സംവിധായകന്‍ നാദിര്‍ഷയെ ഉടന്‍ അറസ്റ്റ് ചെയ്‌തേക്കുമെന്ന് സൂചന. അപ്പുണ്ണിയും നാദിര്‍ഷയും നല്‍കിയ മൊഴികള്‍ പരസ്പരവിരുദ്ധമായിരുന്നു. നാദിര്‍ഷയെ വീണ്ടും ചോദ്യം ചെയ്‌തേക്കും. തെളിവ് നശിപ്പിച്ചതിലടക്കം നാദിര്‍ഷയ്ക്ക് പങ്കുണ്ടെന്നാണ് പൊലീസ് പറയുന്നത്.

അതേസമയം നടിയെ അക്രമിച്ചതുമായി ബന്ധപ്പെട്ട് കേസില്‍ ക്വട്ടേഷന്‍ നല്‍കിയത് ഒരു സ്ത്രീയാണെന്ന് പള്‍സര്‍ സുനി പറഞ്ഞത് ദിലീപിനെ രക്ഷിക്കാനെന്നാണ് പൊലീസ് പറയുന്നത്. ക്വട്ടേഷനു പിന്നില്‍ സ്ത്രീ ഇല്ല എന്ന കാര്യം പൊലീസ് ഉറപ്പിച്ചിട്ടുണ്ട്. ആക്രമണ സമയത്ത് സ്ത്രീയാണ് ക്വട്ടേഷന്‍ നല്‍കിയതെന്ന് സുനി പറഞ്ഞിരുന്നു. നടിയോടാണ് ആക്രമണ സമയത്ത് ക്വട്ടേഷന്‍ നല്‍കിയത് സ്ത്രീയാണെന്ന് സുനി പറഞ്ഞത്. ഇക്കാര്യം ആദ്യമൊഴിയില്‍ത്തന്നെ നടി പൊലീസിനോട് പറഞ്ഞിരുന്നു. പൊലീസിന് നല്‍കിയ മൊഴിയില്‍ ഒരു മാഡത്തെക്കുറിച്ചും സുനി പരാമര്‍ശിച്ചിരുന്നു. പൊലീസ് അന്വേഷണം ദിലീപിലേയ്ക്ക് എത്തിച്ചേരാതിരിക്കാനുള്ള തന്ത്രമായിരുന്നു ഇതെന്നാണ് പൊലീസ് പറയുന്നത്.