ന്യൂസ് ഡെസ്ക്, മലയാളം യുകെ

വാഹനമോടിക്കുമ്പോൾ പാലിക്കേണ്ട സുരക്ഷാ കാര്യങ്ങളിൽ വൻ നിഷ്കർഷയുള്ള രാജ്യമാണ് യു കെ . കർശനമായ നിയമങ്ങളാണ് ഡ്രൈവർമാരുടെ മൊബൈൽ ഉപയോഗത്തിനെ കുറിച്ച് പറയുന്നത്. ഏതെങ്കിലും രീതിയിലുള്ള വിവര കൈമാറ്റത്തിന് (ഡേറ്റാ ) ഫോണോ അതുമല്ലെങ്കിൽ മറ്റ് ഏതെങ്കിലും ഉപകരണമോ ഡ്രൈവർമാർ ഉപയോഗിച്ചാൽ 6 പെനാൽറ്റി പോയിന്റും 200 പൗണ്ട് പിഴയുമാണ് നിയമത്തിൽ അനുശാസിക്കുന്നത്. ഇത്തരം സംഭവങ്ങളിലൂടെ ഉണ്ടാകുന്ന അപകടങ്ങൾ വളരെ ഗൗരവത്തിലായിട്ടാണ് കോടതി പരിഗണിക്കുന്നത്. പല കേസുകളിലും ഡ്രൈവർമാരുടെ ലൈസൻസ് റദ്ദാക്കാനുള്ള സാധ്യതയും നിലവിലുണ്ട്.


ഡ്രൈവർ ഓടിക്കൊണ്ടിരുന്ന വാഹനത്തിൽ സെൽഫി എടുക്കുകയും മൊബൈൽ ഫോട്ടോ പരിശോധിക്കുന്നതിനുമിടയിൽ അപകടം സംഭവിച്ച് ഒരാൾ കൊല്ലപ്പെട്ട സംഭവത്തിൽ മൂന്ന് വർഷവും 9 മാസവും ജയിൽ ശിക്ഷയാണ് കോടതി വിധിച്ചിരിക്കുന്നത്. 2021-ൽ നോർ ഫോക്കിൽ വച്ചാണ് അപകടം നടന്നത്. 23 വയസ്സുകാരിയായ ആംബർ പോട്ടർ ഓടിച്ച വാഹനമിടിച്ചാണ് സ്കൂട്ടർ യാത്രക്കാരനായ ഡേവിഡ് സിനാറി കൊല്ലപ്പെട്ടത്.


64കാരനായ ഡേവിഡ് സിനാറി അന്ന് വാങ്ങിയ സ്കൂട്ടറിൽ ബോൺ മൗത്തിൽ നിന്ന് മടങ്ങുകയായിരുന്നു. സംഭവത്തിന് തൊട്ടു മുൻപ് സോമർസെറ്റിലെ ഗ്ലാസ്റ്റൺബറിയിൽ നിന്നുള്ള യാത്രയ്ക്കിടെ ആംബർ പോട്ടർ സെൽഫികൾ എടുക്കുകയും ഫേസ്ബുക്ക് മെസഞ്ചറിൽ ചാറ്റ് ചെയ്യുകയും ടെക്‌സ്‌റ്റുകളും ഓഡിയോ ക്ലിപ്പുകളും അയച്ചതായും പോട്ടറിൻ്റെ ഫോണിൻ്റെ ഫോറൻസിക് വിശകലനത്തിൽ കണ്ടെത്തിയിരുന്നു. 45 മാസത്തേക്ക് വാഹനം ഓടിക്കുന്നതിൽ നിന്നും അവൾക്ക് വിലക്കും കോടതി നൽകിയിട്ടുണ്ട്. തൻറെ സൈക്കിൾ സവാരിയിലൂടെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ആയിരങ്ങൾ സ്വരൂപിച്ചിരുന്ന വ്യക്തിയായിരുന്നു മരണമടഞ്ഞ ഡേവിഡ് സിനാർ.