ഡോ. എം. എസ്. സുനിൽ പങ്കുവച്ച ഫെയ്സ്ബുക്ക് കുറിപ്പ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്. പാവപ്പെട്ട കുടുംബങ്ങൾക്കായി നിരവധി വീടുകൾ നിർമിച്ച് നൽകിയ സാമൂഹിക പ്രവർത്തകയും അധ്യാപികയുമായ ഡോ. സുനിൽ, സിവിൽ സർവീസ് സ്വപ്നം കാണുന്ന വിദ്യാർഥികളും അവരുടെ മാതാപിതാക്കളും നേരിടുന്ന യാഥാർഥ്യങ്ങളിലേക്കാണ് കുറിപ്പിലൂടെ ശ്രദ്ധ ക്ഷണിക്കുന്നത്.

സിവിൽ സർവീസ് പരിശീലനത്തിന്റെ പേരിലുള്ള ഉയർന്ന സാമ്പത്തിക ബാധ്യത, വർഷങ്ങളോളം നീളുന്ന തയ്യാറെടുപ്പിനിടയിലെ കരിയർ ഇടവേള, പരാജയത്തെ തുടർന്നുണ്ടാകുന്ന മാനസിക സമ്മർദം തുടങ്ങിയ വിഷയങ്ങളാണ് അവർ ചൂണ്ടിക്കാട്ടുന്നത്. IAS, IPS പോലുള്ള പദവികളെ ജീവിതത്തിലെ പരമമായ വിജയമായി കാണുന്ന സമീപനത്തെ ചോദ്യം ചെയ്യുന്ന കുറിപ്പിൽ, വിദ്യാർഥികൾക്ക് ബദൽ കരിയർ സാധ്യതകൾ തുറന്നുവയ്ക്കണമെന്നും മാതാപിതാക്കൾ മക്കളുടെ താൽപര്യങ്ങൾക്ക് പ്രാധാന്യം നൽകണമെന്നും ഡോ. സുനിൽ പറയുന്നു.

“ഒരു പരീക്ഷയും നമ്മളെക്കാൾ വലുതല്ല” എന്ന സന്ദേശത്തോടെയാണ് കുറിപ്പ് അവസാനിക്കുന്നത്. സിവിൽ സർവീസ് പരീക്ഷയിൽ പരാജയപ്പെടുന്നത് ജീവിതത്തിലെ പരാജയമല്ലെന്നും, പരീക്ഷയ്ക്ക് അപ്പുറവും നിരവധി സാധ്യതകൾ ജീവിതത്തിൽ കാത്തിരിക്കുന്നുണ്ടെന്നും ഓർമിപ്പിക്കുന്നതാണ് ഡോ. എം. എസ്. സുനിലിന്റെ കുറിപ്പ്.

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം വായിക്കാം:

സിവിൽ സർവീസ് സ്വപ്നം കാണിച്ച് നടത്തുന്ന കോടികളുടെ കച്ചവടവും, തകർന്നു പോകുന്ന ലക്ഷക്കണക്കിന് ജീവിതങ്ങളും. ഒരുപാട് പേരുടെ അനുഭവങ്ങൾ നേരിൽ കണ്ടതു കൊണ്ടും കഴിഞ്ഞ ദിവസം ഇരുട്ട് മുറിയിൽ കഴിയുന്ന പണ്ടൊരു കാലത്ത് അതി സമർത്ഥനായിരുന്ന ഒരു വ്യക്തിയെ കാണാൻ ഇടയായതും ,ഒരുപാട് പേർ ഇതിനെക്കുറിച്ച് എഴുതണമെന്ന് ആവശ്യപ്പെട്ടതു കൊണ്ടും എഴുതുന്നു.

ഒരു പരീക്ഷയും നമ്മളെക്കാൾ വലുതല്ല. ധൈര്യമായി മുന്നോട്ടുപോകൂ …ജീവിതത്തിൽ ഒരുപാട് വാതിലുകൾ നിങ്ങൾക്കായി തുറന്നു കിടപ്പുണ്ട്. ഒരു IAS, ഒരു IPS… ഈ രണ്ട് വാക്കുകൾ കേൾക്കുമ്പോൾ ഓരോ മലയാളി മാതാപിതാക്കളുടെയും കണ്ണിൽ ഒരു തിളക്കമാണ്. പക്ഷേ ആ തിളക്കത്തിന് പിന്നിൽ ലക്ഷക്കണക്കിന് കുട്ടികളുടെ കണ്ണീരും, മാനസിക തകർച്ചയും, നഷ്ടപ്പെട്ടുപോയ വർഷങ്ങളും ഉണ്ടെന്ന് ആരും പറയുന്നില്ല.
ഇന്ന് മത്സരപരീക്ഷകളുടെ പേരിൽ നടക്കുന്നതിൽ 90% വും തട്ടിപ്പാണ്. പ്രത്യേകിച്ച് സിവിൽ സർവീസ് പരിശീലനത്തിന്റെ പേരിൽ.

യാഥാർത്ഥ്യം എന്താണ്?
എല്ലാ വർഷവും UPSC സിവിൽ സർവീസ് പരീക്ഷ എഴുതുന്നത് ഏകദേശം 11-12 ലക്ഷം പേരാണ്. അതിൽ പ്രിലിംസ് ജയിക്കുന്നത് 10,000 പേർ. ഫൈനലായി സെലക്ഷൻ കിട്ടുന്നത് വെറും 900-1000 പേർക്ക് മാത്രം. അതായത് വിജയശതമാനം 0.1% ൽ താഴെ.
അതായത് പരീക്ഷ എഴുതുന്ന 99.9% പേരും തോൽക്കാനുള്ളതാണ്.
പക്ഷേ കോച്ചിംഗ് സെന്ററുകളുടെ പരസ്യത്തിൽ കാണുന്നതോ? “ഞങ്ങളുടെ അക്കാദമിയിൽ നിന്ന് 150 പേർക്ക് IAS കിട്ടി”. അവർ പറയാത്തത് എന്താണെന്നോ, ആ 150 പേരുടെ പിന്നിൽ ഫീസ് കൊടുത്ത് പഠിച്ച് തോറ്റ 15,000 പേരുണ്ട് എന്ന സത്യം.

ഒരു വിദ്യാർത്ഥി അനുഭവിക്കുന്ന 4 വലിയ തകർച്ചകൾ.

1. സർട്ടിഫിക്കറ്റ് ഇല്ലാത്ത 4 വർഷങ്ങൾ – ജീവിതത്തിലെ വലിയ ശൂന്യത.

ഇതാണ് ഏറ്റവും വലിയ ചതി. നിങ്ങൾ B.Tech കഴിഞ്ഞു, M.Tech കഴിഞ്ഞു, MBBS കഴിഞ്ഞു അല്ലെങ്കിൽ മറ്റേതെങ്കിലും കോഴ്സുകൾ കഴിഞ്ഞു 3 വർഷം തിരുവനന്തപുരം, ഡൽഹി, മുതലായ സ്ഥലങ്ങളിൽ പോയി സിവിൽ സർവീസിന് തയ്യാറെടുത്തു. തോറ്റു. ഇനി ഒരു ജോലിക്ക് പോകാൻ ശ്രമിക്കുമ്പോൾ അല്ലെങ്കിൽ മറ്റൊരു രാജ്യത്ത് വീണ്ടും എന്തെങ്കിലും പഠിക്കണം എന്ന് പറഞ്ഞു പോകുമ്പോൾ ഇന്റർവ്യൂവിൽ ചോദിക്കും “കഴിഞ്ഞ 3 വർഷം എന്ത് ചെയ്തു?”
നിങ്ങളുടെ കയ്യിൽ കാണിക്കാൻ ഒരു സർട്ടിഫിക്കറ്റ് ഇല്ല. ഒരു ഡിപ്ലോമ ഇല്ല, ഒരു ഡിഗ്രി ഇല്ല. നിങ്ങൾ വെറും “Unemployed” ആയി മാറും. ദീർഘകാലത്തെ ഇടവേള. Long gap. സിവിൽ സർവീസ് ഒരു കോഴ്സ് അല്ല, അതൊരു പരീക്ഷ മാത്രമാണ്. ജയിച്ചാൽ ജീവിതം മാറും, തോറ്റാൽ നിങ്ങൾ കഴിഞ്ഞ 4 വർഷം ഒന്നും ചെയ്തിട്ടില്ലാത്തവനായി കണക്കാക്കപ്പെടും.

2. സാമ്പത്തിക തകർച്ച – കുടുംബം തകരുന്നു.

ഒരു ശരാശരി കോച്ചിംഗിന് 1.5 ലക്ഷം മുതൽ 2.5 ലക്ഷം വരെ ഫീസ്. ഹോസ്റ്റൽ, ഭക്ഷണം, പുസ്തകങ്ങൾ – ഒരു വർഷം 4-5 ലക്ഷം രൂപ. 3 വർഷം എന്നാൽ 12-15 ലക്ഷം. സാധാരണക്കാരനായ ഒരു അച്ഛൻ കടം വാങ്ങി, പറമ്പ് വിറ്റ്, സ്വർണം പണയം വെച്ചാണ് മകനെ അല്ലെങ്കിൽ മകളെ IAS ആക്കാൻ അയക്കുന്നത്. അവർ തോറ്റ് തിരിച്ചു വരുമ്പോൾ കടം മാത്രം ബാക്കി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

3. മാനസിക തകർച്ച – ഡിപ്രഷൻ, ഒറ്റപ്പെടൽ

22 വയസ്സിൽ തുടങ്ങുന്ന തയ്യാറെടുപ്പ് 26, 27 വയസ്സ് വരെ നീളും. ഈ സമയത്ത് നിങ്ങളുടെ കൂടെ പഠിച്ചവർ ജോലിക്ക് കയറി, കല്യാണം കഴിഞ്ഞു, ജീവിതം മുന്നോട്ട് പോകും. നിങ്ങൾ ഒരു മുറിക്കുള്ളിൽ ലോകവുമായി ഒരു ബന്ധവുമില്ലാതെ പുസ്തകവും നോക്കി ഇരിക്കും. ഓരോ തോൽവിയും നിങ്ങളെ കൂടുതൽ ഒറ്റപ്പെടുത്തും. “ഞാൻ ഒന്നിനും കൊള്ളാത്തവനാണ്” എന്ന തോന്നൽ. ഇതിൽ നിന്ന് പലരും കടുത്ത ഡിപ്രഷനിലേക്കും ഉറക്കമില്ലായ്മയിലേക്കും, ചിലർ ആത്മഹത്യയിലേക്ക് പോലും പോകുന്നു. കൂടുതൽ പേരും കൗൺസിലിങ്ങിന് വേണ്ടി പോവുകയും ചിലർ ഡിപ്രഷൻ ഉള്ള മരുന്നുകൾ സ്ഥിരമായി കഴിക്കുകയും ചെയ്യുന്നു .ഇതിനെ കുറിച്ച് ആരും സംസാരിക്കാറില്ല.

4. തട്ടിപ്പിന്റെ രീതികൾ

ഫൗണ്ടേഷൻ കോഴ്സ് തട്ടിപ്പ്: 6th class മുതൽ തന്നെ “IAS ഫൗണ്ടേഷൻ” എന്ന് പറഞ്ഞ് കുട്ടികളെ ചേർക്കുന്നു. പഠനവും നടക്കില്ല, IAS ഉം കിട്ടില്ല. നല്ല ഒരു ഫീസ് ആ രീതിയിൽ അവർ കൊണ്ടുപോകും
ഗ്യാരണ്ടി തട്ടിപ്പ്: മെറ്റീരിയൽ പഠിച്ചാൽ പ്രിലിംസ് ഗ്യാരണ്ടി”. UPSC ഓരോ വർഷവും പാറ്റേൺ മാറ്റുന്ന പരീക്ഷയാണ്, ആർക്കും ഗ്യാരണ്ടി നൽകാൻ പറ്റില്ല എന്ന കാര്യം സാധാരണക്കാർക്ക് അറിയില്ല.
-റാങ്ക് ജേതാക്കളെ വാടകയ്ക്ക് എടുക്കൽ: ഒരു കുട്ടി 5 അക്കാദമിയിൽ പഠിച്ചിട്ടുണ്ടാകും. 5 പേരും അവന്റെ ഫോട്ടോ വെച്ച് “ഞങ്ങളുടെ വിദ്യാർത്ഥി” എന്ന് പരസ്യം ചെയ്യും.
പരിഹാരം എന്താണ്? നമ്മൾ എന്ത് ചെയ്യണം?

1. വിദ്യാർത്ഥികളോട്:

സിവിൽ സർവീസ് നിങ്ങളുടെ ജീവിതത്തിലെ ഒരു ഓപ്ഷൻ മാത്രമാക്കുക, “ഒരേയൊരു ഓപ്ഷൻ” ആക്കരുത്. ഒരു Plan B നിർബന്ധമായും വേണം. ഡിഗ്രി കഴിഞ്ഞ് നേരിട്ട് 3 വർഷം ഇതിന് വേണ്ടി മാത്രം പോകരുത്. ഒരു ജോലി ചെയ്തു കൊണ്ടോ, ഒരു PG ചെയ്തു കൊണ്ടോ, കൂടെ തയ്യാറെടുക്കുക. പരമാവധി 2-3 Attempt. അതിനു ശേഷം ധൈര്യമായി മറ്റൊരു വഴി തിരഞ്ഞെടുക്കാൻ മടിക്കരുത്. ജീവിതം IAS നെക്കാൾ വലുതാണ്.

2. മാതാപിതാക്കളോട്:

ദയവായി മക്കളെ നിർബന്ധിക്കരുത്. നിങ്ങളുടെ മോഹം തീർക്കാനുള്ള ഉപകരണമല്ല മക്കൾ. “എന്റെ മക്കൾ IAS ആണ് എന്ന് പറയാൻ വേണ്ടി അവരുടെ ചെറുപ്പം നശിപ്പിക്കരുത്. അവർക്ക് എന്താണ് താല്പര്യം എന്ന് ചോദിക്കുക. അവൻ തോറ്റാൽ “കുഴപ്പമില്ല മോനേ, നമുക്ക് വേറെ വഴി നോക്കാം” എന്ന് പറയാൻ നിങ്ങൾ ഉണ്ടാകണം.

3. സർക്കാരും സിസ്റ്റവും ചെയ്യേണ്ടത്:

സിവിൽ സർവീസ് തയ്യാറെടുപ്പിനെ ഒരു സർട്ടിഫിക്കറ്റ് കോഴ്സ് ആയി അംഗീകരിക്കണം. UPSC സിലബസിനെ അടിസ്ഥാനമാക്കി യൂണിവേഴ്സിറ്റികൾ ഒരു PG ഡിപ്ലോമ നൽകണം. അങ്ങനെയെങ്കിൽ 3 വർഷം വെറുതെ ആയില്ല എന്ന് തോന്നും.

കോച്ചിംഗ് സെന്ററുകളുടെ ഫീസിനും പരസ്യത്തിനും കർശന നിയന്ത്രണം വേണം.
എല്ലാ ജില്ലയിലും സൗജന്യവും നിലവാരമുള്ളതുമായ സർക്കാർ സിവിൽ സർവീസ് പരിശീലന കേന്ദ്രങ്ങളും, കൗൺസിലിംഗ് സെന്ററുകളും വേണം. അവസാനമായി ഒരു വാക്ക്. UPSC ജയിക്കുന്നത് അസാധാരണ ബുദ്ധിയുള്ളവർ മാത്രമല്ല, അസാധാരണ ഭാഗ്യമുള്ളവർ കൂടിയാണ്. തോൽക്കുന്നത് നിങ്ങൾ കഴിവില്ലാത്തതു കൊണ്ടല്ല, സീറ്റ് കുറവായതു കൊണ്ടാണ്. ഒരു പരീക്ഷയുടെ റിസൾട്ട് നിങ്ങളുടെ ജീവിതത്തിന്റെ റിസൾട്ട് അല്ല. ഒരു പരീക്ഷയും നിങ്ങളെക്കാൾ വലുതല്ല. തോറ്റു പോയവരേ, നിങ്ങൾ പരാജയപ്പെട്ടവരല്ല, നിങ്ങൾ ശ്രമിച്ചവരാണ്. ആ ശ്രമം തന്നെയാണ് നിങ്ങളുടെ വിജയം. ധൈര്യമായി മുന്നോട്ട് പോകൂ, ജീവിതത്തിൽ ഇനിയും ഒരുപാട് വാതിലുകൾ നിങ്ങൾക്കായി തുറന്നു കിടപ്പുണ്ട്.