ഡോ. ജൂബി മാത്യു
അത്യാധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് ആഗോളതലത്തിൽ പലവിധ തട്ടിപ്പുകൾ പെരുകുകയാണ് . പുതിയതരം തട്ടിപ്പ് രീതികളാണ് ഓൺലൈൻ തട്ടിപ്പുകാർ ഓരോ ദിവസവും ഉപയോഗിച്ചുവരുന്നത് . ഇപ്പോൾ ഇതാ കേരളത്തിൽ നിർമ്മിത ബുദ്ധി ഉപയോഗിച്ച് വ്യാജ വീഡിയോ കോളിലൂടെ പണം തട്ടിയ സംഭവം ആദ്യമായി റിപ്പോർട്ട് ചെയ്തിരിക്കുന്നു. വാട്സ്ആപ്പ് വീഡിയോ കോളിലൂടെ ഡീപ്പ് ഫേക്ക് സാങ്കേതിക വിദ്യ ഉപയോഗിച്ച് സുഹൃത്താണെന്ന് തെറ്റിദ്ധരിപ്പിച്ച് 40,000 രൂപയാണ് ഒരു കോഴിക്കോട് സ്വദേശിയിൽ നിന്ന് തട്ടിയെടുത്തത്.
ഫേസ്ബുക്കിലോ ഇൻസ്റ്റാഗ്രാമിലോ മറ്റേതെങ്കിലും വഴിയോ ഇൻറർനെറ്റിൽ ലഭ്യമായ ചിത്രങ്ങളോ വീഡിയോകളോ എടുത്ത് ആർട്ടിഫിഷൽ ഇന്റലിജൻസിന്റെ അല്ലെങ്കിൽ നിർമ്മിത ബുദ്ധിയുടെ സഹായത്തോടെ തികച്ചും വ്യത്യസ്തമായ , യാഥാർത്ഥ്യമെന്ന് തോന്നിപ്പിക്കുന്ന മറ്റൊരു വീഡിയോയോ ചിത്രമോ നിർമ്മിക്കാൻ കഴിയുന്ന സാങ്കേതിക വിദ്യയാണ് ഡീപ് ഫേക്ക് സാങ്കേതികവിദ്യ(Deepfake technology). ന്യൂറൽ നെറ്റ് വർക്കുകൾ ഉപയോഗിച്ച് ഒരാളുടെ മുഖത്തെ വിവിധ പോയിന്റുകളെ ഗണിതശാസ്ത്രപരമായി മനസ്സിലാക്കുകയും തുടർന്ന് ആ മുഖത്തിന് മുകളിലായി മറ്റൊന്ന് നിർമ്മിച്ച എടുക്കുകയുമാണ് ഇതിൽ ചെയ്യുന്നത്
ആർട്ടിഫിഷ്യൽ ഇൻറലിജൻസ്, ഡീപ് ലേർണിംഗ്, ഓഗ്മെന്റഡ് റിയാലിറ്റി തുടങ്ങിയ സാങ്കേതിക വിദ്യകളുടെ സഹായത്തോടെയാണ്, വെർച്ച്വൽ ദൃശ്യങ്ങളായ വാക്കുകൾ , ചിത്രങ്ങൾ ,ഓഡിയോ ,വീഡിയോ എന്നിവ സൃഷ്ടിക്കുന്നത് .ഡീപ്പ് ഫേക്ക് അൽഗോരിതങ്ങൾ , നിലവിലുള്ള ഡാറ്റയിൽ നിന്ന് മുഖഭാവങ്ങൾ, ആംഗ്യങ്ങൾ ,സംസാരം ,എന്നിവ പോലുള്ള പാറ്റേണുകൾ വിശകലനം ചെയ്യുകയും പഠിക്കുകയും ചെയ്യുന്നു. പിന്നീട് ഒരു വ്യക്തിയുടെ രൂപവും പ്രവർത്തനങ്ങളും യഥാർത്ഥവും ആധികാരികവുമായി തോന്നുന്ന രീതിയിൽ പുനർ നിർമ്മിക്കുകയോ കൈകാര്യം ചെയ്യുകയോ ചെയ്യുന്നു. പൂർണ്ണമായും നിർമ്മിത ബുദ്ധിയുടെ ഒരു അവതാരമായിരിക്കും ഇതിലൂടെ രൂപപ്പെടുക .ഒരു മനുഷ്യൻറെ എല്ലാ ചലനങ്ങളെയും പരിചയപ്പെടുത്തി കഴിഞ്ഞാൽ സംസാരത്തിന്റെ താളവും മിഴിയനക്കവും മുഖഭാവങ്ങളിൽ വരുന്ന ചുളിവുകൾ എന്നു തുടങ്ങി സൂക്ഷ്മതയാർന്ന എല്ലാം പഠിച്ച് നൽകുന്ന വിവരങ്ങൾ അനുസരിച്ച് ഒരു നിർമ്മിത ബുദ്ധി അവതാരത്തെ തന്നെ സൃഷ്ടിക്കാൻ ആകുന്നു. ചുരുക്കിപ്പറഞ്ഞാൽ നമ്മൾ ആവശ്യമായ വിവരം കൊടുത്തുകഴിഞ്ഞാൽ നമ്മൾ ഉദ്ദേശിക്കുന്ന ആളുകൾ ഒരു വീഡിയോ പ്രസന്റേഷനോ ഓഡിയോ പ്രസന്റേഷന് അവതരിപ്പിക്കുന്നതായോ അല്ലെങ്കിൽ ഒരു പ്രത്യേക സാഹചര്യത്തിൽ ആളുകളുടെ കൂടെ ഇരിക്കുന്നതായിയുള്ള ഒരു ഫേക്ക് ചിത്രമോ നിർമ്മിക്കപ്പെടുന്നു. വ്യക്തികൾ ഒരിക്കലും ചെയ്യാത്ത കാര്യങ്ങൾ പറയുന്നതോ ചെയ്യുന്നതോ ആണെന്ന് തോന്നിപ്പിക്കുന്ന വീഡിയോകൾ സൃഷ്ടിക്കാൻ ഇതുവഴി സാധ്യമാകുന്നു.
ഡീപ് ഫേക്കുകൾ ഉണ്ടാക്കാൻ ഉപയോഗിക്കുന്ന ഒരു സാങ്കേതികവിദ്യയാണ് ജനറേറ്റീവ് അഡ്വെർസറിയിൽ നെറ്റ് വർക്ക്(GAN-Generative adversarial networks ). ജിഎഎൻ സാങ്കേതികവിദ്യ ഉപയോഗിച്ച് ആളുകളുടെയോ മറ്റു വസ്തുക്കളുടെയോ പ്രകൃതിദൃശ്യങ്ങളുടെയോ യഥാർത്ഥത്തിലുള്ള ചിത്രങ്ങളെ വെല്ലുന്ന രീതിയിലുള്ള പ്രതിബിംബങ്ങൾ സൃഷ്ടിക്കാൻ സാധിക്കും. അതുപോലെ കറുപ്പും വെളുപ്പും മാത്രമായ ചിത്രങ്ങളെ കളർ ചിത്രങ്ങൾ ആക്കുക, രാത്രിയിൽ എടുത്ത ചിത്രങ്ങളെ പകലെടുത്തത് പോലെ ആക്കുക തുടങ്ങി നിരവധി തരത്തിലുള്ള മാറ്റങ്ങൾ ചിത്രങ്ങളിൽ വരുത്താൻ ഈ സാങ്കേതികവിദ്യ കൊണ്ട് സാധിക്കും. കൂടാതെ ഒരു വിവരണത്തിൽ നിന്ന് അതിനനുസരിച്ചുള്ള തികച്ചും സ്വാഭാവികമായി തോന്നുന്ന ഒരു ചിത്രം ഈ സാങ്കേതികവിദ്യകൊണ്ട് സൃഷ്ടിക്കാൻ ആകും. പക്ഷികളും പൂക്കളും മരങ്ങളും മറ്റുമടങ്ങിയ പ്രകൃതി ദൃശ്യങ്ങൾ തുടങ്ങി ,നൽകുന്ന വിവരണങ്ങൾ അടിസ്ഥാനമാക്കി ചിത്രങ്ങൾ സൃഷ്ടിക്കുന്നു.
ഫാഷൻ റീട്ടെയിൽ വ്യവസായത്തിൽ ഉപഭോക്താക്കളെ മോഡലുകളാക്കി മാറ്റാൻ ഡീപ്ഫേക്കുകൾക്ക് കഴിയും. ഉപഭോക്താക്കളുടെ മുഖം, ശരീരങ്ങൾ, അവയവങ്ങൾ തുടങ്ങിയവ മനസ്സിലാക്കി ഒരു ഡീപ്ഫേക്ക് സൃഷ്ടിക്കുകയും ഏറ്റവും പുതിയ ഫാഷൻ ട്രെൻഡുകൾ പരീക്ഷിക്കാൻ(വസ്ത്രങ്ങൾ, അനുബന്ധ ഉപകരണങ്ങൾ ) ഇതുവഴി സാധിക്കും. അഭിനേതാക്കളുടെ മുഖഭാവങ്ങളിൽ മാറ്റം വരുത്തുന്നതു മുതൽ അവരുടെ ഐഡന്റിറ്റി പൂർണമായും മാറ്റുന്നതുവരെ കൃത്രിമമായി ചെയ്യാം . ഒരു സിനിമ പൂർണമായി വേണമെങ്കിൽ അഭിനേതാവില്ലാതെ നിർമ്മിക്കാം. സ്ഥാനാർത്ഥികളുടെ ചിത്രങ്ങളും സന്ദേശങ്ങളും വളച്ചൊടിച്ച് രാഷ്ട്രീയ തെരഞ്ഞെടുപ്പുകളിൽ ഡീപ്‌ഫേക്കുകൾക്ക് കാര്യമായ അപകടമുണ്ടാക്കാൻ കഴിയും. കെട്ടിച്ചമച്ച പ്രതികരണങ്ങളും പ്രസംഗങ്ങളും രൂപപ്പെടുത്തുന്നതിലൂടെ, എതിരാളികൾക്ക് പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും സ്ഥാനാർത്ഥികളെക്കുറിച്ച് മതിപ്പില്ലായ്മയും സംശയവും അവിശ്വാസവും സൃഷ്ടിക്കാനും കഴിയും, പൊതുബോധത്തിലെ ഈ കൃത്രിമം തിരഞ്ഞെടുപ്പ് ഫലങ്ങളെ സ്വാധീനിക്കുകയും ജനാധിപത്യ പ്രക്രിയയെ തകർക്കുകയും ചെയ്യും. കൃത്യമായ വിവരങ്ങൾ കിട്ടി സത്യം തിരിച്ചറിയുമ്പോഴേക്കും, ജനങ്ങളുടെ മനസ്സിൽ വ്യാജവാർത്ത ഇടം പിടിച്ചിട്ടുണ്ടാകും
ഡിജിറ്റൽ സേവനങ്ങൾ ഉപയോഗിക്കുന്നതിൽ എല്ലാ രാജ്യങ്ങളും മുന്പിലാണെങ്കിലും ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇൻഫർമേഷൻ ടെക്നോളജി നിയമങ്ങളുടെ കുറവ് പ്രകടമാണ് . വലിയ തെറ്റുകൾക്ക് പോലും നിസ്സാരമായ ശിക്ഷ നടപടികളാണ് നിയമം അനുശാസിക്കുന്നത്. അതുകൊണ്ടുതന്നെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ചുകൊണ്ടുള്ള തട്ടിപ്പുകൾ വർദ്ധിച്ചു വരാനുള്ള സാധ്യതകൾ ഏറെയാണ് .ഡാറ്റ പ്രൈവസി പോളിസികളിലെ അപാകതകൾ മുതലെടുത്ത് ഓൺലൈൻ കമ്പനികൾ ശേഖരിക്കുന്ന വ്യക്തിപരമായ ഡാറ്റ ഇത്തരക്കാർ നിർമ്മിത ബുദ്ധിയുടെ സഹായത്തോടെ ഉപയോഗപ്പെടുത്തി, മറ്റൊരു വ്യക്തിയെ സൃഷ്ടിച്ചു വിദേശരാജ്യങ്ങളിലെ ജോലി ,ബാങ്കിംഗ് ഉൾപ്പെടെയുള്ള പ്രവർത്തികളിൽ അനായാസം തട്ടിപ്പ് നടത്താനാകും.
നിയമങ്ങളും ചട്ടങ്ങളും കൊണ്ട് സാങ്കേതികവിദ്യയെ നിയന്ത്രിക്കുക എളുപ്പമല്ല, അവിടെയാണ് വ്യക്തിയെന്ന നിലയിൽ നമ്മൾ പാലിക്കേണ്ട ജാഗ്രത അതിപ്രധാനമാകുന്നത്. ഇൻറർനെറ്റ് ഉപയോഗിക്കുമ്പോൾ, സോഷ്യൽ മീഡിയ ഉപയോഗിക്കുമ്പോൾ , വ്യക്തി വിവരങ്ങൾ പങ്കുവയ്ക്കുമ്പോൾ ഒക്കെ കർശനമായ നിയന്ത്രണവും ജാഗ്രതയും പാലിച്ചേ മതിയാവൂ. ഒപ്പം ഇനിയങ്ങോട്ട് ലഭ്യമായ എല്ലാ മാർഗ്ഗങ്ങളും ഉപയോഗിച്ച് ഡീപ്പ് ഫേക്ക് പോലുള്ള വ്യാജ സൃഷ്ടികൾ തിരിച്ചറിയാനുള്ള സാങ്കേതിക ജ്ഞാനം ആർജിക്കുകയും വേണം .ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കാലത്ത് കാര്യങ്ങൾ മാറുന്നത്, വർഷങ്ങൾ എടുത്തല്ല, നിമിഷങ്ങൾ കൊണ്ടാണ്. അതുകൊണ്ട് ഇതൊന്നും എന്നെ ബാധിക്കില്ല എന്ന് പതിവ് ചിന്ത വെടിഞ്ഞ് കൂടുതൽ ശ്രദ്ധാലുക്കളാകുക മാത്രമേ വഴിയുള്ളൂ
ഡോ ജൂബി മാത്യു : കാഞ്ഞിരപ്പള്ളി അമൽജ്യോതി എഞ്ചിനീയറിംഗ് കോളേജിലെ കമ്പ്യൂട്ടർ സയൻസ് & എഞ്ചിനീയറിംഗ് വിഭാഗം മേധാവിയാണ്.
Leave a Reply