ദൈവസ്നേഹത്തിന്റെ ആഘോഷമാണ് ക്രിസ്മസ്. “… തന്റെ ഏകജാതനെ നല്‍കാന്‍ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്നേഹിച്ചു.” (യോഹന്നാന്‍ 3:16) ഇതില്‍ കൂടുതല്‍ സ്നേഹിക്കാന്‍ എങ്ങനെയാണ് പറ്റുന്നത്. ദൈവം തനിക്ക് ഏറ്റം പ്രിയപ്പെട്ടതിനെ, ഏറ്റം പ്രിയപ്പെട്ടവനെ നമുക്കുവേണ്ടി നല്‍കിയ ദിനമാണ് ക്രിസ്മസ്. അതുകൊണ്ടാണ് ഇത് ദൈവസ്നേഹത്തിന്റെ ആഘോഷമായി മാറുന്നത്.

സ്നേഹത്തിന്റെ ഫലമായ ഈ ദാനത്തിനു പിന്നില്‍ ദൈവത്തിന്റെ ഒരു വലിയ പദ്ധതിയുണ്ട്. അത് നമ്മുടെ ക്ഷേമത്തിനുള്ള പദ്ധതിയാണ് (ജറമിയ 29:11), പ്രവൃത്തിമൂലം തന്നില്‍ നിന്ന്‍ അകന്നുപോയ നമ്മെ വീണ്ടും തന്നിലേക്ക് അടുപ്പിക്കാന്‍, തന്റെ സ്വന്തമാക്കി മാറ്റാന്‍, ദൈവമകനായി/ദൈവമകളായിതീര്‍ക്കാന്‍ ഉള്ള പദ്ധതി. “കണ്ടാലും! എത്ര വലിയ സ്നേഹമാണ് പിതാവു നമ്മോടു കാണിച്ചത്. ദൈവമക്കള്‍ എന്ന്‍ നാം വിളിക്കപ്പെടുന്നു; നാം അങ്ങനെയാനുതാനും” (1 യോഹന്നാന്‍ 3:1).

ഈശോ തന്റെ പരസ്യജീവിത കാലത്ത് പ്രഘോഷിച്ചതൊക്കെയും അപ്പന്റെ ഈ സ്നേഹത്തെക്കുറിച്ചാണ്. ഉപേക്ഷിച്ചുപോയ മകനെക്കാത്ത് വഴിക്കണ്ണുമായി കാത്തിരിക്കുന്ന അപ്പന്‍ ഈ സ്നേഹത്തിന്റെ പ്രതീകമല്ലേ? നഷ്ടപ്പെട്ടുപോയ ഒരൊറ്റ ആടിനെയും തേടി കുന്നും മലയും കയറി ഇറങ്ങുന്ന ഇടയന്‍ ഈ സ്നേഹത്തിന്റെ അടയാളമല്ലേ? തേടി നടക്കുന്ന ജനത്തെക്കണ്ട് അനുകമ്പതോന്നുന്ന അവര്‍ക്ക് അപ്പം വര്‍ദ്ധിപ്പിച്ചു വിളമ്പിക്കൊടുത്ത് വിശപ്പകറ്റുന്ന ഗുരു കാണിച്ചത് സ്നേഹത്തിന്റെ മാതൃകയല്ലേ? ഒടുവില്‍ കുരിശില്‍ സ്വയം നൽകിക്കൊണ്ട് സ്നേഹത്തിന് ഇതിനപ്പുറം ഒരു അര്‍ഥം ഇല്ലാ എന്ന് അവന്‍ കാണിച്ചു തന്നു.
ഇങ്ങനെ സ്വീകരിക്കാന്‍ ഉള്ളത് എന്നതിനേക്കാള്‍ നല്‍കാനുള്ളതാണ് സ്നേഹം എന്ന് ദൈവം നമ്മെ പഠിപ്പിച്ചു തുടങ്ങിയ ദിവസമാണ് ക്രിസ്മസ്.

തന്റെ ഏക പുത്രനെ നമുക്ക് നല്‍കിക്കൊണ്ട് സ്നേഹിച്ച ദൈവത്തിന്റെ സ്നേഹത്തെ ഈ ക്രിസ്മസ് നാളുകളില്‍ നമുക്ക് ആഘോഷിക്കാം. കുടുംബത്തില്‍, ജോലിസ്ഥലങ്ങളില്‍, പൊതുഇടങ്ങളില്‍ ഒക്കെ നാം കണ്ടുമുട്ടുന്നവര്‍ക്ക് സ്നേഹം കൊടുക്കുന്നവരായി നമുക്ക് മാറാം. മറ്റുള്ളവര്‍ക്ക് നാം ചെയ്യുന്ന ഓരോ ചെറിയ നന്മയും ഈ ദൈവസ്നേഹത്തിലുള്ള നമ്മുടെ പങ്കുചേരലാണ്. അതുകൊണ്ട് ക്രിസ്മസ്ന്റെ 25 ദിനങ്ങളെ നന്മപ്രവര്‍ത്തികള്‍ കൊണ്ട് സമ്പന്നമാക്കാന്‍ അങ്ങനെ ഇത് ദൈവസ്നേഹത്തിന്റെ ഉത്സവമാക്കി മാറ്റാന്‍ ഇടയാകട്ടെ.
എല്ലാവര്‍ക്കും ക്രിസ്മസ് ആശംസകള്‍.

 

ഫാ. സ്കറിയ പറപ്പള്ളിൽ

വികാരി, സെന്റ് ആന്റണീസ് ചർച്ച്, തിരുവല്ല,മുത്തൂർ

 

 

 

 

ചിത്രീകരണം : അനുജ കെ, മലയാളം യുകെ ന്യൂസ് ടീം