ പണിമുടക്ക് സൗത്ത് ഈസ്റ്റേൺ, വെസ്റ്റ് മിഡ്‌ലാൻഡ് ട്രെയിനുകളെ ബാധിച്ചു. ഇംഗ്ലീഷ് ഫുട്ബോൾ ലീഗ് സീസണിലെ ആദ്യ മത്സരങ്ങൾക്കും ബർമിംഗ്ഹാമിൽ നടക്കുന്ന കോമൺവെൽത്ത് ഗെയിംസിനും യാത്ര ചെയ്യുന്നവരാണ് കടുത്ത പ്രതിസന്ധിയിലായത്.

 

ഏകദേശം 5,000 അസ്ലെഫ് അംഗങ്ങൾ ഉൾപ്പെടുന്ന സമരം അറൈവ റെയിൽ ലണ്ടനെയും ബാധിക്കുന്നു. തെക്ക് കിഴക്കൻ ഭാഗത്തു നിന്ന് ട്രെയിനുകൾ ഒന്നും ഓടുന്നില്ല. ജീവിതച്ചെലവിലെ വർധനയ്ക്ക് അനുസൃതമായ ശമ്പള വർധന മാത്രമാണ് തങ്ങൾ ആവശ്യപ്പെടുന്നതെന്ന് അസ്‌ലെഫിന്റെ ജനറൽ സെക്രട്ടറി മിക്ക് വീലൻ പറഞ്ഞു. “കുതിച്ചുയരുന്ന പണപ്പെരുപ്പം ഈ രാജ്യത്തെ അധ്വാനിക്കുന്ന ജനങ്ങളുടെ കുറ്റമല്ല. സർക്കാരിന്റെ കുറ്റമാണ്.” അദ്ദേഹം കൂട്ടിച്ചേർത്തു.

മൂന്ന് വർഷമായി തങ്ങളുടെ അംഗങ്ങൾക്ക് ശമ്പള വർധന ഇല്ലെന്ന് യൂണിയൻ പറയുന്നു. ശമ്പളം, ജോലി വ്യവസ്ഥകൾ എന്നീ വിഷയങ്ങൾ ഉയർത്തി അസ്ലെഫും ആർഎംടി യൂണിയനും ഓഗസ്റ്റിൽ കൂടുതൽ പണിമുടക്കുകൾ ആസൂത്രണം ചെയ്തിട്ടുണ്ട്. അതേസമയം, നഗരത്തിൽ നടക്കുന്ന കോമൺവെൽത്ത് ഗെയിംസിൽ ആയിരങ്ങൾ പങ്കെടുക്കുന്നതിനാൽ ബർമിംഗ്ഹാം ന്യൂ സ്ട്രീറ്റിനും ബർമിംഗ്ഹാം ഇന്റർനാഷണലിനും ഇടയിൽ ‘സ്പെഷ്യൽ ഷട്ടിൽ’ ഉണ്ടാകുമെന്ന് വെസ്റ്റ് മിഡ്‌ലാൻഡ്സ് ട്രെയിൻസ് അറിയിച്ചു.