കെവിൻ വധക്കേസിലെ പ്രതികൾക്ക് പുറത്തുനിന്നും എത്തിച്ചുനൽകിയത് പേരക്കയുടെ രുചിയും മണവുമുള്ള മദ്യം. സമീപത്തെ സെല്ലിലെ അന്തേവാസിയാണ് പേരക്കയുടെ മണം തിരിച്ചറിഞ്ഞ് ഉദ്യോഗസ്ഥരെ അറിയിച്ചത്. മദ്യപിച്ചുണ്ടായ തർക്കത്തിനിടെയാണ് കോട്ടയം കെവിൻ വധക്കേസിൽ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട ഒൻപതാം പ്രതി ടിറ്റു ജെറോം മർദ്ദനത്തിൽ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിലായത്.

അതേസമയം, പ്രതികൾ മദ്യപിച്ചെന്ന് തെളിയിച്ചിട്ടുണ്ടെങ്കിലും അത് എത്തിച്ചതാരെന്നു തെളിയിക്കാനുള്ള ശ്രമം നടക്കവെ സ്ഥാനം തെറിച്ചത് പൂജപ്പുര സെൻട്രൽ ജയിലിലെ 3 ഉദ്യോഗസ്ഥർക്കാണ്. ബെക്കാഡി ഗുആവ മദ്യത്തിന്റെ മണമടിച്ച അന്തേവാസി വിവരം ഉദ്യോഗസ്ഥരെ അറിയിച്ചതോടെ ഇവരെത്തി ടിറ്റുവിനെയും സംഘത്തെയും ചോദ്യം ചെയ്തിരുന്നു. ആരാണു മദ്യം എത്തിച്ചതെന്ന ചോദ്യത്തിനുമാത്രം 4 പേരും പ്രതികരിച്ചില്ല. ഭീഷണിക്കൊടുവിൽ നടന്ന കാര്യങ്ങൾ വിശദീകരിച്ചു. തലേന്ന് ഇവരെ ജയിലിനുപുറത്തു മതിലിനോടു ചേർന്നുള്ള കൃഷി സ്ഥലത്തു വളമിടാനും കീടനാശിനി തളിക്കാനും നിയോഗിച്ചിരുന്നു. വളവും കീടനാശിനികളും പ്ലാസ്റ്റിക് ബോക്‌സുകളിലാണു കൊണ്ടുപോയത്. അതിൽ മദ്യം ഒളിപ്പിച്ച് ജയിൽ വളപ്പിനുള്ളിലേക്കു കടത്തുകയായിരുന്നുവെന്നാണ് വെളിപ്പെടുത്തൽ.

ജയിലിൽ മദ്യം എത്തിച്ചയാളുടെ വിവരം നൽകിയാൽ അയാളെ അറസ്റ്റ് ചെയ്യുമെന്ന് ഉറപ്പ്. മാത്രമല്ല, ഇനിയും മദ്യം കിട്ടാനുള്ള വഴിയും അടയും. ഇതോടെ പ്രതികൾ ആരാണ് മദ്യമെത്തിച്ചത് എന്ന് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

ടിറ്റുവിനു മർദനമേറ്റെന്നു സഹതടവുകാരൻ വീട്ടിൽ അറിയിച്ചെന്നും അതല്ല ടിറ്റു ജെറോം തന്നെയാണ് അറിയിച്ചതെന്നും വിവരമുണ്ട്. ടിറ്റുവിനെ കാണാൻ അനുവദിക്കാത്തതിനെതിരെ രക്ഷിതാക്കൾ നേരത്തേ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഒരു വർഷമായി കാണാൻ അനുവദിക്കുന്നില്ലെന്നും കഴിഞ്ഞയാഴ്ച മകനെ കാണുന്നതിനായി അഞ്ചു തവണ ജയിലിൽ എത്തിയെങ്കിലും സന്ദർശനം നിഷേധിച്ചുവെന്നുമുള്ള ഹേബിയസ് കോർപസ് ഹർജി പരിഗണനയ്ക്കിരിക്കെയാണ് ജയിലിലെ മർദനത്തെക്കുറിച്ച് ഫോൺ വിളി എത്തുന്നത്. അതുകൂടി കോടതിയെ ധരിപ്പിച്ചതോടെ ഇടപെടൽ വേഗത്തിലായി.

ടിറ്റു ജെറോമിനു മർദനമേറ്റെന്ന് ജില്ലാ ജഡ്ജി കണ്ടെത്തിയതോടെ ഡെപ്യുട്ടി പ്രിസൺ ഓഫീസർമാരായ ബിജു കുമാർ, ബിജു കുമാർ, അസിസ്റ്റന്റ് പ്രിസൻ ഓഫിസർ സനൽ എന്നിവരെയാണ് മാറ്റിയത്. ബിജുകുമാർ, സനൽ എന്നിവരെ നെട്ടുകാൽത്തേരി തുറന്ന ജയിലിലേക്കും ബിജു കുമാറിനെ നെയ്യാറ്റിൻകര സബ് ജയിലിലേക്കുമാണു മാറ്റിയത്.