സ്വന്തം ലേഖകൻ
ലണ്ടൻ : തായ്‌ലൻഡിലെ ജയിലിൽ നിന്നും യുകെയിലേക്ക് കൈമാറ്റം ചെയ്യപ്പെട്ട വ്യക്തിക്ക് കൊറോണ വൈറസ് ബാധയെന്ന് സംശയം. മയക്കുമരുന്ന് കേസിന് തായ്‌ലൻഡിൽ ശിക്ഷിക്കപ്പെട്ട മാർക്ക് ജോൺ റംബിൾ എന്ന 31കാരൻ ജനുവരി 27നാണ് യുകെ ജയിലിൽ എത്തിയത്. ഈ സമയത്തായിരുന്നു കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടത്. തുടർന്ന് രോഗലക്ഷണങ്ങൾ കണ്ടതിനെത്തുടർന്നാണ് അദ്ദേഹത്തിന് വൈറസ് ബാധ സംശയിക്കുന്നത്. അദ്ദേഹത്തെ ഓക്സ്ഫോർഡ്ഷയറിലെ എച്ച്എംപി ബുള്ളിംഗ്ഡണിലേക്ക് കൊണ്ടുപോയി. രോഗഭീതി പടർന്നതിനെ തുടർന്ന് ജയിലിലെ തടവുകാരെല്ലാം പരിഭ്രാന്തരായിരിക്കുകയാണ്. ബിസെസ്റ്റർ ജയിലിലെ തടവുകാരെ ഇപ്പോൾ അവരുടെ സെല്ലുകളിൽ തന്നെ പാർപ്പിച്ചിരിക്കുകയാണ്.

ജയിലിൽ ആകെ 1,114 തടവുകാരാണ് ഉള്ളത്. റംബിളിനോടൊപ്പം സെല്ലിൽ താമസിച്ച വ്യക്തിയെയും പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്. ഓക്‌സ്‌ഫോർഡ്ഷയർ വാലിംഗ്‌ഫോർഡ് സ്വദേശി റംബിൾ കഴിഞ്ഞ നവംബറിൽ തായ്‌ലൻഡിലെ പട്ടായയിൽ മയക്കുമരുന്ന് കുറ്റകൃത്യത്തിന്റെ പേരിൽ അറസ്റ്റിലായിരുന്നു. തുടർന്നാണ് ഭീതി പടർത്തി ഈ സംഭവങ്ങൾ അരങ്ങേറുന്നത്. അതുപോലെതന്നെ രണ്ട് മെഡിക്കൽ ഡോക്ടർമാർക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. അവർ ചികിത്സിച്ച 12 രോഗികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതർ. ആ രണ്ട് ഡോക്ടർമാരും ഇപ്പോൾ ഐസൊലേഷനിലാണ്. അതോടൊപ്പം രോഗം ബാധിച്ചിരുന്ന 53 കാരനായ സ്റ്റീവ് വാൽഷ് പൂർണമായി സുഖം പ്രാപിച്ചശേഷം ആശുപത്രി വിട്ടു. ആരോഗ്യവകുപ്പിന്റെ കണക്കനുസരിച്ച് യുകെയിൽ കൊറോണ വൈറസിനായി 1,358 പേരെ പരിശോധിച്ചു. ഇതിൽ 1,350 പേർ നെഗറ്റീവ് ആണെന്നും എട്ട് പേർ പോസിറ്റീവ് ആണെന്നും കണ്ടെത്തി. കൊറോണ വൈറസ് മൂലമുണ്ടാകുന്ന രോഗത്തിന്റെ ഔദ്യോഗിക നാമം കോവിഡ് -19 എന്നാണ് ലോകാരോഗ്യ സംഘടന ചൊവ്വാഴ്ച പറഞ്ഞത്. വൈറസിന്റെ പുതിയ കേസുകൾ ഇനിയും ഉയരുമെന്ന് ലണ്ടനിലെ ഇംപീരിയൽ കോളേജിലെ പകർച്ചവ്യാധി വിദഗ്ധനായ പ്രൊഫ. നീൽ ഫെർഗൂസൺ ബിബിസിയോട് പറഞ്ഞു.

ഉയർന്ന താപനിലയിലുള്ള പനി, ചുമ, ശ്വാസതടസ്സം, ശ്വസന ബുദ്ധിമുട്ടുകൾ എന്നിവയാണ് അണുബാധയുടെ പ്രധാന ലക്ഷണങ്ങൾ. സോപ്പ് അല്ലെങ്കിൽ ജെൽ ഉപയോഗിച്ച് പതിവായി കൈ കഴുകുക, അസുഖമുള്ളവരുമായി അടുത്ത ബന്ധം ഒഴിവാക്കുക, കഴുകാത്ത കൈകൾ ഉപയോഗിച്ച് നിങ്ങളുടെ കണ്ണുകൾ, മൂക്ക്, വായ എന്നിവ തൊടാതിരിക്കുക തുടങ്ങിയ നടപടികളിലൂടെ അണുബാധ ഏൽക്കാനുള്ള സാധ്യത ഇല്ലാതാക്കാൻ കഴിയും.
	
		

      
      



              
              
              




            
Leave a Reply