ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- വൻകിട ബിസിനസുകൾക്ക് മേൽ 15 ശതമാനം ടാക്സ് ഏർപ്പെടുത്താനുള്ള തീരുമാനം പാസാക്കിയിരിക്കുകയാണ് ജി 20 ലോകനേതാക്കൾ. മൾട്ടിനാഷണൽ കമ്പനികൾ തങ്ങളുടെ ലാഭവിഹിതങ്ങൾ ടാക്സുകൾ കുറവുള്ള രാജ്യങ്ങളിലേയ്ക്ക് കൈമാറ്റം ചെയ്യുകയാണെന്ന ആശങ്കയെ തുടർന്നാണ് ഇത്തരത്തിലൊരു നിയമം പാസാക്കാൻ തീരുമാനിച്ചിരിക്കുന്നത്. റോമിൽ വച്ച് നടന്ന ജി 20 ഉച്ചകോടിയിൽ പങ്കെടുത്ത എല്ലാ ലോക നേതാക്കളും ഈ ബില്ലിനെ അംഗീകരിച്ചു. കോവിഡ് മൂലം രണ്ടു വർഷത്തെ ഇടവേളയ്ക്കു ശേഷം നടത്തപ്പെട്ട ഉച്ചകോടിയിൽ, കാലാവസ്ഥാവ്യതിയാനവും, കോവിഡ് പ്രതിരോധവുമെല്ലാം ചർച്ചാവിഷയമായി. ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിങും റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനും വീഡിയോ കോൺഫറൻസിലൂടെയാണ് പങ്കെടുത്തത്. അമേരിക്ക മുന്നോട്ടുവെച്ച ടാക്സ് ഡീൽ ഞായറാഴ്ചയോടെ ഔദ്യോഗികമായി അംഗീകരിക്കുമെന്നും, 2023 ഓടെ നിലവിൽ വരുമെന്നുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.


ബിൽ പാസാക്കിയത് ഒരു ചരിത്ര നിമിഷം ആയിരുന്നുവെന്ന് യു എസ്‌ ട്രഷറി സെക്രട്ടറി ജാനറ്റ് യെല്ലെൻ വ്യക്തമാക്കി. ചില വൻകിട കമ്പനികൾക്ക് ടാക്സുകൾ വർദ്ധിക്കുമെങ്കിലും, മറ്റെല്ലാ ബിസിനസുകൾക്ക് ഇതുമൂലം ഗുണം ഉണ്ടാകുമെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. തിങ്കളാഴ്ച മുതൽ ഗ്ലാസ്ഗോയിൽ ആരംഭിക്കാനിരിക്കുന്ന കോപ് 26 കാലാവസ്ഥ ഉച്ചകോടിയ്ക്ക് മുന്നോടിയായാണ് ജി20 ഉച്ചകോടി റോമിൽ നടത്തപ്പെട്ടത്. രാജ്യങ്ങളെല്ലാം തന്നെ ഒത്തൊരുമിച്ച് മുന്നോട്ട് പോകണമെന്ന ഇറ്റാലിയൻ പ്രസിഡന്റിന്റെ ആശയവുമായാണ് ഉച്ചകോടി ആരംഭിച്ചത്. കാലാവസ്ഥ വ്യതിയാനം മനുഷ്യകുലത്തെ ബാധിക്കുന്ന ഏറ്റവും വലിയ വിപത്താണെന്നും, അതിനെ മറികടക്കാൻ ആവശ്യമായ എല്ലാ നടപടികളും രാജ്യങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്നും യുഎസ് പ്രസിഡന്റ് ബോറിസ് ജോൺസൺ വ്യക്തമാക്കി. ഇതോടൊപ്പംതന്നെ ഇറാനിലെ വർദ്ധിച്ചു വരുന്ന ആണവ പരീക്ഷണങ്ങൾക്ക് എതിരെയും ഉച്ചകോടിയിൽ ചർച്ചയുണ്ടായി. എല്ലാ ലോകരാജ്യങ്ങളും ഗ്ലാസ്ഗോയിൽ വെച്ച് നടക്കുന്ന കാലാവസ്ഥ ഉച്ചകോടിയിലേയ്ക്ക് ഉറ്റുനോക്കുകയാണ്. ശക്തമായ തീരുമാനങ്ങൾ ഉണ്ടാകും എന്ന പ്രതീക്ഷയിൽ ആണ് ജനങ്ങൾ.