കുട്ടിയെ കുത്തിവെക്കാന്‍ എത്തിയ നഴ്‌സിനെ വളര്‍ത്തുനായ കടിച്ചോടിച്ചു. മൂന്ന് ദിവസത്തെ മെഡിക്കല്‍ ക്യാമ്പിനായി ഇടമലക്കുടിയില്‍ എത്തിയ ആരോഗ്യ വകുപ്പിന്റെ ഉദ്യോഗസ്ഥയായ മെറിന മാത്യുവിനാണ് പട്ടികടിയേറ്റത്.വെള്ളിയാഴ്ചയ്യിരുന്നു സംഭവം. ഇടമലക്കുടിയിലെ മീന്‍കൊത്തിക്കുടിയില്‍ പ്രതിരോധകുത്തിവയ്പ് എടുക്കുന്നതിനാണ് മെറിനയും സംഘവും എത്തിയത്. സൂചി കണ്ടതോടെ കുട്ടി വാവിട്ട് കരയുവാന്‍ തുടങ്ങി. ഇത് കണ്ടു  മുറ്റത്ത് നിന്നിരുന്ന നായ കയര്‍ പൊട്ടിക്കുകയായിരുന്നു. തുടര്‍ന്ന്  നായ  മെറീനയുടെ മേല്‍ ചാടിവീണു. പ്രാണരക്ഷാര്‍ത്ഥം ഓടിയ നഴ്‌സിന്റെ കാലിനാണ് കടിയേറ്റത്. പരിക്കേറ്റ മെറിനയെ സഹപ്രവര്‍ത്തകര്‍ തന്നെ ചികിത്സ നല്‍കി.ദേവികുളം പി.എച്ച്.സിയിലെ ജിനുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇടമലക്കുടിയിലെത്തിയത്. ഉള്‍പ്രദേശത്തുള്ള ഗ്രാമങ്ങളില്‍ വിദഗ്ദ്ധ പരിശോധനയും രോഗനിര്‍ണയവും നടത്തുന്നതിനാണ് ഇവര്‍ എത്തിയത്.