ന്യൂസ് ഡെസ്ക്, മലയാളം യുകെ
നാളെ രാവിലെ 7 മണിക്ക് ആരംഭിക്കുന്ന ഇംഗ്ലണ്ടിലെ റസിഡന്റ് ഡോക്ടർമാരുടെ അഞ്ച് ദിവസത്തെ പണിമുടക്ക് രോഗികളുടെ സുരക്ഷയെ കുറിച്ച് ഗുരുതരമായ ആശങ്കകളാണ് ഉയർത്തിയിരിക്കുന്നത്. പണിമുടക്ക് രോഗികളെ, പ്രത്യേകിച്ച് അടിയന്തിര ചികിത്സകൾ കാത്തിരിക്കുന്നവരെ ഗുരുതരമായി ബാധിക്കുമെന്ന് എൻഎച്ച്എസ് ഇംഗ്ലണ്ടിലെ പ്രൊഫസർ ടിം ബ്രിഗ്സ് പറയുന്നു. റസിഡന്റ് ഡോക്ടർമാരുടെ ദീർഘകാല ശമ്പള തർക്കത്തെ തുടർന്നാണ് പണിമുടക്കുന്നത്.
നാളെ ആരംഭിക്കുന്ന പണിമുടക്ക് ഇതുവരെ നടക്കുന്ന 12-ാമത്തെ വാക്ക്ഔട്ടായിരിക്കും. മുൻപ് നടന്ന പണിമുടക്കുകൾ നിരവധി അപ്പോയ്ന്റ്മെന്റുകൾ റദ്ദാക്കുന്നതിന് കാരണമായിരുന്നു. എല്ലാ ചികിത്സകളും ഒരുപോലെ തന്നെ പ്രാധാന്യമുള്ളവയാണ്. ഇടിപ്പ് മാറ്റിവയ്ക്കുന്ന പോലുള്ള അത്യാവശ്യമല്ലാത്ത ശസ്ത്രക്രിയകൾ രോഗികളിൽ ഗുരുതരമായ മാനസികവും ശാരീരികവുമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കാറുണ്ട്. അതുകൊണ്ട് തന്നെ മുൻകാലങ്ങളിൽ നിന്ന് വത്യസ്തമായി പണിമുടക്ക് നടക്കുന്ന കാലയളവിൽ മിക്ക അടിയന്തിരമല്ലാത്ത പരിചരണങ്ങളും തുടരാനാണ് എൻഎച്ച്എസ് ഇംഗ്ലണ്ട് ഈ വർഷം ശ്രമിക്കുന്നത്.
എന്നാൽ എൻഎച്ച്എസ് ഇംഗ്ലണ്ടിന്റെ ഈ നീക്കത്തെ കുറ്റപെടുത്തി കൊണ്ട് ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷൻ (ബിഎംഎ) രംഗത്ത് വന്നിരുന്നു. ബിഎംഎയും സർക്കാരും തമ്മിലുള്ള സമീപകാല ചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്നാണ് പണിമുടക്ക് വീണ്ടും ആരംഭിച്ചിരിക്കുന്നത്. പരീക്ഷാ ചെലവുകൾക്കുള്ള സാമ്പത്തിക സഹായം, വേഗത്തിലുള്ള പ്രമോഷനുകൾ, ഉപകരണ ധനസഹായം എന്നിവയെ കുറിച്ചുള്ള ചർച്ചകൾ നടന്നെങ്കിലും സ്റ്റുഡന്റ് ലോൺ റിലീഫ് സ്കീമിൻെറ ഭാഗമായി ബിഎംഎ മുന്നോട്ട് വച്ച നിർദേശങ്ങൾ സർക്കാർ നിരസിച്ചിരുന്നു. മുതിർന്ന ഡോക്ടർമാരെ നിയമിക്കുന്നതിനുള്ള ഉയർന്ന ചെലവുകൾ എൻഎച്ച്എസ് മാനേജർമാരെയും ബുദ്ധിമുട്ടിക്കുന്നുണ്ട്.
Leave a Reply