ന്യൂസ് ഡെസ്ക് മലയാളം യുകെ

സ്ത്രീധന പീഡനത്തെ തുടർന്ന് മെഡിക്കൽ വിദ്യാർത്ഥിനിയായ വിസ്മയയുടെ മരണം ലോകമെങ്ങുമുള്ള മലയാളി പൊതു സമൂഹത്തിൽ സ്ത്രീധനത്തിനെതിരെ വൻ ചർച്ചയ്ക്ക് വഴിവെച്ചിരുന്നു. ഇതിനിടെ ഇന്ത്യയിലെ സ്ത്രീധന സമ്പ്രദായത്തെ കുറിച്ച് ലോകബാങ്ക് നടത്തിയ പഠനത്തെ വാർത്ത ആക്കിയിരിക്കുകയാണ് ബിബിസി. കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി ഇന്ത്യയിൽ സ്ത്രീധനസമ്പ്രദായം എല്ലാ സ്ഥലങ്ങളിലും സമുദായങ്ങളിലും നിലനിൽക്കുന്ന ഏർപ്പാട് ആണെന്നാണ് ലോക ബാങ്കിൻറെ പ്രധാന കണ്ടെത്തൽ. 1960 നും 2008 നും ഇടയിൽ ഇന്ത്യയിൽ നടന്ന 40000 ത്തോളം വിവാഹങ്ങൾ പരിശോധിച്ചാണ് ഗവേഷകർ പഠന റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. 1961 മുതൽ സ്ത്രീധനം ഇന്ത്യയിൽ നിയമ വിരുദ്ധമാണ്. എന്നാലും 90% വിവാഹങ്ങളിലും സ്ത്രീധനം നൽകിയതായാണ് കണ്ടെത്തൽ.

സാമൂഹിക തിന്മ എന്ന് വിശേഷിപ്പിക്കുമ്പോഴും സ്ത്രീധന സമ്പ്രദായം കൂടുതൽ ശക്തി പ്രാപിക്കുകയാണ് . വിവാഹശേഷം ഗാർഹിക പീഡനത്തിനും മരണത്തിനും വരെ ഇടയാക്കുന്നതിൻെറ മുഖ്യകാരണം സ്ത്രീധനമാണെന്നാണ് ഗവേഷണം ചൂണ്ടി കാണിക്കുന്നത് . ഇന്ത്യയിൽ സ്ത്രീധനം നൽകുന്നതും സ്വീകരിക്കുന്നതും നൂറ്റാണ്ടുകൾ പഴക്കമുള്ള പാരമ്പര്യമാണ് . ഇന്ത്യയിലെ ജനസംഖ്യയുടെ 96 ശതമാനം വരുന്ന 17 ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള സ്ത്രീധന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പഠനം. സാമ്പത്തിക വിദഗ്ധരായ എസ് അനുക്രിതി, നിഷിത് പ്രകാശ്, സുൻ‌ഹോ ക്വോൺ എന്നിവരാണ് പഠനത്തിന് നേതൃത്വം നൽകിയത് . ഇന്ത്യയിലെ എല്ലാ മതവിഭാഗങ്ങളിലും സ്ത്രീധനം വ്യാപകമാണെന്ന് പഠനം ചൂണ്ടിക്കാണിക്കുന്നു. എന്നിരുന്നാലും ക്രിസ്ത്യാനികളിലും സിക്കുകാരിലുമാണ് മറ്റു സമുദായങ്ങളെ അപേക്ഷിച്ച് സ്ത്രീധനത്തിൽ വർദ്ധനവ് കാണിക്കുന്നത്.1970 മുതൽ കേരളത്തിൽ സ്ത്രീധന തുക ഗണ്യമായി ഉയർന്നതായും പഠനം ചൂണ്ടിക്കാണിക്കുന്നു.