കോട്ടയം സ്വദേശി ഡോ. ലക്‌സൺ ഫ്രാൻസിസിന്റെ ഫോണിലേക്ക് വന്ന കോളാണ് എല്ലാ വഴിത്തിരിവിനും കാരണമായത്. പെൺകുട്ടിയുടെ കരച്ചിൽ മാത്രം കേട്ട ഫോൺകോളിനെ സംബന്ധിച്ച് ലക്‌സണ് സംശയങ്ങൾ മാത്രമാണ് ഉണ്ടായിരുന്നത്. എന്നാൽ രക്ഷിക്കണേ എന്നുള്ള നിലവിളിയെ കേൾക്കാതിരിക്കാന് അദ്ദേഹത്തിനായില്ല. കുവൈറ്റഇലെ നമ്പറിൽ നിന്നും വന്ന കോൾ ആയതിനാൽ തന്നെ പരിചയക്കാരേയും സുഹൃത്തുക്കളേയും സമീപിച്ച് ഇവരുടെ സഹായത്തോടെ കൂടുതൽ അന്വേഷണങ്ങൾ നടത്തിയതോടെ ജോലിക്ക് എത്തി അവിടെ കുടുങ്ങി പോയ മലയാളി പെൺകുട്ടിയാണ് തന്നെ സമീപിച്ചിരിക്കുന്നത് ബോധ്യമായി. പിന്നെ അങ്ങോട്ട് സിനിമയെ വെല്ലുന്ന രക്ഷാപ്രവർത്തന നിമിഷങ്ങളായിരുന്നു.

കുവൈറ്റിലുള്ള സുഹൃത്താണ് ലക്‌സണ് വന്ന കോളിനെ കുറിച്ച് അന്വേഷിച്ച് ദീപ എന്ന നിസ്സഹായയായ പെൺകുട്ടിയെ കണ്ടെത്തിയതും, അവർ കുടുങ്ങിപ്പോയ സാഹചര്യം അന്വേഷിച്ച് സത്യമാണെന്ന് സ്ഥിരീകരിച്ചതും. പിന്നീട് നടന്ന രക്ഷാദൗത്യം സിനിമയെ ഓർമ്മിപ്പിക്കുന്നതായിരുന്നു.

വിദേശത്തുണ്ടായിരുന്നപ്പോൾ മുതലുള്ള എല്ലാ ബന്ധങ്ങളും സൗഹൃദങ്ങളും ഉപയോഗപ്പെടുത്തി ലക്‌സൺ ആ പെൺകുട്ടിയെ രക്ഷിക്കാൻ തീരുമാനിച്ചു. ഒടുവിൽ എല്ലാ പ്രയത്‌നങ്ങൾക്കും ശേഷം, കഴിഞ്ഞദിവസം രാത്രി കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ കോട്ടയം നീലംപേരൂർ സ്വദേശിനി ദീപ വന്നിറങ്ങി.

കുവൈറ്റിലെ ഗദ്ദാമയുടെ അടിമ ജീവിതത്തിൽ നിന്നാണ് ദീപ മോചിപ്പിക്കപ്പെട്ട് നാട്ടിലെത്തിയത്. ‘രക്ഷപ്പെടാൻ അവസരം വരും, അതുവരെയും കാത്തിരിക്കണം.. ലക്‌സൺ സാർ ഇടയ്ക്കു വിളിക്കുമ്പോൾ പറയുമായിരുന്നു. വാതിൽ തുറന്നു കിടക്കുകയാണോ എന്ന് ഇടയ്ക്കിടെ നോക്കും. അങ്ങനെ ആ അവസരം വന്നു. രാവിലെ ആറുമണിക്ക് വാതിൽ തുറന്നു കിടക്കുന്നു. സാറിനെ വിളിച്ചു.

ധൈര്യമായി ഇറങ്ങി പുറത്തേക്കോടാൻ ഉപദേശിച്ചു. ബാഗിൽ കരുതിവച്ചിരുന്ന അത്യാവശ്യം വസ്ത്രങ്ങൾ മാത്രമെടുത്ത് റോഡിലേക്കിറങ്ങി തിരിഞ്ഞു നോക്കാതെ ഓടി. അതുവഴി വന്ന ഒരു ടാക്‌സി കിട്ടിയതു രക്ഷയായി. അതിൽ കയറി, ലക്‌സൺ സാർ പറഞ്ഞതുപോലെ ഇന്ത്യൻ എംബസിയിലെത്തി. അദ്ദേഹം അവിടെ കാര്യങ്ങളെല്ലാം ഏർപ്പാടാക്കിയിരുന്നു. അവർ സ്‌നേഹപൂർവം സ്വീകരിച്ച് ഭക്ഷണവും താമസസൗകര്യവും ഏർപ്പാടാക്കി. നാട്ടിലേക്കു വരാനുള്ള ടിക്കറ്റും വാഹനവും തന്നു.’-ദീപ താൻ രക്ഷപ്പെട്ട് വന്ന വഴി ഓർത്തെടുക്കുന്നു.

ബിഎ ബിരുദധാരിയാണ് ദീപ. നാലുവർഷം മുമ്പ് ഭർത്താവ് വൃക്കരോഗം ബാധിച്ച് മരിച്ചു. പിന്നാലെ നിരാലംബയായ ദീപയെ കാണാൻ അകന്ന ബന്ധുവെത്തി. ഇയാളാണ് കുവൈറ്റിലെ വീട്ടുജോലിയെ കുറിച്ച് പറഞ്ഞത്. വീട്ടിലെ പ്രാരാബ്ദം ആലോചിച്ചപ്പോൾ ഇല്ലാത്ത പണം കടം വാങ്ങിയുണ്ടാക്കി നൽകിയാണ് 2018 ൽ കുവൈറ്റിലെത്തിയത്. അവിടെ കാത്തുനിന്ന അറബി ഏജന്റ് ഒരു വീട്ടിലാക്കി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

രാത്രിയിൽ ഉറങ്ങാൻ സമ്മതിക്കില്ല എന്നതും പറഞ്ഞ ശമ്പളം നൽകിയില്ല എന്നതും ഒഴിച്ചാൽ കാര്യമായ പ്രശ്‌നമില്ല. 120 കുവൈത്ത് ദിനാറായിരുന്നു വാഗ്ദാനം. നൽകിയത് 90 ദിനാർ മാത്രം. രാത്രി മൂന്നു മണി വരെ ജോലി ചെയ്യുന്നതാണ് അവിടുത്തെ നിബന്ധന. പിന്നീട് രാവിലെ ആറുമണിക്ക് എഴുന്നേറ്റ് വീണ്ടും ജോലി തുടങ്ങണം.

ചെറിയ കുറെ കുഞ്ഞുങ്ങളുണ്ട്, അവരെ നോക്കുന്നതായിരുന്നു പ്രധാന ജോലി. അവിടെ ഒരു വർഷം പൂർത്തിയായതോടെ വീട്ടുകാർ ശ്രീലങ്കൻ ഏജന്റിനു കൈമാറി. അദ്ദേഹം മറ്റൊരു വീട്ടിൽ കൊണ്ടാക്കിയെങ്കിലും നാലുനിലയുള്ള വീട്ടിലെ ജോലി ആരോഗ്യത്തെ കാര്യമായി ബാധിച്ചു. നടുവിനു വേദനയും മറ്റും രൂക്ഷമായതോടെ നാട്ടിലേക്കു വിടാൻ അഭ്യർത്ഥിച്ചു. അതുപറ്റില്ലെന്നു പറഞ്ഞ് ഏജന്റ് മറ്റൊരു വീട്ടിലാക്കി. അവിടെ കടുത്ത ജോലിയും മാനസിക പീഡനവും. ഭക്ഷണംപോലും തരാത്ത സാഹചര്യവുമുണ്ടായി.

ഇതിനിടെ കഴുത്തിൽ മുഴ വന്നതോടെയാണ് എല്ലാം തകിടം മറിഞ്ഞത്. പിന്നെ ഒരു തവണ ആശുപത്രിയിൽ കാണിച്ചു. തുടർ ചികിത്സയില്ലാതെ വന്നതോടെ പനിയും വേദനയുമായി കിടപ്പിലായി. ഈ സമയം ഭക്ഷണം പോലും വീട്ടുടമ നൽകാൻ തയ്യാറായില്ല. സ്വന്തമായി ഭക്ഷണം ഉണ്ടാക്കിക്കഴിക്കാനും അനുവദിക്കാതെ വന്നതോടെ വെള്ളം മാത്രം കുടിച്ചു ജീവൻ നിലനിർത്തി. ഇടയ്ക്ക് ജ്യൂസ് ഉണ്ടാക്കി കഴിച്ചു. തിരികെ നാട്ടിൽ വിടണമെന്നു ആവശ്യപ്പെട്ടപ്പോൾ വലിയ തുക പകരം ചോദിച്ചു. അവിടെ കിടന്നു മരിച്ചുപോകുമോ എന്ന ഭയത്തിലാണ് ഏജന്റിനെ വീണ്ടും സമീപിച്ചത്.

കൂട്ടുകാരിൽ പലരോടും കാര്യങ്ങൾ പറഞ്ഞപ്പോൾ ഒരു കൂട്ടുകാരിയാണ് ഡോ. ലക്‌സന്റെ നമ്പർ തരുന്നത്. അദ്ദേഹത്തെ വിളിച്ച് കാര്യങ്ങൾ പറഞ്ഞപ്പോൾ മുതൽ നാട്ടിലെത്തുന്നതുവരെ അദ്ദേഹം വേണ്ടതെല്ലാം ചെയ്തു കൂടെനിന്നു. എംബസിയിൽ വിളിച്ച് കാര്യങ്ങൾ ഏർപ്പാടാക്കിയതും ആ വീട്ടിൽനിന്നു രക്ഷപ്പെടാൻ അവസരം ഒരുക്കിയതും അദ്ദേഹമാണ്. ഇറങ്ങിയോടി ടാക്‌സിയിൽ എംബസിയിലെത്തിയപ്പോൾ വളരെ സഹാനുഭൂതിയോടെ അവർ പെരുമാറി. താമസിക്കാൻ സ്ഥലവും ഭക്ഷണവും തന്നു. എന്നെപ്പോലെ നിരവധിപ്പേർ അവിടെ നാട്ടിലെത്താനാകാതെ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് മനസ്സിലായത്.

എന്നെ ഗൾഫിലെത്തിച്ച ബന്ധു കയറ്റിവിട്ട ഒരു പെൺകുട്ടി വളരെ ദുരിതം അനുഭവിക്കുന്നതിനെപ്പറ്റി പറഞ്ഞിരുന്നു. പലരും ലൈംഗിക അതിക്രമങ്ങൾക്കും ഇരയാകുന്നുണ്ട്. എനിക്ക് അത്തരം പീഡനം ഉണ്ടായിട്ടില്ല. ചൂടുവെള്ളം ദേഹത്ത് ഒഴിച്ച് പൊള്ളലേറ്റ സ്ത്രീ രക്ഷപ്പെട്ട് എംബസിയിൽ എത്തിയിരുന്നു. വിശദീകരിക്കാനാവാത്തത്ര ദുരിതമാണ് അവർ അനുഭവിച്ചത്.-ക്വാറന്റീൻ കാലാവധി കഴിയുമ്പോൾ നാട്ടിൽത്തന്നെ എന്തെങ്കിലും ജോലി കണ്ടെത്തണമെന്ന ആഗ്രഹവും ദീപ പങ്കുവയ്ക്കുന്നു.

കൊച്ചിയിൽ ഐടി, എക്‌സ്‌പോർട്ടിങ്, കൺസൽറ്റിങ് സ്ഥാപനങ്ങൾ നടത്തുന്ന ഡോ. ലക്‌സൺ ഫ്രാൻസിസ്  കെപിസിസി ന്യൂനപക്ഷ വിഭാഗം സംസ്ഥാന കോ ഓർഡിനേറ്ററണ്. പുതിയ ചുമതല ഏറ്റെടുത്തതിനു പിന്നാലെ, ദുരിതത്തിലായ ഒരു പെൺകുട്ടിയെ രക്ഷിച്ചു നാട്ടിലെത്തിക്കാനായതിന്റെ ചാരിതാർത്ഥ്യത്തിലാണ് ഇദ്ദേഹം.