മദ്യലഹരിയിൽ യുവതി ഓടിച്ച കാർ ഇടിച്ച് സ്‌കൂട്ടർ യാത്രികർക്ക് പരിക്ക്. മൂഴിക്കര സ്വദേശികളായ ദമ്പതികൾ സഞ്ചരിച്ച സ്‌കൂട്ടറിലാണ് യുവതിയുടെ കാറിടിച്ചത്. കാറിടിച്ച് നിയന്ത്രണം വിട്ട സ്‌കൂട്ടർ മറിഞ്ഞ് ദമ്പതികൾക്കും സ്‌കൂട്ടറിലുണ്ടായിരുന്ന കുട്ടിക്കും പരിക്കേറ്റു. ബുധനാഴ്ച വൈകുന്നേരം 5.30 ഓടെയായിരുന്നു അപകടം നടന്നത്.
വടക്കുമ്പാട് കൂളിബസാറിലെ 29കാരിയായ റസീനയാണ് മദ്യ ലഹരിയിൽ കാറോടിച്ച് അപകടമുണ്ടാക്കിയത്. അപകടം നടന്നയുടനെ നാട്ടുകാർ സ്ഥലത്തെത്തിയതോടെ യുവതി കാറിൽ നിന്നിറങ്ങി അക്രമാസക്തയായി. മദ്യപിച്ചത് വാഹനമോടിച്ചത് ചോദ്യം ചെയ്ത ബൈക്ക് യാത്രക്കാരനായ പാനൂർ സ്വദേശിയുടെ മൊബൈൽ ഫോൺ യുവതി എറിഞ്ഞുടച്ചു. പരിസരത്ത് ഓടി വന്ന മറ്റു ചിലരേയും യുവതി കൈയ്യേറ്റം ചെയ്തു.
കൂടുതൽ പരാക്രമം കാണിച്ചതോടെയാണ് നാട്ടുകാർ പോലീസിനെ വിവരം അറിയിച്ചത്.ശേഷം, യുവതിയെ കസ്റ്റഡിയിലെടുത്തു. വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കിയ യുവതി മദ്യപിച്ചതായി തെളിഞ്ഞിട്ടുണ്ടെന്ന് പന്തക്കൽ പൊലീസ് പറഞ്ഞു. യുവതി ഓടിച്ചു വന്ന ബലേറൊ കാറും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തിൽ, യുവതിയുടെ പേരിൽ പന്തക്കൽ പൊലീസ് കേസെടുത്തിട്ടുണ്ട്.
Leave a Reply