മനോജ്കുമാര്‍ പിള്ള

ഇംഗ്ലണ്ടിന്റെ സൗത്ത് വെസ്റ്റ് തീരത്തേക്ക് ഇന്ന് പൂരാട പൂവിളിയുമായി ഡോര്‍സെറ്റ് മലയാളികളുടെ വക ഓണാഘോഷം. തിരുവോണത്തിനിനി മണിക്കൂറുകളുടെ കയ്യകലം മാത്രം ബാക്കി നില്‍ക്കെ പൂവിളിയും സദ്യയും പുലികളിയും ഒക്കെയായി ഒരു കുറവും ഇല്ലാത്ത ഓണാഘോഷം സംഘടിപ്പിച്ചു ആഘോഷ തിമിര്‍പ്പിനെ ഉച്ചസ്ഥായിയില്‍ എത്തിക്കുകയാണ് ഡോര്‍സെറ്റ് കേരള കമ്യുണിറ്റി. ഇത്തവണ ആഘോഷങ്ങള്‍ക്ക് പകിട്ടേറിയപ്പോള്‍ മുഖ്യ അഥിതി ആയി ഇന്ത്യന്‍ എംബസി സീനിയര്‍ അഡ്മിന്സിട്രേറ്റര്‍ ടി ഹരിദാസ് ഉള്‍പ്പെടെയുള്ള പ്രമുഖര്‍ എത്തുന്നു എന്നതും പ്രത്യേകതയായി. കൂടാതെ ഇക്കഴിഞ്ഞ എ ലെവല്‍, ജി സി എസ ഇ പരീക്ഷകളില്‍ വിജയം നുണഞ്ഞ പ്രതിഭകളും ഓണാഘോഷ പരിപാടികളില്‍ മിന്നിത്തിളങ്ങുമെന്നു ഡി കെ സി പ്രസിഡന്റ് മനോജ് പിള്ള വക്തമാക്കി. ഇത്തവണ ഡോര്സെറ്റിന്റെ അഭിമാനമായി ഒരു പിടി കുട്ടികളാണ് ദേശീയ തലത്തില്‍ തന്നെ ശ്രദ്ധ നേടുന്ന പ്രകടനം നടത്തിയിരിക്കുന്നത്.

ഇന്ന് രാവിലെ പത്തു മണിയോടെ പൂക്കളമിട്ടു തുടങ്ങുന്ന ഓണാഘോഷം സദ്യയും സാംസ്‌കാരിക പരിപാടികളും ഒക്കെയായി വൈകുന്നേരം നാല് മണിവരെ ആഘോഷത്തിമിര്‍പ്പിലേക്കു ഡോര്‍സെറ്റ് മലയാളികളെ ആനയിക്കും. യുകെ മലയാളികളുടെ സാമൂഹ്യ സേവകനായി അറിയപ്പെടുന്ന ടി ഹരിദാസിനെ സാക്ഷിയാക്കി ആഘോഷം സംഘടിപ്പിക്കുക വഴി ഡി കെ സി ഈ വര്‍ഷം യുകെ മലയാളികള്‍ കാണുന്ന മികച്ച ഓണാഘോഷങ്ങളില്‍ ഒന്നായി മാറുകയാണ്. ഓണപ്പാട്ടും ഓണക്കളികളും ഒക്കെയായി ആവേശം തിരതല്ലുമ്പോള്‍ നഷ്ടസ്മൃതികളില്‍ ജീവിക്കുകയല്ല, കേരള തനിമ തിരിച്ചു പിടിച്ചു നെഞ്ചോട് ചേര്‍ക്കുകയാണ് എന്നോര്‍മ്മിപ്പിക്കുകയാണ് ഡി കെ സിയുടെ പകിട്ടേറിയ ഓണാഘോഷം. കസവ് സാരിയില്‍ സ്ത്രീകളും പട്ടു പാവാടയില്‍ പെണ്‍കുട്ടികളും മിന്നി തിളങ്ങുമ്പോള്‍ കര മുണ്ടും കസവു മുണ്ടും കളര്‍ മുണ്ടും ഒക്കെയായി വേഷപ്പകര്‍ച്ചയുടെ ഉത്സവ കാഴ്ചകള്‍ ഒരുക്കാന്‍ തയ്യാറെടുക്കുകയാണ് പുരുഷ സംഘങ്ങള്‍.

മാവേലി മന്നനെ വരവേല്‍ക്കാന്‍ ചെണ്ടമേളവും താലപ്പൊലിയും ഒക്കെയായാണ് ഓണാഘോഷത്തിന്റെ തുടക്കം. ഏറെ വാശിയോടെ നടത്തപ്പെടുന്ന വടംവലി മുഖ്യ ആകര്‍ഷണമാകും. കേരളത്തനിമ ചോരാത്ത വമ്പന്‍ സദ്യ കൂടിയാകുമ്പോള്‍ ഡി കെ സി ഓണത്തിന് പൊലിമ കൂടുകയാണ്. നാടന്‍ സദ്യ വട്ടങ്ങളുടെ കൂട്ടത്തില്‍ 26 ഇനങ്ങള്‍ ഇലയില്‍ നിരക്കുമ്പോള്‍ രുചിപ്പകര്‍ച്ചകളുടെ രസക്കൂട്ടുകളാകും നാവില്‍ വര്‍ണം വിരിയിക്കുക. ഓണപ്പാട്ടുപോലെ, ഓണത്തപ്പാ കുടവയറാ തിരുവോണക്കറി എന്തെല്ലാം എന്നാണ് ചോദ്യമെങ്കില്‍ പച്ചടി കിച്ചടി നാരങ്ങാക്കറി, കാടും പടലവും എരിശ്ശേരി എന്ന് പറയാന്‍ വരെ തയ്യാറെടുക്കുകയാണ് ഡോര്‍സെറ്റിലെ മലയാളി സമൂഹം. പൂളിലെ സെന്റ് എഡ്വേഡ് സ്‌കൂളിലാണ് ഇത്തവണ ഓണാഘോഷം നടക്കുക. ഓണാഘോഷവേദിയിലേക്കു ഏവര്‍ക്കും ഹൃദ്യമായ സ്വാഗതം ആശംസിക്കുകയാണ് ഡി കെ സി ഭാരവാഹികള്‍.

St Edwards School
Dale Valley Road
Poole
BH15 3NY