മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം നായ്ക്കള്‍ കടിച്ചുവലിച്ചുകൊണ്ടുപോയി ഭക്ഷിച്ചു. ഉത്തര്‍പ്രദേശിലെ അലിഗഡിലാണ് സംഭവം. സംഭവത്തില്‍ രണ്ട് പേരെ സസ്പെന്‍ഡ് ചെയ്തു. നായ്ക്കള്‍ മൃതദേഹഭാഗങ്ങള്‍ കടിച്ചുതിന്നുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് സംഭവസമയത്ത് മോര്‍ച്ചറിയില്‍ ജോലിയിലുണ്ടായിരുന്ന രണ്ട് ഫാര്‍മസിസ്റ്റുകളെ സസ്പെന്‍ഡ് ചെയ്തത്. ആരുടെ മൃതദേഹമാണ് നായ്ക്കള്‍ ഭക്ഷിച്ചതെന്നത് വ്യക്തമല്ല.

മോര്‍ച്ചറിയിലെ മൃതദേഹം നായ്ക്കള്‍ വലിച്ചുകൊണ്ടുപോയി കടിച്ചുവലിക്കുന്നത് കണ്ട ഒരാള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ വീഡിയോ വൈറലാകുകയായിരുന്നു. പ്രാഥമിക അന്വേഷണം നടത്തി സംഭവസമയത്ത് മോര്‍ച്ചറി ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് പേരെ സസ്പെന്‍ഡ് ചെയ്തുവെന്ന് അലിഗഡ് സിറ്റി ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ എംഎല്‍ അഗര്‍വാള്‍ അറിയിച്ചു.

കഴിഞ്ഞവര്‍ഷം ഓഗസ്റ്റില്‍ സമാനമായ സംഭവം ലക്നോയിലെ റാം മനോഹര്‍ ലോഹ്യ ആശുപത്രിയിലും നടന്നിരുന്നു. വിഷം ഉള്ളില്‍ ചെന്ന് മരിച്ച സ്ത്രീയുടെ മൃതദേഹമാണ് നായ്ക്കള്‍ ഭക്ഷിച്ചത്. സ്ത്രീയുടെ ബന്ധുക്കള്‍ക്ക് സംസ്‌കാരത്തിനായി വിട്ടുനല്‍കിയപ്പോള്‍ നായ്്ക്കള്‍ കടിച്ചെടുത്തതിനെ തുടര്‍ന്ന് തലയില്ലാത്ത നിലയിലായിരുന്നു മൃതദേഹം. സംഭവത്തില്‍ മൂന്ന് പേരെ സസ്പെന്‍ഡ് ചെയ്തിരുന്നു.