ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : പുതിയ ഹൈവേ കോഡ് നിയമം പ്രകാരം മോട്ടോർവേയിൽ വാഹനമോടിക്കുമ്പോൾ മുൻപിൽ വാഹനങ്ങൾ ഇല്ലെങ്കിൽ ഇടത് ലെയ്നിൽ തന്നെ തുടരണം. മുന്നിലുള്ള വാഹനങ്ങളെ മറികടക്കുകയാണെങ്കിൽ, സുരക്ഷിതമായി കഴിഞ്ഞയുടനെ ഇടത് ലെയ്നിലേക്ക് മാറണമെന്നും നിയമത്തിൽ പറയുന്നു. ഹൈവേ കോഡിലെ റൂൾ 264 ലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. പല ലെയ്നുകളിലൂടെ വാഹനമോടിക്കുന്നത് അപകടസാധ്യത വർധിപ്പിക്കുന്നുണ്ട്. നിയമങ്ങളെയും പിഴകളെയും കുറിച്ച് ഡ്രൈവർമാരിൽ അവബോധം സൃഷ്ടിക്കണമെന്നും അത് റോഡ് സുരക്ഷയിൽ പ്രധാനമാണെന്നും ഡയറക്റ്റ് ലൈനിലെ കാർ ഇൻഷുറൻസ് ഡയറക്ടർ റോബ് മൈൽസ് പറഞ്ഞു.

ഹൈവേ കോഡിലെ മാറ്റങ്ങൾ അനുസരിക്കുക എന്നത് ഒരു ഡ്രൈവറുടെ ഉത്തരവാദിത്തമാണ്. നിയമം തെറ്റിച്ചാൽ നൂറ് പൗണ്ട് പിഴയും ലൈസൻസിൽ മൂന്ന് പോയിന്റുകളും ലഭിക്കും. ഹൈവേ കോഡിൽ അടുത്തിടെ പല സുപ്രധാന മാറ്റങ്ങളും വന്നിരുന്നു.

അടിയന്തര ഘട്ടത്തിലോ പോലീസ് നിർദ്ദേശിക്കുകയോ ചെയ്യാതെ ഹാർഡ് ഷോൾഡർ ഉപയോഗിക്കരുത്, മോട്ടോർ വേയുടെ ഒരു ഭാഗത്തും വാഹനം നിർത്തുകയോ വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുകയോ ചെയ്യരുത്, പോലീസ് നിർദ്ദേശമില്ലാരുന്ന മോട്ടോർ വേയുടെ ഒരു ഭാഗത്തും നിങ്ങൾ വാഹനം പുറകോട്ട് എടുക്കരുത്, അപകടമോ മറ്റെന്തെങ്കിലും സംഭവങ്ങളോ മറികടന്നു നിങ്ങൾ വാഹനമോടിക്കുമ്പോൾ ശ്രദ്ധ അങ്ങോട്ട് മാറാതെ റോഡിൽ തന്നെ ശ്രദ്ധിക്കുക, നിങ്ങളുടെ വാഹനം മൂലം മറ്റൊരാൾക്കോ മൃഗങ്ങൾക്കോ പരിക്കേൽക്കുകയോ അല്ലെങ്കിൽ മറ്റ് വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയോ ചെയ്തിട്ടുണ്ടെങ്കിൽ നിങ്ങൾ വാഹനം സുരക്ഷിതമായ സ്ഥലത്ത് നിർത്തണം എന്നീ സുപ്രധാന നിയമങ്ങൾ ഹൈവേ കോഡിൽ ഉൾപ്പെടുന്നു.