എടത്വ: പിതാവ് നഷ്ടപ്പെട്ട 3 പെൺ മക്കൾക്കും തലവടി പഞ്ചായത്ത് 12 -ാം വാർഡിൽ വിരുപ്പിൽ റോസമ്മയ്ക്കും സൗഹൃദ വേദി നിർമ്മിച്ചു നല്കിയ സ്നേഹക്കൂടിൻ്റെ താക്കോൽ ദാനം തോമസ് കെ.തോമസ് എം.എൽ.എ നിർവഹിച്ചു. സമാനതകൾ ഇല്ലാത്ത സൗഹൃദ വേദിയുടെ ജനക്ഷേമ പ്രവർത്തനങ്ങൾ അഭിനന്ദനീയമാണെന്ന് അദ്ദേഹം പറഞ്ഞു. സൗഹൃദ വേദി പ്രസിഡൻ്റ് ഡോ.ജോൺസൺ വി. ഇടിക്കുള അധ്യക്ഷത വഹിച്ചു.റവ.ഫാദർ തോമസ് ആലുങ്കൽ, റവ.ഫാദർ ഷിജു മാത്യു, റവ.ഫാദർ സിറിയക്‌ തുണ്ടിയിൽ എന്നിവർ ചേർന്ന് സ്നേഹവീട് ആശീർവദിച്ചു. തലവടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഗായത്രി ബി നായർ, ജില്ലാ പഞ്ചായത്ത് അംഗം ബിനു ഐസക്ക് രാജു, ബ്ലോക്ക് പഞ്ചായത്ത് അംഗം അജിത്ത് കുമാർ പിഷാരത്ത് , ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ബിന്ദു ഏബ്രഹാം,സുജ അലക്സ് , അജി കോശി, എൻ.ജെ. സജീവ് ,മനു സന്തോഷ് എന്നിവർ സംബന്ധിച്ചു.

തുടർന്ന് നടന്ന സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ജിൻസി ജോളി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം ആനി ഈപ്പൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം അജിത്ത് കുമാർ പിഷാരത്ത് , ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ബിന്ദു ഏബ്രഹാം, റെന്നി തോമസ്, വിൻസൻ പൊയ്യാലുമാലിൽ , ജയിംസ് ചീരംകുന്നേൽ എന്നിവർ സംബന്ധിച്ചു.

അടച്ചുറപ്പ് പോലും ഇല്ലാതിരുന്ന വീടിൻ്റെ മേൽക്കൂര 2021 ജനുവരി 28ന് പൂർണ്ണമായും ദ്രവിച്ച് ഷീറ്റ് ഉൾപ്പെടെ തകർന്ന് വീണെങ്കിലും തലനാരിഴയ്ക്ക് ആണ് അപകടത്തിൽ നിന്നും അന്ന് അവർ രക്ഷപെട്ടത്. പതിമൂന്ന് വർഷം മുമ്പ് ഭർത്താവ് നഷ്ടപ്പെട്ട റോസമ്മ സ്കൂളിൽ ഉച്ച ഭക്ഷണം തയ്യാറാക്കുന്ന ജോലിയിൽ നിന്നായിരുന്നു വീട്ടുചിലവിന് മാർഗ്ഗം കണ്ടെത്തിയിരുന്നത്. ഡോ.ജോൺസൺ വി. ഇടിക്കുളയുടെ നേതൃത്വത്തിൽ ഉള്ള സൗഹൃദ വേദി സുമനസ്സുകളുടെ സഹായത്തോടെ നിലവിലിലുണ്ടായിരുന്ന മുറികളുടെ ദ്രവിച്ച ജനലുകളും കതകുകളും മാറ്റുകയും ഭിത്തികൾ ബലപ്പെടുത്തി പ്ലാസ്റ്ററിംങ്ങ് നടത്തുകയും കൂടാതെ ഒരു ഹാൾ, അടുക്കള, സിറ്റ് ഔട്ട് ഉൾപ്പെടെ നിർമ്മിച്ചു നല്കുകയും ചെയ്തു.

തലവടി ഗ്രാമ പഞ്ചായത്ത് അംഗം ബിന്ദു ഏബ്രഹാം കൺവീനറായി ഉള്ള പ്രാദേശിക കമ്മിറ്റി നിർമ്മാണ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിച്ചു. നിർമ്മാണ പ്രവർത്തനങ്ങൾ പ്രതിഫലേച്ഛ കൂടാതെ നിർവഹിച്ച കരാറുകാരൻ കുന്നേൽ ജോയിയെ ഷാൾ അണിയിച്ച് തോമസ് കെ. തോമസ് എം.എൽ.എ ആദരിച്ചു.