കാലിഫോർണിയയിൽ താമസം മാറിയ ബ്രിട്ടീഷ് രാജകുമാരൻ ഹാരിക്കും ഭാര്യ മേഗനും സുരക്ഷാ നൽകാൻ കഴിയില്ലെന്ന് ട്രംപ്. കഴിഞ്ഞയാഴ്ചയാണ് ഇരുവരും കാനഡയിലെ വാൻകൂവറിൽ നിന്നും കാലിഫോർണിയയിൽ എത്തിയത്. ‘ഞാൻ രാജ്ഞിയുടെയും യുണൈറ്റഡ് കിംഗ്ഡത്തിന്റെയും മികച്ച സുഹൃത്തും ആരാധകനുമാണ്. രാജ്യം വിട്ട ഹാരിയും മേഗനും കാനഡയിൽ സ്ഥിര താമസമാക്കുമെന്നായിരുന്നു റിപ്പോർട്ട്. എന്നാൽ അവർ ഇപ്പോൾ അമേരിക്കയിലേക്ക് മാറിയിരിക്കുകയാണ്. എന്നാൽ, അവരുടെ സുരക്ഷ ക്കായുള്ള പണം യു.എസ് വഹിക്കില്ല. അതവർ സ്വയം വഹിക്കണം’- എന്നായിരുന്നു ട്രംപിന്റെ ട്വീറ്റ്.
അതേസമയം, ‘സസെക്സിലെ ഡ്യൂക്കിനും ഡച്ചസിനും സുരക്ഷാ ഒരുക്കാനായി ബ്രിട്ടണും യുഎസ് സർക്കാരിനോട് ആവശ്യപ്പെടാൻ പദ്ധതിയില്ല. സ്വകാര്യമായ മറ്റു സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്’ എന്ന് സസെക്സസിന്റെ വക്താവ് പറഞ്ഞു. മാർച്ച് 31 ന് ദമ്പതികൾ സീനിയർ റോയൽസ് സ്ഥാനങ്ങൾ രാജിവെക്കുകയാണ്. ട്രംപിന്റെ പ്രതികരണത്തോട് പ്രതികരിക്കുവാൻ ബക്കിംഗ്ഹാം കൊട്ടാരം വിസമ്മതിച്ചു. ഹാരിയും കുടുംബവും ഇപ്പോൾ ഹോളിവുഡിനടുത്തുള്ള ഒരു സ്ഥലത്താണ് താമസിക്കുന്നത്.
ഹാരിയെ വിവാഹം കഴിക്കുന്നതിനുമുമ്പ്, 2016 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ ട്രംപിനെ രൂക്ഷമായി വിമർശിച്ചിട്ടുള്ള ആളാണ് മേഗൻ. ‘ട്രംപ് സ്ത്രീവിരുദ്ധനും, ജനങ്ങളെ ഭിന്നിപ്പിക്കുന്നവനും ആണെന്ന് അന്ന് മെഗൻ പറഞ്ഞിരുന്നു. കൂടാതെ, ഹിലരി ക്ലിന്റന് വോട്ട് വാഗ്ദാനം ചെയ്ത മേഗൻ വിജയിച്ചാൽ കാനഡയിലേക്ക് പോകുമെന്നു പറയുകയും ചെയ്തിരുന്നു. കഴിഞ്ഞ ജൂണിൽ ട്രംപ് യുകെ സന്ദർശിക്കുന്നതിനുമുമ്പ് മെഗന്റെ പഴയ അഭിപ്രായപ്രകടനത്തെ കുറിച്ച് ചോദിച്ചപ്പോൾ ‘അവർ ഇത്ര വൃത്തികെട്ട സ്ത്രീയാണെന്നു എനിക്ക് അറിയില്ലായിരുന്നു. ഞാന് എന്ത് പറയാനാണ്?’ എന്നായിരുന്നു ട്രംപിന്റെ പ്രതികരണം.
Leave a Reply