ലണ്ടന്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഈ മാസം യുകെ സന്ദര്‍ശനത്തിന് എത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. ജൂലൈ 14ന് ഫ്രാന്‍സില്‍ ബാസ്റ്റില്‍ ഡേ ആഘോഷത്തിനെത്തുന്ന ട്രംപ് ഹ്രസ്വ സന്ദര്‍ശനത്തിന് യുകെയിലും എത്തുമെന്നാണ് വിവരം. യൂറോപ്പിലെത്തുന്ന ട്രംപ് യുകെയിലേക്കും എത്തുമെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ സന്ദര്‍ശനത്തിനായുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങിക്കഴിഞ്ഞു. എന്നാല്‍ സന്ദര്‍ശനത്തിന്റെ സ്ഥിരീകരണം 24 മണിക്കൂര്‍ മുമ്പ് മാത്രമേ ലഭിക്കൂ എന്നും വിവരമുണ്ട്.
ഈ മാസം യൂറോപ്പ് സന്ദര്‍ശിക്കുന്ന ട്രംപിന് യുകെ സന്ദര്‍ശനത്തിന് അവസരമുണ്ടെന്ന് വൈറ്റ്ഹൗസ് വൃത്തങ്ങള്‍ സണ്‍ഡേ ടൈംസിനോട് വെളിപ്പെടുത്തി. എന്നാല്‍ ഇക്കാര്യം 24 മണിക്കൂര്‍ മുമ്പ് മാത്രമേ സ്ഥിരീകരിക്കാനാകൂ. വലിയ പ്രതിഷേധങ്ങള്‍ക്ക് സാധ്യതയുള്ളതിനാലാണ് ഇതെന്നാണ് വ്യക്തമാക്കപ്പെടുന്നത്. വന്‍ പ്രതിഷേധങ്ങള്‍ക്ക് സാധ്യതയുള്ളതിനാല്‍ അമേരിക്കന്‍ പ്രസിഡന്റിന്റെ യുകെ സന്ദര്‍ശനം റദദ്ദാക്കുന്നതായി കഴിഞ്ഞ മാസം വൈറ്റ് ഹൗസ് അറിയിച്ചിരുന്നു.
ട്രംപിന്റെ സന്ദര്‍ശനം സംബന്ധിച്ച് അമേരിക്കയില്‍ നിന്ന് ഔദ്യോഗിക അറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ലെന്നാണ് വെസ്റ്റ്മിന്‍സ്റ്റര്‍ അറിയിക്കുന്നത്. സന്ദര്‍ശനത്തിനായുള്ള തയ്യാറെടുപ്പുകള്‍ നടത്താന്‍ അമേരിക്കയുയെ അപേക്ഷ ലഭിച്ചിട്ടില്ല. എന്നാല്‍ സ്‌കോട്ട്‌ലന്‍ഡില്‍ സ്വന്തമായുള്ള ഗോള്‍ഫ് കോഴ്‌സില്‍ അനൗദ്യോഗിക സന്ദര്‍ശനത്തിന് ട്രംപ് എത്താന്‍ സാധ്യതയുണ്ടെന്നും ആ സമയത്ത് പ്രധാനമന്ത്രി തെരേസ മേയുമായി കൂടിക്കാഴ്ച നടത്തിയേക്കുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു.
Leave a Reply