കുടുംബത്തോടൊപ്പം സമയം ചെലവഴിക്കണമെന്ന് ചൂണ്ടിക്കാട്ടി മുൻ ഇന്ത്യൻ താരം കൂടിയായ രാഹുൽ ദ്രാവിഡ് ഇന്ത്യൻ പരിശീലകനാകാനുള്ള നിർദ്ദേശം തള്ളിയ സംഭവം വിവരിച്ച് ബിസിസിഐ ഭരണസമിതി അധ്യക്ഷനായിരുന്ന വിനോദ് റായ്. ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലിയുമായുള്ള അഭിപ്രായ ഭിന്നതകളുടെ പശ്ചാത്തലത്തിൽ അനിൽ കുംബ്ലെ സ്ഥാനമൊഴിഞ്ഞ സാഹചര്യത്തിലാണ് ഇന്ത്യൻ പരിശീലകനാകാൻ ദ്രാവിഡിനെ ക്ഷണിച്ചത്. എന്നാൽ, രണ്ട് ആൺമക്കൾ വളർന്നുവരുന്നുണ്ടെന്നും അവരുടെ കാര്യങ്ങൾ നോക്കണമെന്നും ചൂണ്ടിക്കാട്ടി ദ്രാവിഡ് ഭരണസമിതിയുടെ ആവശ്യം തള്ളിയതായി വിനോദ് റായ് വെളിപ്പെടുത്തി. സ്പോർട്സ്ക്രീഡ പ്രതിനിധിയുമായി ഫെയ്സ്ബുക്കിൽ നടത്തിയ ലൈവ് ചാറ്റിലാണ് ഇന്ത്യൻ പരിശീലകനാകണമെന്ന ഭരണസമിതിയുെട നിർദ്ദേശം ദ്രാവിഡ് നിരാകരിച്ചതായി വിനോദ് റായ് വെളിപ്പെടുത്തിയത്.
‘എക്കാലവും ഞങ്ങളോട് തുറന്ന മനസ്സോടെ പെരുമാറിയിരുന്ന ആളാണ് ദ്രാവിഡ്. (ഇന്ത്യൻ പരിശീലകനാകാൻ ക്ഷണിച്ചപ്പോൾ) അദ്ദേഹം ഇങ്ങനെ പ്രതികരിച്ചു. നോക്കൂ, വീട്ടിൽ രണ്ട് ആൺമക്കൾ വളർന്നുവരുന്നുണ്ട്. ഇതുവരെ ഇന്ത്യൻ ടീമിനൊപ്പം ലോകം മുഴുവൻ സഞ്ചരിക്കുകയായിരുന്നു ഞാൻ. അതുകൊണ്ടുതന്നെ അവർക്ക് ആവശ്യത്തിന് കരുതൽ നൽകാന്‍ കഴിഞ്ഞിട്ടില്ല. ഇനിയെങ്കിലും ഞാൻ വീട്ടിലുണ്ടാകണമെന്ന് ആഗ്രഹിക്കുന്നു. വീട്ടുകാർക്കായി കൂടുതൽസമയം മാറ്റിവയ്ക്കണം’ – അന്ന് പരിശീലകനാകാന്‍ ഞങ്ങളുടെയെല്ലാം മനസ്സിൽ ഉണ്ടായിരുന്ന ആദ്യ പേര് ദ്രാവിഡിന്റേതായിരുന്നു’ – വിനോദ് റായ് വെളിപ്പെടുത്തി.
ഇന്ത്യൻ പരിശീലക ജോലിയോട് താൽപര്യം കാട്ടിയില്ലെങ്കിലും ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലെ മുഖ്യ പരിശീലകനാകാൻ ദ്രാവിഡ് സമ്മതിച്ചെന്നും റായ് വ്യക്തമാക്കി. ‘ദേശീയ ക്രിക്കറ്റ് അക്കാദമി തലവനാണ് ഇപ്പോൾ ദ്രാവിഡ്. ഇക്കാര്യത്തിൽ ഞങ്ങളുടെ അപേക്ഷ അദ്ദേഹം സ്വീകരിച്ചു’ – റായി പറഞ്ഞു. നേരത്തെ, ഇന്ത്യൻ പരിശീലകനായിരുന്ന അനിൽ കുംബ്ലെയുമായി ഒത്തുപോകാനില്ലെന്ന് ക്യാപ്റ്റൻ വിരാട് കോലി നിലപാടെടുത്തതോടെയാണ് ഭരണസമിതി ദ്രാവിഡിനെ സമീപിച്ചത്. ദ്രാവിഡ് താൽപര്യക്കുറവ് അറിയിച്ചതോടെ രവി ശാസ്ത്രിക്കാണ് നറുക്കു വീണത്.
‘നോക്കൂ, മികവു പരിഗണിച്ചാൽ പരിശീലകനാകാൻ ഏറ്റവും നല്ല സാധ്യതകൾ ദ്രാവിഡ്, ശാസ്ത്രി, കുംബ്ലെ എന്നിവരായിരുന്നു. അതുകൊണ്ടാണ് ദ്രാവിഡിനോട് ഞങ്ങൾ സംസാരിച്ചത്. അന്ന് അദ്ദേഹം അണ്ടർ 19 ടീമിനൊപ്പമായിരുന്നു. അവിടെത്തന്നെ തുടരാനായിരുന്നു ദ്രാവിഡിന് താൽപര്യം. ഒരു ടീമിനെ എങ്ങനെ വളർത്തിയെടുക്കണമെന്ന കാര്യത്തിൽ അദ്ദേഹത്തിന് കൃത്യമായ രൂപമുണ്ടായിരുന്നു. വളരെ മികച്ച ഫലമുണ്ടാക്കിയ പരിശീലകനാണ് അദ്ദേഹം. ജൂനിയർ തലത്തിൽ കുറച്ചു ജോലി കൂടി ബാക്കിയുണ്ടെന്ന അദ്ദേഹത്തിന്റെ നിലപാടും അവിടെത്തന്നെ തുടരാൻ കാരണമായി. ’ – വിനോദ് റായ് പറഞ്ഞു.
Leave a Reply