സബ് കലക്ടറെന്നു തെറ്റിദ്ധരിപ്പിച്ചു മധ്യവയസ്കനെ തേൻകെണിയിൽ കുടുക്കി 17 ലക്ഷം രൂപയും 5 ലക്ഷം രൂപയുടെ ആഭരണങ്ങളും കവർന്ന യുവതി ഉത്തർ പ്രദേശിലെ നോയിഡയിൽ സിറ്റി പൊലീസിന്റെ പിടിയിൽ.

തൃശൂർ സ്വദേശിനിയും നോയിഡയിൽ സ്ഥിരതാമസക്കാരിയുമായ ധന്യ ബാലൻ (33) ആണ് അറസ്റ്റിലായത്. തൃശൂരിൽ ഇൻഷുറൻസ് കമ്പനി ഉദ്യോഗസ്ഥനെ കെണിയിൽ കുടുക്കി നഗ്നചിത്രങ്ങൾ കൈവശപ്പെടുത്തി പണംതട്ടിയതിനാണ് അറസ്റ്റ്.

തൃശൂരിൽ സ്ഥലം മാറിയെത്തിയ സബ് കലക്ടർ ട്രെയിനിയാണെന്നു തെറ്റിദ്ധരിപ്പിച്ചാണ് ധന്യ ഇദ്ദേഹത്തെ പരിചയപ്പെട്ടത്. വലിയ തുകയുടെ ഇൻഷുറൻസ് എടുക്കാമെന്നു വിശ്വസിപ്പിച്ചു ഹോട്ടൽ മുറികളിലും ഫ്ലാറ്റ‍ുകളിലും വിളിച്ചുവരുത്തി കെണിയിൽപ്പെടുത്തിയെന്നാണു പരാതി. നഗ്നചിത്രങ്ങൾ പകർത്തുകയും ഇവ കുടുംബാംഗങ്ങൾക്ക് അയച്ചു നൽകുമെന്നു ഭീഷണിപ്പെടുത്തി 17 ലക്ഷം രൂപയും സ്വർണവും തട്ടിയെടുക്കുകയും ചെയ്തു.

കമ്മിഷണർ ആർ. ആദിത്യയ്ക്കു പരാതി നൽകിയതോടെ പൊലീസ് അന്വേഷണം തുടങ്ങി. ക്രൈം ബ്രാഞ്ച് എസിപി പി. ശശികുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ധന്യ നോയിഡയിൽ ഉണ്ടെന്നു കണ്ടെത്തി.

നിഴൽ പൊലീസ് എസ്ഐ എൻ.ജി. സുവൃതകുമാർ, എഎസ്ഐ ജയകുമാർ, സീനിയർ സിപിഒ ടി.വി. ജീവൻ, സിപിഒമ‍ാരായ എം.എസ്. ലിഗേഷ്, പ്രതിഭ, പ്രിയ എന്നിവർ ഉൾപ്പെട്ട സംഘമാണ് ധന്യയെ അറസ്റ്റ് ചെയ്തത്.