ന്യൂസ് ഡെസ്ക് മലയാളം യുകെ

ജ്യത്ത് ഗർഭച്ഛിദ്രം നടത്തുന്നവരുടെ എണ്ണം ദിനംപ്രതി വർദ്ധിച്ചു വരികയാണ്. സമൂഹമാധ്യമങ്ങളിലൂടെ ഗർഭനിരോധന മാർഗ്ഗങ്ങളെക്കുറിച്ചും മറ്റും വരുന്ന തെറ്റായ വിവരങ്ങൾ ഇതിന് ഒരു പ്രധാന കാരണമായി സെക്ഷ്വൽ ആൻഡ് റീപ്രൊഡക്റ്റീവ് ഹെൽത്ത് കെയർ ഫാക്കൽറ്റി ആയ ഡോ. സിനാഡ് കുക്ക് ചൂണ്ടിക്കാട്ടി. സ്കോ ട്ട്ലൻഡിലെ അബോർഷന്റെ നിരക്കുകൾ കുതിച്ചുയർന്നതാണ് പുതിയ ചർച്ചകൾക്ക് വഴിവച്ചത്.


2021 നും 2022 നും ഇടയിൽ സ്കോ ട്ട്‌ലൻഡിൽ നടന്ന ഗർഭച്ഛിദ്രങ്ങളുടെ എണ്ണം നേരത്തെയുള്ള കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ കുതിച്ചുയർന്നിരുന്നു. 14 വർഷത്തിനിടയിൽ ആദ്യമായി 16 മുതൽ 19 വയസ്സുവരെയുള്ളവരുടെ ഇടയിൽ അബോർഷൻ നടത്തുന്നതിനായി സമീപിക്കുന്നവരുടെ എണ്ണവും വലിയതോതിൽ വർദ്ധിച്ചു . സമൂഹമാധ്യമങ്ങളിലൂടെ ഗർഭധാരണത്തെക്കുറിച്ച് തെറ്റായ വിവരങ്ങൾ പങ്കുവയ്ക്കപ്പെടുന്നത് പങ്കാളികൾ ആഗ്രഹിക്കാത ഗർഭധാരണത്തിന് കാരണമാകുന്നതായാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. ടിക്ക് ടോക്ക് പോലുള്ള സമൂഹ മാധ്യമങ്ങൾ തെറ്റായ വിവരങ്ങൾ പങ്കുവയ്ക്കുന്നതിൽ മുൻപന്തിയിലാണ്. 6 ലക്ഷത്തിലധികം ആളുകൾ കണ്ട ഒരു ടിക്ക് ടോക്ക് വീഡിയോയിൽ ഹോർമോൺ ഗർഭനിരോധന മാർഗം വന്ധ്യതയ്ക്കും ബ്രെയിൻ ട്യൂമറിനും കാരണമാകുന്നതായി അവകാശപ്പെടുന്നത് ഇതിന് ഉദാഹരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. 3 ലക്ഷത്തിലധികം ഫോളോവേഴ്സ് ഉള്ള ഒരു സമൂഹ മാധ്യമ അക്കൗണ്ടിൻ്റെ ഉടമ ജനന നിയന്ത്രണം നമ്മുടെ ശരീരത്തെ നശിപ്പിക്കുന്നതായി സൂചിപ്പിക്കുന്നു.


സ്വാഭാവികമായ ജനന നിയന്ത്രണ മാർഗങ്ങളെ കുറിച്ചുള്ള തെറ്റിദ്ധാരണ ജനകമായ വിവരങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുന്നത് ഒട്ടേറെ പേരെ പ്രശ്നങ്ങളിലേക്ക് നയിക്കുന്നതായാണ് കണ്ടെത്തൽ . സ്കോ ട്ട്ലൻഡ് നടത്തിയ അബോർഷനുകളുടെ എണ്ണം 2021 – ൽ 13937 ആയിരുന്നത് 2022 – ൽ 16596 ആയി വർദ്ധിച്ചു . ഇതു കൂടാതെ 16 മുതൽ 19 വയസ്സു വരെയുള്ള പ്രായത്തിനിടയിൽ ഗർഭചിദ്രം നടത്തുന്നവരുടെ എണ്ണം 2021 ൽ 1480 ആയിരുന്നത് 2022 ൽ 1899 ആയി ഉയർന്നതും കടുത്ത ആശങ്കയാണ് ഉയർത്തിയിരിക്കുന്നത്. ഗർഭനിരോധന മാർഗങ്ങൾ ഉപയോഗിക്കുന്നത് മൂലം ഗർഭധാരണം നടത്തുകയും തുടർന്ന് അബോർഷൻ നടത്തുകയും ചെയ്തവരോട് സംസാരിച്ചപ്പോൾ ഗർഭനിരോധന മാർഗങ്ങളെ കുറിച്ചുള്ള തെറ്റായ ആശങ്കകളാണ് അവർ പങ്കുവച്ചതെന്ന് ഡോ. സിനാദ് കുക്ക് പറഞ്ഞു.