ലണ്ടന്‍: ഹീത്രൂ വിമാനത്താവളത്തില്‍ വന്‍ സുരക്ഷാ വീഴ്ച. മൂന്ന് വിമാനങ്ങള്‍ക്ക് ഡ്രോണുകള്‍ ഭീഷണിയായെന്നാണ് എയര്‍ സേഫ്റ്റി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. വിമാനത്താവളത്തില്‍ ഇറങ്ങുകയായിരുന്ന വിമാനത്തിന്റെ 20 മീറ്റര്‍ അടുത്തു പോലും ഡ്രോണ്‍ എത്തിയെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. തലനാരിഴക്ക് രക്ഷപ്പെടുന്ന അപകടങ്ങളെ വിശേഷിപ്പിക്കുന്ന കാറ്റഗറി എയില്‍ പെടുത്തിയാണ് ഈ സംഭവങ്ങളെ പൈലറ്റുമാര്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സമീപകാല അനുഭവങ്ങളില്‍ ഡ്രോണുകള്‍ വിമാനങ്ങള്‍ക്കരികില്‍ എത്തുന്ന സംഭവങ്ങള്‍ വര്‍ദ്ധിച്ചു വരികയാണ്.
2016 ഒക്ടോബറില്‍ ഹീത്രൂവില്‍ ഇറങ്ങാനെത്തിയ വിമാനത്തിന്റെ 20 മീറ്റര്‍ അടുത്ത് ഡ്രോണ്‍ എത്തിയതായാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. വിമാനത്തിന്റെ ചിറകിന് തൊട്ടടുത്ത് ഇത് എത്തിയെന്നും പൈലറ്റിന് ഒന്നും ചെയ്യാന്‍ കഴിയാത്ത് ദൂരത്തിലാണ് ഇത് എത്തിയതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. മാര്‍ക്കറ്റില്‍ ലഭിക്കുന്ന വിധത്തിലുള്ള ഡ്രോണ്‍ ആയിരുന്നില്ല ഇതെന്നും ആരെങ്കിലും സ്വയം നിര്‍മിച്ചതാകാനാണ് വഴിയെന്നും സംഭവത്തേക്കുറിച്ച് അന്വേഷിച്ച വിദഗ്ദ്ധര്‍ പറയുന്നു.
ഹീത്രൂവില്‍ നിന്ന് പറന്നുയരുകയായിരുന്ന വിമാനത്തിനു മുകളിലാണ് മറ്റൊരു പൈലറ്റ് ഡ്രോണ്‍ പറക്കുന്നത് കണ്ടത്. ചുവന്ന നിറത്തിലുള്ള ഇത് ഏകദേശം 1000 മീറ്റര്‍ മുകളില്‍ വിമാനത്തിന്റെ വലതു ചിറകിന് 50 മീറ്റര്‍ മാത്രം അടുത്തായാണ് പ്രത്യക്ഷപ്പെട്ടത്. ഒരു കൂട്ടിയിടി വന്‍ ദുരന്തത്തിലേക്ക് നയിക്കാമായിരുന്ന സംഭവമാണ് ഒഴിവായതെന്ന് അന്വേഷകര്‍ പറയുന്നു. എ 320 വിമാനങ്ങളാണ് ഈ രണ്ട് സംഭവങ്ങളിലും ഡ്രോണുകള്‍ക്ക് നേര്‍ക്കു നേര്‍ വന്നത്. ഇവ രണ്ടുമാണ് കാറ്റഗറി എയില്‍ പൈലറ്റുമാര്‍ റിപ്പോര്‍ട്ട് ചെയ്തത്.
മൂന്നാമത്തെ സംഭവം കുറച്ചുകൂടി അതിശയിപ്പിക്കുന്നതായിരുന്നു. കാറ്റഗറി ബിയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഇത് പൈലറ്റുമാര്‍ക്ക് ഇപ്പോഴും അദ്ഭുതമാണ്. 10,000 അടി ഉയരത്തില്‍ ഒരു ഡ്രോണ്‍ പറക്കുക എന്നത് വിശ്വസിക്കാനാവുന്നില്ലെന്നാണ് പൈലറ്റ് പറയുന്നത്. വിമാനത്താവളങ്ങളിലും അരികിലും ഡ്രോണുകള്‍ക്ക് അനുമതിയോടെ പറക്കാനാവുന്നത് 120 അടി ഉയരത്തില്‍ മാത്രമാണ്. അതിലും ഉയരത്തിലാണ് വലിപ്പമേറിയ ഒരു ഡ്രോണ്‍ വിമാനത്തിന് 60 മീറ്റര്‍ അരികില്‍ എത്തിയത്. അപകട സാധ്യത വിരളമാണെങ്കിലും ഇത്രയും അടുത്ത് ഡ്രോണുകള്‍ എത്തുന്നത് അത്ര ആശ്വാസകരമല്ലെന്നാണ് വ്യോമയാന വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.