ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- ബ്രിട്ടനിൽ ആരോഗ്യരംഗത്തെ നിശ്ചലമാക്കി കൊണ്ട്, ജൂനിയർ ഡോക്ടർമാർ ബുധനാഴ്ച മുതൽ മൂന്ന് ദിവസത്തേക്ക് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുകയാണ്. ശമ്പള വർദ്ധനവ് ആവശ്യപ്പെട്ടാണ് ജൂനിയർ ഡോക്ടർമാർ ഇത്തരത്തിൽ ജോലി ബഹിഷ്കരിക്കാൻ തീരുമാനിച്ചിരിക്കുന്നത്. ഇതിനുശേഷം അടുത്തവർഷം ജനുവരി മാസത്തിന്റെ തുടക്കത്തിൽ ആറ് ദിവസം തുടർച്ചയായി പണിമുടക്കിനുള്ള ആഹ്വാനവും ഡോക്ടർമാർ നൽകി കഴിഞ്ഞിട്ടുണ്ട്. ഇത് എൻ എച്ച് എസിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സമരമാകുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഈ മാസം ആദ്യം ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷനും (ബിഎംഎ) സർക്കാരും തമ്മിലുള്ള ചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്നാണ് ഡോക്ടർമാർ സമരത്തിലേക്ക് നീങ്ങിയത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ക്രിസ്മസ് അവധി കൂടി നിലനിൽക്കുന്ന സാഹചര്യത്തിൽ, സാഹചര്യങ്ങൾ കൂടുതൽ വഷളാകുമെന്ന് എൻഎച്ച്എസ് ഇംഗ്ലണ്ട് മെഡിക്കൽ ഡയറക്ടർ പ്രൊഫസർ സ്റ്റീഫൻ പോവിസ് പറഞ്ഞു. നിലവിൽ ശൈത്യകാലത്തിന്റെ എല്ലാവിധ സമ്മർദ്ദങ്ങളും അനുഭവിച്ചു കൊണ്ടിരിക്കെയാണ്, ഇപ്പോൾ ഡോക്ടർമാരുടെ സമരവും കൂടി ഉണ്ടായിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. വരുന്ന മൂന്നാഴ്ചകളിൽ ആകെ നാല് പ്രവർത്തി ദിവസങ്ങൾ മാത്രമേ അവധികളോ പണിമുടക്കോ ഇല്ലാത്തതായുള്ളു എന്നും അദ്ദേഹം പറഞ്ഞു. പരിശീലനം സിദ്ധിച്ച ഡോക്ടർമാരെ നഷ്ടപ്പെടുന്നത് തടയാനും, എൻഎച്ച്എസിന്റെ ദീർഘകാല ഭാവി സംരക്ഷിക്കുന്നതിനുമാണ് പണിമുടക്കിന് ആഹ്വാനം ചെയ്തതെന്ന് ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷൻ (ബിഎംഎ) കൗൺസിൽ ചെയർ പ്രൊഫസർ ഫിൽ ബാൻഫീൽഡ് വ്യക്തമാക്കി.


ഡോക്ടർമാരുടെ പണിമുടക്കിന്റെ ഫലമായി ചെൽട്ടൻഹാം ആശുപത്രിയിലെ അത്യാഹിത വിഭാഗം താൽക്കാലികമായി അടച്ചതായി ഗ്ലൗസെസ്റ്റർഷെയർ ഹോസ്പിറ്റൽസ് എൻഎച്ച്എസ് ഫൗണ്ടേഷൻ ട്രസ്റ്റ് അറിയിച്ചു. 2022 ഡിസംബറിൽ ആരംഭിച്ച സ്ട്രൈക്കുകളുടെ തരംഗം എൻ എച്ച് എസിനുന്മേൽ സമ്മർദ്ദം വർദ്ധിപ്പിച്ചിട്ടുണ്ട്. ഇത് ആരംഭിച്ചതുമുതൽ ഏകദേശം 1.2 ദശലക്ഷം പ്രവർത്തനങ്ങളും അപ്പോയിൻമെന്റുകളുമാണ് റദ്ദാക്കപ്പെട്ടത്. 35% ശമ്പള വർദ്ധനവാണ് ജൂനിയർ ഡോക്ടർമാർ ആവശ്യപ്പെടുന്നത്. സർക്കാരിന്റെ ഭാഗത്തുനിന്നും ഉടൻതന്നെ നടപടി ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് രോഗികളും ഡോക്ടർമാരും.