ചിയ്യാരം കൊച്ചുത്രേസ്യ വധം കോളിളക്കം സൃഷ്ടിച്ച ഒട്ടേറെ കേസുകൾ ശാസ്ത്രീയമായി അന്വേഷിച്ചു മികവു തെളിയിച്ച ഡിവൈഎസ്പി എ. രാമചന്ദ്രൻ വിരമിച്ചു. 25 വർഷത്തെ സർവീസിന് അലങ്കാരമായി 81 തവണ ഗുഡ് സർവീസ് എൻട്രിയും പ്രശസ്തി പത്രങ്ങളും ലഭിച്ചിട്ടുണ്ട്. ബെസ്റ്റ് ഡിറ്റക്ടീവ് അംഗീകാരവും ലഭിച്ചു. തൃശൂരിലെ ജ്വല്ലറി ഉടമയിൽ നിന്ന് 7 കിലോ സ്വർണം കവർച്ച ചെയ്യാൻ ലക്ഷ്യമിട്ട് ആലുവയിൽ നിന്നെത്തിയ സംഘത്തെ രാമചന്ദ്രൻ കുടുക്കിയത് ഒല്ലൂരിൽ സിഐ ആയിരുന്ന കാലത്താണ്.

മണ്ണുത്തി മുളയത്ത് ആന്ധ്രപ്രദേശ് സ്വദേശിയായ ബാലൻ പ്രകൃതിവിരുദ്ധ പീഡനത്തിനിരയായി കൊല്ലപ്പെട്ട കേസിൽ തെളിവുകളൊന്നും ശേഷിച്ചിരുന്നില്ല. ശാസ്ത്രീയ അന്വേഷണത്തിലൂടെ പ്രതിയെ ദിവസങ്ങൾക്കുള്ളിൽ കണ്ടെത്താനായി. കുപ്രസിദ്ധ മോഷ്ടാവ് മണിച്ചിത്രത്താഴ് രാജേന്ദ്രനെ പിടികൂടിയതിലൂടെ 40 കവർച്ചാക്കേസുകളിൽ തുമ്പുണ്ടാക്കാനായി. വെസ്റ്റ് സിഐ ആയിരിക്കെയായിരുന്നു ചിയ്യാരം കൊച്ചുത്രേസ്യ തിരോധാനക്കേസ് ഉണ്ടായത്.

WhatsApp Image 2024-12-09 at 10.15.48 PM

കൊച്ചുത്രേസ്യയെ കൊലപ്പെടുത്തി സെപ്റ്റിക് ടാങ്കിൽ മറവുചെയ്തതായി രാമചന്ദ്രനും സംഘവും കണ്ടെത്തി. പ്രതികൾക്കു ജീവപര്യന്തം തടവു ലഭിച്ചു. കോൺഗ്രസ് നേതാവ് മധുവിന്റെ കൊലപാതകവും അന്വേഷിച്ചു തെളിയിച്ചു. വിജിലൻസ് ഡിവൈഎസ്പിയായിരിക്കെ കൈക്കൂലിക്കേസുകളിൽ ആരോഗ്യ സർവകലാശാല റജിസ്ട്രാർ, ഇരിങ്ങാലക്കുട ജോയിന്റ് ആർടിഒ, വെറ്ററിനറി ഡോക്ടർ തുടങ്ങിയവരെ അറസ്റ്റ് ചെയ്യാനായി. തൃശൂർ അയ്യന്തോൾ പുതൂർക്കരയിലാണു രാമചന്ദ്രന്റെ താമസം. ഭാര്യ: സ്മിത. മകൻ: സൂരജ്.