ബെംഗളൂരു: ചൂതാട്ടത്തിൽ ഭാഗ്യം കിട്ടാൻ നരബലി നൽകണമെന്ന സിദ്ധന്മാരുടെ ഉപദേശം വിശ്വസിച്ച് ഡോക്ടർ ഭാര്യയെ മരുന്നുകുത്തിവെച്ച് കൊലപ്പെടുത്തി. കർണാടകത്തിൽ ദാവണഗെരെ ജില്ലയിലെ രാമേശ്വര സ്വദേശിയായ ചെന്നേശപ്പ (40) ആണ് ഭാര്യ ശില്പ (36)യെ അമിതമായ അളവിൽ മരുന്ന് കുത്തിവെച്ച് കൊലപ്പെടുത്തിയത്. ഒമ്പതുമാസം നീണ്ട അന്വേഷണത്തിനൊടുവിലാണ് കുറ്റവാളി ചെന്നേശപ്പയാണെന്ന് കണ്ടെത്തിയത്. ഇയാളെ ന്യാമതി പോലീസ് അറസ്റ്റുചെയ്തു.

കഴിഞ്ഞ ഫെബ്രുവരി 11-നാണ് കേസിനാസ്പദമായ സംഭവം. കുറഞ്ഞ രക്തസമ്മർദത്തിന് ചികിത്സയിലായിരുന്ന ഭാര്യയ്ക്ക് അതിനുള്ള മരുന്ന് അമിതയളവിൽ ഡോക്ടർ കുത്തിവെക്കുകയായിരുന്നു. രക്തസമ്മർദം കുറഞ്ഞതിനത്തുടർന്ന് ആശുപത്രിയിലെത്തിക്കുന്നതിനിടെ ശില്പ മരിച്ചെന്നായിരുന്നു ഇയാൾ ബന്ധുക്കളെ അറിയിച്ചിരുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

എന്നാൽ, ശില്പയുടെ തോളിൽ കുത്തിവെച്ച പാടും വായിൽ രക്തത്തിന്റെ അംശവും കണ്ടെത്തിയതിനെത്തുടർന്ന് ബന്ധുക്കൾ പോലീസിൽ പരാതിപ്പെട്ടു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ അമിതമായ അളവിൽ മരുന്ന് ഉള്ളിൽ ചെന്നാണ് മരണമെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. എന്നാൽ, ശില്പ ചില അസുഖങ്ങൾക്ക് മരുന്ന് കഴിച്ചിരുന്നതായും ഇതാണ് അമിതമായ അളവിൽ മരുന്ന് ശരീരത്തിലുണ്ടെന്ന തോന്നൽ ഉണ്ടാക്കുന്നതെന്നുമായിരുന്നു ചെന്നേശപ്പയുടെ വാദം.

മന്ത്രവാദത്തിൽ അതീവ വിശ്വാസമുണ്ടായിരുന്ന ചെന്നേശപ്പ ചില സിദ്ധന്മാരുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു. ചൂതാട്ടത്തിലും പന്തയത്തിലുമുൾപ്പെടെ നിരന്തരം തിരിച്ചടികൾ നേരിട്ടതോടെ നരബലി നൽകിയാൽ ഭാഗ്യം കിട്ടുമെന്ന് സിദ്ധന്മാർ ഇയാളെ ധരിപ്പിക്കുകയായിരുന്നു. സംഭവത്തിൽ കൂടുതലന്വേഷണം നടന്നുവരികയാണെന്ന് പോലീസ് അറിയിച്ചു.